14 July 2023 10:27 AM
Summary
- ടിഎസ്എംസി ലോകത്തിലെ തന്നെ മികച്ച ചിപ്പ് നിര്‍മ്മാതാക്കളില്‍ ഒന്നാണ്
- പങ്കാളിത്തതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും
- ഈ സംരംഭം രാജ്യത്ത് അതിനൂതന ചിപ്പുകള്‍ നിര്‍മ്മിക്കും
ഇന്ത്യയില്‍ അര്‍ദ്ധചാലക ഫാബ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിനും സാങ്കേതിക പങ്കാളിത്തത്തിനും വേണ്ടി ഫോക്സ്‌കോണ്‍ തായ്വാനിലെ ചിപ്പ് നിര്‍മ്മാണ ഭീമനായ തായ്വാന്‍ സെമികണ്ടക്റ്റര്‍ മാനുഫാക്ചറിംഗ് കമ്പനിയുമായും (ടിഎസ്എംസി) ജപ്പാനിലെ ടിഎംഎച്ച് ഗ്രൂപ്പുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്.
ഫോക്സ്‌കോണും വേദാന്ത ഗ്രൂപ്പും അവരുടെ ചിപ്പ് സംയുക്ത സംരംഭം അവസാനിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്.
ടിഎസ്എംസി ലോകത്തിലെ തന്നെ മികച്ച ചിപ്പ് നിര്‍മ്മാതാക്കളില്‍ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ടിഎംഎച്ച് ഗ്രൂപ്പ് അര്‍ദ്ധചാലകങ്ങള്‍ സംബന്ധിച്ച പരിഹാരങ്ങളും നിര്‍മ്മാണ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും ഉറപ്പാക്കുന്നു.
മേല്‍പ്പറഞ്ഞ കമ്പനികളുടെ കുറച്ചുകാലമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഫോക്‌സ്‌കോണ്‍ പറയുന്നു. പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനികള്‍ ഇന്ത്യയില്‍ അതിനൂതന ചിപ്പുകള്‍ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വേദാന്തയുമായും ഫോക്‌സ്‌കോണുമായുമായുള്ള സംയുക്ത പദ്ധതി സാങ്കേതിക പങ്കാളിയെ ലഭിക്കാത്തതുകാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് രണ്ട് കമ്പനികളും അവരുടേതായ രീതിയില്‍ സാങ്കേതിക പങ്കാളികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
നേരത്തെ ഫോക്സ്‌കോണ്‍ യൂറോപ്പിലെ എസ്ടിമൈക്രോയുമായും യുഎസിലെ ഗ്ലോബല്‍ ഫൗണ്ടറീസുമായും ഒരു സാങ്കേതിക പങ്കാളിത്തത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന് ഈ രണ്ട് കമ്പനികളുമായും കരാര്‍ ഒപ്പിടാന്‍ കഴിയും എന്നും വാര്‍ത്തകളുണ്ട്.
ഫോക്സ്‌കോണ്‍ എന്നറിയപ്പെടുന്ന ഹോണ്‍ ഹായ് ടെക്നോളജി ഗ്രൂപ്പും അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പും 2022 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ചിപ്പുകളും ഡിസ്പ്ലേ പാനലുകളും നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചത്. ഇത് ഇന്ത്യ അര്‍ദ്ധചാലക മിഷനില്‍ (ഐഎസ്എം) ആദ്യകാല പങ്കാളികളില്‍ ഒരാളായി മാറി.
തന്ത്രപരമായ വ്യവസായത്തില്‍ ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതിനുള്ള കേന്ദ്രപദ്ധതിയുടെ മൂലക്കല്ലായി ഇത് വിഭാവനം ചെയ്യപ്പെട്ടു.
2021 ഡിസംബറില്‍, രാജ്യത്ത് ചിപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കമ്പനികള്‍ക്ക് മൂലധനച്ചെലവിന്റെ 50 ശതമാനം സബ്സിഡി നല്‍കുന്നതിന് 10 ബില്യണ്‍ ഡോളറിന്റെ അര്‍ദ്ധചാലക പ്രോത്സാഹന പരിപാടിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.