image

2 Aug 2023 12:18 PM GMT

Industries

ഇന്ത്യാക്കാര്‍ക്കുള്ള ഷെങ്കന്‍വിസ വിലക്കി സ്വിസ് എംബസി

MyFin Desk

swiss embassy bans schengen visa for indians
X

Summary

  • ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഒക്ടോബര്‍ വരെ വിസ അനുവദിക്കേണ്ടെന്ന് തീരുമാനം
  • സ്വിസ് എംബസികള്‍ ജീവനക്കാരുടെ അഭാവം നേരിടുന്നു
  • ചൈനയില്‍ നിന്നുള്ള യാത്രക്കാരെയും പ്രതിസന്ധി ബാധിക്കുന്നു


ന്യൂഡല്‍ഹിയിലെ സ്വിസ് എംബസി ഇന്ത്യന്‍ ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഷെങ്കന്‍ വിസ അനുവദിക്കുന്നത് ഒക്ടോബര്‍ വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിസ പ്രോസസിംഗിന് മതിയായ സമയം ലഭിക്കുന്നതിനായി ഗ്രൂപ്പ് യാത്രകള്‍ പുനഃക്രമീകരിക്കാനാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ സ്വിസ് എംബസിയുടെ ഈ നടപടിയില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അസംതൃപ്തി അറിയിച്ചു. കാരണം വിദേശങ്ങളിലേക്കുള്ള ഗ്രൂപ്പ് ടൂറുകള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഏറെ ലാഭകരമായ സംരംഭമാണ്. അതിനു തടസം നേരിട്ടാല്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ അത് സാരമായി ബാധിക്കും. അതിനാല്‍ പ്രശ്‌നത്തിന് ഓപ്പറേറ്റര്‍മാര്‍ സജീവമായി പരിഹാരങ്ങള്‍ തേടുകയാണ്. കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കുന്ന വെല്ലുവിളികള്‍ക്കിടയിലാണ് എംബസിയുടെ തീരുമാനം വന്നത്. നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ യാത്രാ പദ്ധതികളെ ഇത് ബാധിക്കുമെന്നും കരുതപ്പെടുന്നു.

സ്വിസ് എംബസികള്‍ ഇപ്പോള്‍ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ടെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ടൂറിസത്തിന്റെ ഈസ്റ്റ് മാര്‍ക്കറ്റ് ഹെഡ് സൈമണ്‍ ബോഷാര്‍ട്ട് പറയുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ, കൂട്ടമായി സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ചൈനയില്‍ നിന്നുള്ള യാത്രക്കാരെയും ജീവനക്കാരുടെ കുറവ് ബാധിക്കുന്നു. ചൈനയില്‍നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് ഗ്രൂപ്പ് ടൂറുകള്‍ പതിവാണ്.

കൊറോണ പകര്‍ച്ചവ്യാധിക്കുമുമ്പ് ചൈനയില്‍ പതിനേഴോളം വിസ പ്രോസസിംഗ് സെന്ററുകള്‍ ഉണ്ടായിരുന്നു. പകര്‍ച്ചവ്യാധികാരണം ഇവ അടച്ചുപൂട്ടി. അതിനുശേഷം, എംബസികള്‍ വിസ അനുവദിക്കുന്നത് കൈകാര്യം ചെയ്യുന്നു. പക്ഷേ കൂടുതല്‍ അപേക്ഷകള്‍ കൃത്യസമയത്ത് പ്രോസസിംഗ് ചെയ്യാന്‍ എംബസിക്ക് കഴിയാറില്ല എന്ന് സ്വിസ് അധികൃതര്‍ സമ്മതിക്കുന്നു. 2019-ല്‍ ലഭ്യമായ വിസ അപേക്ഷകളില്‍ 94 ശതമാനവും രാജ്യം നിലവില്‍ പ്രോസസ് ചെയ്യുന്നുണ്ടെന്ന് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സ് അറിയിച്ചു. പക്ഷെ 2019 മുതല്‍ വിസ ശേഷി പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്വിറ്റ്സര്‍ലന്‍ഡിലെ വിസ കാലതാമസം 'വിസ ഷോപ്പിംഗിന്' യാത്രികരെ പ്രേരിപ്പിക്കുകയാണ്. അപേക്ഷകര്‍ അനുകൂലമായ പ്രോസസിംഗ് സമയത്തിനായി ഒന്നിലധികം രാജ്യങ്ങളുടെ ഇപ്പോള്‍ അപേക്ഷിക്കുകയാണ്.