28 Oct 2023 10:58 AM IST
Summary
- തമിഴ്‌നാട്ടില്‍ വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി ലഭ്യമാണ്
- തമിഴ്നാട് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് ജനുവരിയില്‍
- 2030ഓടെ ഒരു ലക്ഷംകോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുക ലക്ഷ്യം
ഉയര്‍ന്ന വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി തമിഴ്‌നാട്ടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പ്രധാന കാരണമാണെന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി ആര്‍ ബി രാജ പറഞ്ഞു. മുംബൈയിലെ നിക്ഷേപ കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ പുരോഗമന നയങ്ങളില്‍ വേരൂന്നിയ ഒരു ഭരണ ചട്ടക്കൂട് വളരെ പ്രധാനമാണ്.
മുംബൈ ഇന്‍വെസ്റ്റ്മെന്റ് കോണ്‍ക്ലേവില്‍, സാമ്പത്തിക വളര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ വിജയഗാഥയെക്കുറിച്ച് രാജ സംസാരിച്ചു. കാര്യക്ഷമമായ നേതൃത്വവും മികച്ച ഭരണവുമാണ് ഇതിന് കാരണമായതെന്നും, ആഗോള കോര്‍പ്പറേഷനുകളും നിക്ഷേപകരും സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'തമിഴ്നാട്ടിലെ നിക്ഷേപം ശക്തമായ വളര്‍ച്ചയാണ് ഉറപ്പുനല്‍കുന്നത്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള മാനവവിഭവശേഷിയും പുരോഗമന നയങ്ങളില്‍ വേരൂന്നിയ ഒരു ഭരണ ചട്ടക്കൂടും ഈ സംസ്ഥാനത്തിനുണ്ട്, ഉള്‍പ്പെടുത്തല്‍, സുസ്ഥിരത എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്നു,' രാജ പറഞ്ഞു. തമിഴ്നാട്ടിലെ അസാധാരണമായ വ്യാവസായിക വളര്‍ച്ചയും വൈവിധ്യവും അദ്ദേഹം എടുത്തു പറഞ്ഞു.
'സംസ്ഥാനത്തിന്റെ വളര്‍ച്ചാ മാതൃക എല്ലാ മേഖലകളിലും പ്രദേശങ്ങളിലുമുള്ള ഏകീകൃത വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാമ്പത്തിക പുരോഗതിയുടെ നേട്ടങ്ങള്‍ എല്ലാ പൗരന്മാരെയും സ്പര്‍ശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. നയം അടിസ്ഥാനമാക്കിയുള്ള ഭരണത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' രാജ പറഞ്ഞു.
നീതി ആയോഗിന്റെ എക്‌സ്‌പോര്‍ട്ട് പ്രിപ്പയേര്‍ഡ്‌നെസ് സൂചികയില്‍ 2022-ല്‍ തമിഴ്നാട് ഒന്നാം സ്ഥാനത്തെത്തി. സെന്‍റ് -ഗോബെയ്ന്‍, ഒമ്റോണ്‍, ഫോക്സ്‌കോണ്‍, ആമസോണ്‍, കോഹറന്റ്, ഹിറ്റാച്ചി എനര്‍ജി തുടങ്ങിയ മുന്‍നിര കമ്പനികള്‍ തമിഴ്‌നാട്ടിലെത്തിയതോടെ ആഗോള ശ്രദ്ധ ഇവിടേക്ക് കൂടുതലായി തിരിഞ്ഞു. മറ്റു പലരും വിവിധ മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നു.
ഓട്ടോമൊബൈല്‍, ഇലക്ട്രിക് വാഹനങ്ങള്‍, ആഗോള ശേഷി കേന്ദ്രങ്ങള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ തമിഴ്‌നാട് മുന്നിട്ടു നില്‍ക്കുന്നു. 2030-ഓടെ ഒരു ലക്ഷംകോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.
ഇതിന്‍റെ ഭാഗമായി അടുത്ത ജനുവരി ഏഴ്, എട്ട് തീയതികളില്‍ തമിഴ്നാട് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ ശക്തിയും വളര്‍ച്ചാ സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുയോജ്യമായ പ്ലാറ്റ്ഫോമായി വിലയിരുത്തപ്പെടുന്നു. മൂലധന-ഇന്റന്‍സീവ് നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാനം ബഹുമുഖ സമീപനം പിന്തുടരുന്നുണ്ട്. ഇത് ഗണ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഹന്‍സ് രാജ് വര്‍മ, ഗൈഡന്‍സ് തമിഴ്നാട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.വിഷ്ണു തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. സംസ്ഥാനത്തെ വ്യാവസായിക ആവാസവ്യവസ്ഥയുടെ സമഗ്രമായ അവലോകനം അവര്‍ നടത്തി.