12 Oct 2023 12:00 PM GMT
Summary
- ഇന്ത്യയിലേക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ചൈനയാണ്
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം ലോകമെമ്പാടുമുള്ള ഉരുക്ക്, എണ്ണ വിതരണ ശൃംഖലയെ അസ്ഥിരപ്പെടുത്തുമെന്ന് ആശങ്ക. തുര്‍ക്കിയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയേയും ഇസ്രായേലില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള സ്‌ക്രാപ്പ് നീക്കത്തേേയും സംഘർഷം തടസ്സപ്പെടുത്തുമെന്നാണ് ആശങ്ക.
റഷ്യ- യുക്രെയ്ന്‍ യുദ്ധം മൂലം ഇതിനോടകം സമ്മര്‍ദ്ദത്തിലായ ഇന്ത്യയിലും തുര്‍ക്കി, റഷ്യന്‍ സ്റ്റീല്‍ കയറ്റുമതിക്കാര്‍ക്കിടയിലും ഈ പുതിയ സംഘര്‍ഷം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി സ്റ്റീല്‍ ഇറക്കുമതിക്കാരായിരിക്കുകയാണ്.
'ഈ യുദ്ധം ഇന്ത്യയുടെ ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിലും പ്രതികൂലാവസ്ഥ സൃഷ്ടിക്കും. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി തകിടം മറിക്കും. അതിനാല്‍ എത്രയും വേഗത്തില്‍ സംഘര്‍ഷം തീരേണ്ടതുണ്ട്,' വ്യാപാര പ്രതിനിധി സംഘടനയായ പിഎച്ച്ഡിസിസിഐ പ്രസിഡന്റ് സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.
2023 ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ഏകദേശം 1.50 ദശലക്ഷം ടണ്‍ ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി ചെയ്തു. വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ധനയാണുണ്ടായത്. കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇറക്കുമതി 0.34 ദശലക്ഷം ടണ്‍ കൂടുതലാണ്.
കൂടാതെ, 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 14.7 ശതമാനം വര്‍ധിച്ച് 69.65 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇത് ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലിത് 61.06 ദശലക്ഷം ടണ്ണാണ്.
ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ സ്റ്റീല്‍ കയറ്റുമതിക്കാർ ചൈനയാണ്. റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപുറകിലായിട്ടുണ്ട്. വര്‍ഷാദ്യത്തില്‍, ഇന്ത്യയിലേക്ക് സെമി-ഫിനിഷ്ഡ് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായി റഷ്യ മാറി. റഷ്യ, ജപ്പാനെ പിന്തള്ളി ഉപഭൂഖണ്ഡത്തിലേക്കുള്ള രണ്ടാമത്തെ വലിയ ഹോട്ട് റോള്‍ഡ് കോയില്‍ വിതരണക്കാരായി മാറി.
ചൈനയും ജപ്പാന്‍, ദക്ഷിണ കൊറിയ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റീലിനെയാണ് ആശ്രയിക്കുന്നത്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ ഇസ്രയേലില്‍ നിന്നുവരുന്ന വര്‍ത്തകള്‍ ടര്‍ക്കിഷ്, റഷ്യന്‍ സ്റ്റീല്‍ കയറ്റുമതിക്കാരെ വളരെയധികം ആശങ്കയിലാക്കുന്നുണ്ട്.
ഇസ്രായേലിന്റെ ഏറ്റവും വലിയ ഉരുക്ക് വിതരണക്കാരാണ് തുര്‍ക്കി. 2002 മുതല്‍ തുടങ്ങിയതാണ് ഈ ഇടപാട്. എന്നാല്‍ ഈ ദീര്‍ഘകാല സംഘര്‍ഷം പ്രാദേശിക, ആഗോള അടിസ്ഥാനത്തില്‍ ഉരുക്ക് വിലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഇസ്രായേലിലേക്ക് തുര്‍ക്കിയുടെ സ്റ്റീല്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷം 1.56 ദശലക്ഷം ടണ്ണിലെത്തി. റീബാര്‍, വയര്‍ റോഡ്, ഹോട്ട് റോള്‍ഡ് ഫ്‌ളാറ്റ് ഉത്പന്നങ്ങള്‍ എന്നിവ കയറ്റുമതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് വരെ, റഷ്യന്‍ ഇറക്കുമതിക്കാരില്‍ നിന്നുള്ള കിടമത്സരം കാരണം തുര്‍ക്കിയില്‍ നിന്നുള്ള കയറ്റുമതി ഏകദേശം 40 ശതമാനം കുറഞ്ഞു.
സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍, ഹൈഫയിലെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടേക്കാം. ഇത് ചരക്ക് നീക്കത്തെ തടസ്സപ്പെടുത്തും. തുര്‍ക്കി, ഇസ്രായേല്‍, റഷ്യ എന്നിവിടങ്ങളിലെ സ്റ്റീല്‍ വ്യവസായത്തില്‍ ഉണ്ടായേക്കാവുന്ന തകര്‍ച്ചയും സാഹചര്യവും വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ സെപ്റ്റംബറില്‍ ഉരുക്ക് പ്രതിവര്‍ഷ കയറ്റുമതി ഏകദേശം 73 ശതമാനം കുറഞ്ഞ് 0.16 ദശലക്ഷം ടണ്ണായി കുറഞ്ഞു. നേരെമറിച്ച്, ഇറക്കുമതി 0.38 മില്യണ്‍ ടണ്ണില്‍ തുടര്‍ന്നു. ഇത് രാജ്യത്തെ ഒരു സ്റ്റീല്‍ ഇറക്കുമതിക്കാരായി മാറ്റി.