5 July 2023 5:22 PM IST
Summary
- ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ്
- ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍
- ഡുങ്കി റിലീസ് ചെയ്യുന്നത് ഡിസംബര്‍ 22-നാണ്
ബോളിവുഡിലെ താരമൂല്യമുള്ള നടനാണ് ഷാരൂഖ് ഖാന്‍. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി അദ്ദേഹം ബോളിവുഡില്‍ സജീവമാണ്. ബാസിഗര്‍, ഡര്‍, ദില്‍വാലേ ദുല്‍ഹനിയ ലേജായേംഗേ, കരണ്‍ അര്‍ജുന്‍, ദില്‍ തോ പാഗല്‍ ഹേ, കുച് കുച് ഹോതാ ഹേ, സ്വദേശ്, ചക് ദേ ഇന്ത്യ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയിലെയും വിദേശത്തെയും സിനിമാ പ്രേമികളുടെ മനസിലിടം നേടി.
ഈ വര്‍ഷം ജനുവരി 26ന് റിലീസ് ചെയ്ത പത്താന്‍ എന്ന ചിത്രമാണ് ഷാരൂഖ് നായകനായി പുറത്തിറങ്ങിയ സിനിമ. വന്‍ വിജയമാണ് പത്താന്‍ നേടിയത്. ആഗോളതലത്തില്‍ ഈ ചിത്രം 1000 കോടി രൂപയിലധികം കളക്റ്റ് ചെയ്തിരുന്നു.
അതിനു ശേഷം ഈ വര്‍ഷം ഷാരൂഖിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളാണ് ജവാനും, ഡുങ്കിയും. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍. മലയാളിയായ നയന്‍താര ഈ ചിത്രത്തിലുണ്ട്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തതാണ് ഡുങ്കി.
ഈ രണ്ട് ചിത്രങ്ങളുടെയും സാറ്റ്‌ലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് അവകാശത്തിലൂടെ ലഭിച്ചത് 450-500 കോടി രൂപയ്ക്കിടയിലാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഈ രണ്ട് ചിത്രങ്ങളും നിര്‍മിച്ചിരിക്കുന്നത് ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ്.
ജവാന്‍ എന്ന ചിത്രം ഹിന്ദിക്കു പുറമേ തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡുങ്കി റിലീസ് ചെയ്യുന്നത് ഡിസംബര്‍ 22-നാണ്. തപ്‌സി പനുവാണ് ഈ ചിത്രത്തില്‍ നായിക. രാജ്കുമാര്‍ ഹിരാനിയാണ് സംവിധായകന്‍. മുന്നാ ഭായി എംബിബിഎസ്, 3 ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണു രാജ്കുമാര്‍ ഹിരാനി.