23 Feb 2024 9:49 AM GMT
Summary
- ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ച ചരക്കുകളിലൊന്നാണ് ഇരുമ്പയിര്
- കയറ്റുമതിയില്‍ ഭൂരിഭാഗവും ചൈനയിലേക്കാണ്
- 2022 ല്‍ 50% കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയിരുന്നു
ഇരുമ്പയിര് കയറ്റുമതി നിരോധനം ആവശ്യപ്പെട്ട് ഇന്ത്യന്‍ ചെറുകിട സ്റ്റീല്‍ ഉത്പാദകര്‍. ചൈനയിലേക്കാണ് കയറ്റുമതി കൂടുതലും നടക്കുന്നത്. ഇത് പ്രാദേശിക ഡിമാന്റിനെ പ്രതികൂലമായി ബാധിച്ചു. ഒപ്പം വിലയും ഉയര്‍ന്നു. ഈ സാഹചര്യം മറികടക്കാനാണ് കയറ്റുമതി നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കയറ്റുമതി 170 ശതമാനം ഉയര്‍ന്ന് 44 ദശലക്ഷം ടണ്ണിലെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയിലേക്കുള്ളതാണ്. അസംസ്‌കൃത വസ്തുക്കളുടെ ആഭ്യന്തര ആവശ്യം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്നതോതിലുള്ള ഈ കയറ്റുമതിയെന്നാണ് സ്റ്റീല്‍ ഉത്പാദകര്‍ പറയുന്നത്. ഇതാണ് മാര്‍ജിന്‍ സംരക്ഷിക്കാന്‍ അധികാരികളില്‍ നിന്നും നിയന്ത്രണങ്ങള്‍ തേടുന്നത്.
'എല്ലാത്തരം ഇരുമ്പയിര് കയറ്റുമതിയും നിരോധിക്കാനാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ചൈനയുടെ സ്റ്റീല്‍ വ്യവസായം പ്രവര്‍ത്തിക്കുകയും നമ്മുടേത് അടച്ചുപൂട്ടുകയും ചെയ്യും,' ഛത്തീസ്ഗഡ് സ്‌പോഞ്ച് അയേണ്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ നച്രാനി പറഞ്ഞു.
'അഞ്ച് പ്രധാന ഉത്പാദന സംസ്ഥാനങ്ങളിെ ചെറുകിട മില്ലുകള്‍ പലതും നഷ്ടത്തിലാണ്. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനം വരുന്ന രണ്ടാം നിര ഉത്പാദകര്‍ മുന്‍നിര കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ നേട്ടം രാജ്യത്തിന് സംഭാവന ചെയ്യുന്നുണ്ട്. സ്വന്തമായി ഖനികളുള്ളതിനാല്‍ ഇന്ത്യയിലെ മുന്‍നിര മില്ലുകള്‍ക്ക് പലതിനും ഇരുമ്പയിര് കല്‍ക്കരി തുടങ്ങിയവയില്‍ മികച്ച വില ഉറപ്പാക്കാന്‍ കഴിയും,' അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച പ്രധാന ചരക്കുകളിലൊന്നാണ് ഇരുമ്പയിര്. അതിനാല്‍ കയറ്റുമതി പരിമിതപ്പെടുത്താനുള്ള ഇന്ത്യയുടെ ഏത് നീക്കവും ഇരുമ്പയിര് വിലയെ ബാധിക്കും. അതേസമയം പ്രാദേശിക ഉല്‍പാദകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. 2022 മേയില്‍ വിതരണം മെച്ചപ്പെടുത്തുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി ഇരുമ്പയിരിന്റെ എല്ലാ ഗ്രേഡുകള്‍ക്കും 50 ശതമാനം കയറ്റുമതി നികുതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ആറുമാസത്തിന് ശേഷം ഈ നടപടി പിന്‍വലിച്ചു.