5 March 2022 9:00 PM GMT
Summary
ഡെൽഹി: റഷ്യ- ഉക്രെയ്ൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ താറുമാറായി സ്റ്റീൽ വിതരണ ശൃംഖല. ഇതോടെ ആഭ്യന്തര സ്റ്റീൽ നിർമ്മാതാക്കൾ ഹോട്ട്-റോൾഡ് കോയിലിന്റെയും (എച്ച്ആർസി) ടിഎംടി ബാറുകളുടെയും വില ടണ്ണിന് 5,000 രൂപ വരെ വർദ്ധിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റീൽ വില വർദ്ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാകുന്നതോടെ വരുന്ന ആഴ്ചകളിൽ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. വില പരിഷ്കരണത്തിന് ശേഷം ഒരു ടൺ എച്ച്ആർസിക്ക് ഏകദേശം 66,000 രൂപ വിലയുണ്ടാവും. […]
ഡെൽഹി: റഷ്യ- ഉക്രെയ്ൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ താറുമാറായി സ്റ്റീൽ വിതരണ ശൃംഖല. ഇതോടെ ആഭ്യന്തര സ്റ്റീൽ നിർമ്മാതാക്കൾ ഹോട്ട്-റോൾഡ് കോയിലിന്റെയും (എച്ച്ആർസി) ടിഎംടി ബാറുകളുടെയും വില ടണ്ണിന് 5,000 രൂപ വരെ വർദ്ധിപ്പിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റീൽ വില വർദ്ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാകുന്നതോടെ വരുന്ന ആഴ്ചകളിൽ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.
വില പരിഷ്കരണത്തിന് ശേഷം ഒരു ടൺ എച്ച്ആർസിക്ക് ഏകദേശം 66,000 രൂപ വിലയുണ്ടാവും. അതേസമയം ടിഎംടി ബാറുകൾക്ക് ടണ്ണിന് 65,000 രൂപയായിരിക്കും വിലയെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.
"യുദ്ധം അന്താരാഷ്ട്ര തലത്തിൽ വിതരണ ശൃംഖലയെ ബാധിക്കുന്നു. ഇത് പ്രാരംഭ ചെലവ് വർദ്ധനവിന് കാരണമാകുന്നുണ്ട്. കോക്കിംഗ് കൽക്കരി ( ഉയർന്ന നിലവാരമുള്ള) ടണ്ണിന് 500 ഡോളർ നിരക്കിലാണ് വ്യാപാരം നടത്തുന്നത്," ഏതാനും ആഴ്ചകൾക്ക് മുമ്പുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 20 ശതമാനത്തിന്റെ വർധനയാണിത്.
പ്രധാന സ്റ്റീൽ നിർമ്മാണ അസംസ്കൃത വസ്തുവായ കോക്കിംഗ് കൽക്കരിയുടെ 85 ശതമാനത്തിനും ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഓസ്ട്രേലിയാണ് ഇതിൽ പ്രധാനികളെങ്കിലും ദക്ഷിണാഫ്രിക്ക, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇതെത്തിക്കാറുണ്ട്.
"റഷ്യയും യുക്രൈനും കോക്കിംഗ് കൽക്കരി, പ്രകൃതിവാതകം എന്നിവയുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിതരണക്കാരാണ്. കൂടാതെ സ്റ്റീൽ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ്. റഷ്യ-യുക്രൈയ്ൻ പ്രതിസന്ധി വിതരണ-ഡിമാൻഡ് ഡൈനാമിക്സ്, ഇൻപുട്ട് ചെലവുകൾ, മൊത്തത്തിലുള്ള ആഗോള സമ്പദ്വ്യവസ്ഥ എന്നിവയെ ബാധിക്കും". ടാറ്റ സ്റ്റീൽ സിഇഒയും എംഡിയുമായ ടി വി നരേന്ദ്രൻ പറഞ്ഞു.
വാഹനം, വീട്ടുപകരണങ്ങൾ, നിർമ്മാണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ഉപഭോക്തൃ സൗഹൃദ വ്യവസായങ്ങളിലാണ് പ്രധാനമായും എച്ച്ആർസി, ടിഎംടി ബാറുകൾ ഉപയോഗിക്കുന്നത്. സ്റ്റീൽ ഈ മേഖലകളിലെ അസംസ്കൃത വസ്തുവായതിനാൽ വീടുകൾ, വാഹനങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയിലൊക്കെ സ്റ്റീൽ വില വർധന ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.