23 Jun 2023 9:15 AM GMT
Summary
- ഇടിവിലും ഏറ്റവും വലിയ ഉല്‍പ്പാദകരായി ചൈന തുടരുന്നു
- റഷ്യയിലും സ്റ്റീല്‍ ഉല്‍പ്പാദനം ഉയര്‍ന്നു
വേൾഡ് സ്റ്റീൽ അസോസിയേഷന്റെ കണക്കനുസരിച്ച്, സ്റ്റീലിന്‍റെ ആഗോള ഉൽപ്പാദനം മേയില്‍ 5.1 ശതമാനം ഇടിഞ്ഞ് 161.6 മെട്രിക് ടണ്ണായി. അതേസമയം ഇന്ത്യയുടെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 4.1 ശതമാനം വളർച്ച രേഖപ്പെടുത്തി 11.2 എംടിയില്‍ എത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം മേയിനെ അപേക്ഷിച്ച് 7.3% ഇടിവ് ഉണ്ടായിരുന്നിട്ടും, 90.1 എംടി ക്രൂഡ് സ്റ്റീൽ ഉൽപ്പാദനവുമായി ചൈന ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പ്പാദകരായി തുടരുന്നുവെന്നും വേൾഡ് സ്റ്റീൽ ഡാറ്റ വ്യക്തമാക്കുന്നു.
ജപ്പാന്റെ ഉൽപ്പാദനം 5.2 ശതമാനം ഇടിഞ്ഞ് 7.6 എംടി ആയി. യുഎസ് 6.9 MT സ്റ്റീലാണ് മേയില്‍ ഉൽപ്പാദിപ്പിച്ചത്, 2022 മേയിലെ കണക്കിനെ അപേക്ഷിച്ച് 2.3 ശതമാനം ഇടിവാണ് ഇത്. റഷ്യയുടെ ഉല്‍പ്പാദനം 8.8 ശതമാനം വർധിച്ച് 6.8 മെട്രിക് ടൺ ആയി. ദക്ഷിണ കൊറിയയിലെ ഉല്‍പ്പാദനം 0.1 ശതമാനം ഇടിഞ്ഞ് 5.8 മെട്രിക് ടണ്ണായി.
ജർമ്മനി 3.2 എംടി, ബ്രസീൽ 2.8 എംടി, തുര്‍ക്കി 2 .9 എംടി, ഇറാൻ 3.3 എംടി എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രങ്ങളുടെ ഉല്‍പ്പാദനം. കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആഗോള തലത്തില്‍ സ്റ്റീല്‍ ഉല്‍പ്പാദനത്തിന് സൃഷ്ടിച്ചിട്ടുള്ള തിരിച്ചടി വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
ബ്രസ്സൽസ് ആസ്ഥാനമായുള്ള വേൾഡ് സ്റ്റീൽ അസോസിയേഷൻ ലോകത്തിലെ ഏറ്റവും വലിയ വ്യവസായ അസോസിയേഷനുകളിൽ ഒന്നാണ്. എല്ലാ പ്രധാന സ്റ്റീല്‍ ഉല്‍പ്പാദക രാഷ്ട്രങ്ങളും ഇതില്‍ അംഗങ്ങളാണ്. സ്റ്റീൽ നിർമ്മാതാക്കൾ, ദേശീയവും പ്രാദേശികവുമായ സ്റ്റീൽ വ്യവസായ അസോസിയേഷനുകൾ, സ്റ്റീൽ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആഗോള സ്റ്റീൽ ഉൽപാദനത്തിന്റെ 85 ശതമാനവും അസോസിയേഷനില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളിലാണ്.