26 Dec 2024 11:00 AM GMT
Summary
- പല കോര്‍പ്പറേറ്റുകളും ടെക്നോളജികളിലേക്ക് എഐയെ സമന്വയിപ്പിക്കുന്നു
- ഇത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു
- 6ജിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉണ്ടായത് 470 ഗവേഷണങ്ങള്‍
ഇന്ത്യയിലെ ടെലികോം മേഖലയുടെ പ്രധാന വളര്‍ച്ചാ ഏരിയ എ.ഐ, 6ജി എന്നിവയെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ മറ്റ് ടെലികോം കമ്പനികള്‍ എഐ, 6ജി എന്നിവയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇതെന്ന് സിഒഎഐ പറയുന്നു.
ഇന്ത്യയിലുടനീളമുള്ള പല കോര്‍പ്പറേറ്റുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഇതിനകം തന്നെ തങ്ങളുടെ ടെക്നോളജികളിലേക്ക് എഐയെ സമന്വയിപ്പിക്കുന്നുണ്ട്. 6ജി അവതരിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ ലോകം. ഈ ആവശേകരമായ മുന്നേറ്റത്തില്‍ ടെക്നോളജി ലോകത്തെ നയിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.
ഭാരത് 6ജി വിഷന്‍ പോലെയുള്ള തുടര്‍ച്ചയായ ശ്രമങ്ങളിലൂടെ, 6ജി പേറ്റന്റുകളുടെ 10% ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
6ജിയുമായി ബന്ധപ്പെട്ട 470 ഗവേഷണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നും സി.ഒ.എ.ഐ ഡയറക്ടര്‍ ജനറല്‍ ഡോ.എസ്.പി. കൊച്ചാര്‍ പറഞ്ഞു. രാജ്യത്ത് ടെലികോം മേഖലയ്ക്ക് വളരാന്‍ നിരവധി സാധ്യതകള്‍ തുറന്നുകിടക്കുന്നതിനൊപ്പം തന്നെ വെല്ലുവിളികളും ഏറെയുണ്ട്. ട്രായി പുതുതായി നിര്‍ദ്ദേശിച്ച ക്വാളിറ്റി ഓഫ് സര്‍വീസ് മാനദണ്ഡങ്ങള്‍ അപ്രായോഗികവും അമിതഭാരവുമായാണ് ടെലികോം കമ്പനികള്‍ കാണുന്നത് എന്നും സിഒഎഐ പറഞ്ഞു.