18 Dec 2022 11:52 AM GMT
സ്പെഷ്യാലിറ്റി സ്റ്റീലിനുള്ള പിഎല്‍ഐ പദ്ധതി; 7,930 കോടി ചെലവഴിക്കുമെന്ന് ജിന്‍ഡാല്‍ സ്റ്റീല്‍
MyFin Desk
Summary
- പദ്ധതി പ്രകാരം 42,500 കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള 67 എന്‍ട്രികള്‍ തിരഞ്ഞെടുത്തതായി ഡിസംബര്‍ ഒമ്പതിന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഡെല്‍ഹി: ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ (ജെഎസ്പിഎല്‍) സ്പെഷ്യാലിറ്റി സ്റ്റീലിനുള്ള പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് ) പദ്ധതിക്കു കീഴില്‍ എട്ട് തരത്തിലുള്ള ഹൈഎന്‍ഡ് അലോയ് നിര്‍മിക്കാന്‍ 7,930 കോടി രൂപ ചെലവഴിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബിമലേന്ദ്ര ഝാ.
ആഭ്യന്തര സ്റ്റീല്‍ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത സ്റ്റീലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് അര്‍ഹത നേടിയ കമ്പനികളിലൊന്നാണ് ജെഎസ്പിഎല്‍. പദ്ധതി പ്രകാരം 42,500 കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള 67 എന്‍ട്രികള്‍ തിരഞ്ഞെടുത്തതായി ഡിസംബര്‍ ഒമ്പതിന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
നിര്‍ദ്ദിഷ്ട നിക്ഷേപം 70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 26 ദശലക്ഷം ടണ്‍ സ്പെഷ്യാലിറ്റി സ്റ്റീല്‍ ശേഷി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. എട്ട് തരം സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത് ജിന്‍ഡാല്‍ സ്റ്റീലാണെന്നും ബിമലേന്ദ്ര ഝാ വ്യക്തമാക്കി.
കമ്പനി 'എച്ച്ആര്‍ കോയില്‍, ഷീറ്റുകള്‍, ഓയില്‍, ഗ്യാസ് മേഖലയില്‍ ഉപയോഗിക്കുന്ന എപിഐ ജിആര്‍ പ്ലേറ്റുകള്‍, സ്ട്രക്ചറല്‍ ഗ്രേഡ് ഫാബ്രിക്കേഷനിലും ഓട്ടോമൊബൈല്‍ വ്യവസായത്തിലും ഉപയോഗിക്കുന്ന ഹൈ ടെന്‍സൈല്‍ ഷീറ്റുകള്‍, ഓട്ടോ-ജിആര്‍ സ്റ്റീല്‍ എഎച്ച്എസ്എസ് പോലുള്ള ഗ്രേഡുകള്‍, ഓട്ടോ മേഖലയില്‍ ഉപയോഗിക്കുന്ന കോള്‍ഡ് റോള്‍ഡ്, കോട്ടഡ് ഉല്‍പ്പന്നങ്ങള്‍, ടിന്‍, ഫുഡ് പ്രോസസ്സിംഗ് വ്യവസായത്തില്‍ ഉപയോഗിക്കുന്ന ടിന്‍ മില്‍ ഉല്‍പ്പന്നങ്ങള്‍, വൈറ്റ് ഗുഡ്‌സ്, ഓട്ടോ, റൂഫിംഗ് തുടങ്ങിയ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന മെറ്റാലിക്/നോണ്‍ മെറ്റാലിക് അലോയ്കള്‍, കളര്‍ കോട്ടഡ്, എഐ-സെഡ് എന്‍ കോട്ടഡ് (ഗാല്‍വാല്യൂം) ഗ്രേഡുകളുടെ കോട്ടഡ്/പ്ലേറ്റ് ചെയ്തവ എന്നിവ നിര്‍മിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി 6,322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ടാറ്റ സ്റ്റീല്‍ ഏഴ് തരം സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു. ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ (എഎംഎന്‍എസ്) ഇന്ത്യ നാല് അപേക്ഷകള്‍ സമര്‍പ്പിച്ചപ്പോള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (സെയില്‍) രണ്ട് സ്പെഷ്യാലിറ്റി സ്റ്റീല്‍ വിഭാഗങ്ങള്‍ക്കായി ഏറ്റവും കുറവ് അപേക്ഷകള്‍ സമര്‍പ്പിച്ചത്.