4 Sep 2023 7:32 AM GMT
Summary
- പുനരുജ്ജീവന പ്രക്രിയയിലായിരുന്ന മലയോര സംസ്ഥാനത്തെ വിനോദസഞ്ചാരം മഴയില്‍ താറുമാറായി
- ഹിമാചല്‍ പ്രദേശിന്റെ ജിഡിപിയിലേക്ക് പ്രതിവര്‍ഷം 14,000 കോടി രൂപയാണ് ടൂറിസത്തിന്‍റെ സംഭാവന
- ഒക്ടോബറില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് ടൂറിസം രംഗത്തെ വിവിധ അസോസിയേഷനുകള്‍
കനത്തമഴ കെടുത്തിയത് ഹിമാചല്‍ പ്രദേശിന്റെ വിനോദ സഞ്ചാര സ്വപ്‌നങ്ങള്‍. ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ കനത്തമഴയില്‍ സംസ്ഥാനത്തിന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഏകദേശം 2000 കോടിയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഹിമാചല്‍ പ്രദേശിന്റെ ജിഡിപിയിലേക്ക് പ്രതിവര്‍ഷം 14,000 കോടി രൂപയാണ് ടൂറിസത്തിന്‍റെ സംഭാവന.
കോവിഡ് -19 ന് ശേഷം പുനരുജ്ജീവന പ്രക്രിയയിലായിരുന്ന മലയോര സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായത്തിന് മണ്‍സൂണ്‍ കനത്ത നാശമാണ് വരുത്തിയത്. ഈ കാലയളവില്‍ സംസ്ഥാനത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായി. മഴയിലും പേമാരിയിലും റോഡുകളും പാലങ്ങളുമെല്ലാം തകര്‍ന്നതിനാല്‍ യാത്രികര്‍ പലസ്ഥലങ്ങളിലും കുടുങ്ങി പ്പോകുകയും ചെയ്തു. മലയോര സംസ്ഥാനത്തിന്റെ ജീവനാഡി തന്നെ റോഡുകളാണ്. റെയില്‍, വ്യോമ ഗതാതത്തെയും മഴ ബാധിച്ചതായി ടൂറിസം വകുപ്പ് പറഞ്ഞു.
സംസ്ഥാനത്തെ ഉന, ബിലാസ്പൂര്‍, കാന്‍ഗ്ര ജില്ലകളിലെ ശക്തിപീഠങ്ങളിലേക്കുള്ള ഭക്തജനപ്രവാഹം മാത്രമാണ് ആശ്വാസമായതെന്നും ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എച്ച്പിടിഡിസി) മാനേജിംഗ് ഡയറക്ടര്‍ അമിത് കശ്യപ് പറഞ്ഞു.
ഓഗസ്റ്റ് 17 മുതല്‍ 25 വരെ ചിന്ത്പൂര്‍ണി, ശ്രീ നൈനാ ദേവി, ജവാലാജി, ബ്രജേശ്വരി, ശ്രീ ബഗ്ലാമുഖി, ചാമുണ്ഡാ ദേവി എന്നിവിടങ്ങളില്‍ 8.24 ലക്ഷം തീര്‍ഥാടകര്‍ എത്തിയതായി പോലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, പ്രീ മണ്‍സൂണ്‍ സീസണില്‍, വിനോദസഞ്ചാരികളുടെ വരവ് കുതിച്ചുയര്‍ന്നിരുന്നു. 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ 1.06 കോടി വിനോദസഞ്ചാരികളാണ് ഹിമാചല്‍ പ്രദേശിലെത്തിയത്. 2022 ലെ ഇതേ കാലയളവില്‍ ഇത് 86.4 ലക്ഷം ആയിരുന്നു. ഈ വര്‍ഷം മികച്ച വരുമാനം ടൂറിസം സെക്ടറില്‍ നിന്ന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കനത്ത മഴ എല്ലാം തകര്‍ക്കുകയായിരുന്നുവെന്ന് കശ്യപ് പറഞ്ഞു.
അതേസമയം, സിംലയിലേക്കുള്ള റോഡുകള്‍ തുറന്നിട്ടുണ്ടെന്നും ടൂറിസം വ്യവസായം 40 മുതല്‍ 50 ശതമാനം വരെ കിഴിവോടെ ആകര്‍ഷകമായ പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും സിംല ഹോട്ടല്‍സ് ആന്‍ഡ് ടൂറിസം സ്റ്റേക്ക്ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം കെ സേത്ത് പറഞ്ഞു.
''ജി 20 ഉച്ചകോടി കണക്കിലെടുത്ത് സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ ജനങ്ങള്‍ പൊതു അവധി ആഘോഷമാക്കുമെന്ന് പ്രതീക്ഷിക്കാം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിക്കാലത്ത് ഡെല്‍ഹിക്കാരെ ആകർഷഷിക്കാന്‍ ടൂറിസം വകുപ്പ് കിണഞ്ഞ് ശ്രമിക്കുകയാണ്. . അതിന്റെ ഭാഗമായാണ് ഹോട്ടല്‍ റൂമുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ''ഒക്ടോബറില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' സേത്ത് കൂട്ടിച്ചേര്‍ത്തു.
മണാലിയില്‍ ബിയാസ് നദിക്കരയിലെ റോഡുകള്‍ ഒലിച്ചുപോയെങ്കിലും ഗതാഗതം ഇതര റോഡുകളിലൂടെ തിരിച്ചുവിടുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഹിമാചല്‍ ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. പാണ്ഡോയ്ക്ക് സമീപം അടിക്കടിയുള്ള മണ്ണിടിച്ചിലുകള്‍ റോഡുകളെ തടസ്സപ്പെടുത്തുന്നതിനാല്‍ മാണ്ഡിക്കും കുളുവിനും ഇടയിലാണ് പ്രശ്നമെന്ന് അസോസിയേഷന്‍ അറിയിച്ചു.
മണാലിയിലെ ഹോട്ടലുടമകള്‍ വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഇതിനായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടതായും അവര്‍ അറിയിച്ചു. റോഡുകള്‍ ഉടന്‍ തുറക്കുമെന്ന് ഗഡ്കരി ഉറപ്പു നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം മുതല്‍ രണ്ടാം വാരത്തോടെ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ഹോട്ടലുകള്‍ക്ക് പുറമേ, ടാക്‌സി ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, കടയുടമകള്‍ എന്നിവരെയും മഴ ബാധിച്ചിട്ടുണ്ട്. കനത്ത മഴ ജൂലൈയില്‍ ബുക്കിംഗുകള്‍ കൂട്ടത്തോടെ റദ്ദാക്കിയെന്നും ഒക്ടോബറില്‍ മണ്‍സൂണ്‍ അവസാനിച്ച് ദസറ അവധിയും വരുന്നതിനാല്‍ ടൂറിസം സജീവമാകുമെന്നും പാരഡൈസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ ഉടമ ദേവേന്ദര്‍ റാണ പറഞ്ഞു.
സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ മഴക്കെടുതികളില്‍ 257 പേരും അപകടങ്ങളില്‍ 140 പേരും മരിച്ചു. ഈ കാലവര്‍ഷത്തില്‍ മലയോര സംസ്ഥാനത്തിന് ഇതുവരെ 8,663 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പൊതുമരാമത്ത് വകുപ്പിന് 2,937 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.