28 April 2023 9:15 AM
Summary
- അതേസമയം വര്‍ഷം തോറും 13.2 ശതമാനത്തിന്റെ വര്‍ധന വരുമാനത്തില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ടെക്ക് മഹീന്ദ്രയ്ക്ക് കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 25.8 ശതമാനം ഇടിവ്. മുന്‍വര്‍ഷം 1545 കോടി രൂപയായിരുന്നത് ഇതോടെ 1118 രൂപയിലേയ്ക്ക് ചുരുങ്ങി. പാദാടിസ്ഥാനത്തില്‍ വരുമാനം 0.1 ശതമാനത്തിന്റെ ഇടിവോടെ 13718.2 കോടി രൂപയിലെത്തി. അതേസമയം വര്‍ഷം തോറും 13.2 ശതമാനത്തിന്റെ വര്‍ധന വരുമാനത്തില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ കമ്പനിയുടെ വരുമാനം 19.4 ശതമാനം വര്‍ധിച്ച് 53,290 കോടി രൂപയായി. എന്നാല്‍ നികുതിക്കു ശേഷമുള്ള ലാഭം 13.2 ശതമാനം കുറഞ്ഞ് 4,832 കോടി രൂപയായി.
പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോള്‍, പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ബിസിനസ്സുകള്‍ സജീവമായി തുടരേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നുണ്ടെന്ന് എംഡിയും സിഇഒയുമായ സി.പി. ഗുര്‍നാനി പറഞ്ഞു. പല വെല്ലുവിളികള്‍ക്കിടയിലും വിപണി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഉപഭോക്താക്കളെ മത്സരാധിഷ്ഠിതവും ഉചിതവുമായി ഉത്പന്നം തിരഞ്ഞെടുക്കുന്നതില്‍ സഹായിക്കാന്‍ ശ്രദ്ധ ചെലുത്തുകയാണ് കമ്പനി ചെയ്യുന്നതെന്ന് ഗുര്‍നാനി അഭിപ്രായപ്പെട്ടു.
അതേസമയം ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്‍, പണവും മൂല്യനിര്‍മ്മാണവും എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ടെക്ക് മഹാന്ദ്രയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രോഹിത് ആനന്ദ് പറഞ്ഞു.
കമ്പനി ബോര്‍ഡ് ഓഹരിയൊന്നിന് 32 രൂപ എന്ന അന്തിമ ലാഭവിഹിതം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ലാഭവിഹിതം ഓഹരി ഒന്നിന് 50 രൂപ ആയി.