image

4 Jan 2024 5:55 AM GMT

Steel

സേലത്തെ സ്റ്റീല്‍ പ്ലാന്റിന്റെ വില്‍പ്പന ഒഴിവാക്കി

MyFin Desk

Summary

  • മുന്‍പ് രണ്ടുപ്ലാന്റുകളുടെ വില്‍പ്പനയും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു
  • മുന്‍പ് വില്‍പ്പന ഒഴിവാക്കിയത് ബിഡര്‍മാരുടെ താല്‍പ്പര്യക്കുറവ് കാരണം


തമിഴ്നാട്ടിലെ സെയ്‌ലിന്റെ സേലം സ്റ്റീല്‍ പ്ലാന്റിന്റെ (എസ്എസ്പി) സ്വകാര്യവല്‍ക്കരണം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുമേഖലാ പ്രമുഖരായ സെയ്‌ലിന്റെ മൂന്നാമത്തെ യൂണിറ്റാണിത്. ഇവിടെ തന്ത്രപരമായ വില്‍പ്പനയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

നേരത്തെ, 2019 ല്‍, ദുര്‍ഗാപൂര്‍ ആസ്ഥാനമായുള്ള അലോയ്സ് സ്റ്റീല്‍സ് പ്ലാന്റിന്റെ (എഎസ്പി) സ്വകാര്യവല്‍ക്കരണം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. 2022 ല്‍, കര്‍ണാടകയിലെ ഭദ്രാവതിയിലുള്ള വിശ്വേശ്വരയ്യ അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്ലാന്റിന്റെ (വിഎസ്പി) വില്‍പ്പന ലേലക്കാരുടെ താല്‍പ്പര്യക്കുറവ് ചൂണ്ടിക്കാട്ടിയും നിര്‍ത്തിവച്ചിരുന്നു.

2018-ലാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയ്ല്‍) ഈ മൂന്ന് യൂണിറ്റുകളുടെ തന്ത്രപരമായ വില്‍പ്പനയ്ക്ക് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അംഗീകാരം നല്‍കിയിരുന്നത്. ഇതനുസരിച്ച് സെയ്ല്‍ 2019 ജൂലൈ 4-ന് താല്‍പ്പര്യപത്രങ്ങള്‍ ക്ഷണിച്ചിരുന്നു.

'ഒന്നിലധികം ഇഒഐകള്‍ ലഭിക്കുകയും ബിഡര്‍മാരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ഇടപാടുമായി മുന്നോട്ട് പോകാന്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ബിഡ്ഡര്‍മാരുടെ താല്‍പ്പര്യക്കുറവ് കാരണം, ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസത്തിന്റെ (എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ്) അംഗീകാരത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് അസാധുവാക്കാന്‍ തീരുമാനിച്ചു' ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎം) അതിന്റെ വെബ്സൈറ്റില്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം, സിപിഎസ്ഇ ഓഹരി വിറ്റഴിക്കലിലൂടെയും തന്ത്രപരമായ വില്‍പ്പനയിലൂടെയും 51,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ബജറ്റ് വകയിരുത്തിയിരുന്നത്. ഇതുവരെ 10,052 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.