10 Aug 2023 12:19 PM GMT
Summary
- നെല്‍കൃഷിയില്‍ അഞ്ചുശതമാനം കുറവുണ്ടാകുമെന്ന് സൂചന
- അരി നിരോധനം കര്‍ഷകര്‍ക്ക് തെറ്റായ സന്ദേശം നല്‍കി
ബസുമതി ഇതര വെള്ള അരി കയറ്റുമതി നിരോധിക്കാനുള്ള ന്യൂഡല്‍ഹിയുടെ തീരുമാനം കാര്‍ഷിക വരുമാനം കുറയ്ക്കുകയും കര്‍ഷകരെ മറ്റ് വിളകളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഇന്ത്യയിലെ നെല്‍കൃഷി അഞ്ച് ശതമാനം കുറയുമെന്ന് ഒരു പ്രമുഖ കര്‍ഷക സംഘം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആഗോള വിപണിയുട 40ശതമാനത്തിലധികം ഇന്ത്യയുടെ കയ്യിലാണ്
ഉത്സവ സീസണും നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം സര്‍ക്കാരിനെ പ്രതിസന്ധിയിക്കുമെന്ന് അധികൃതര്‍ സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അരി കയറ്റുമതി നിരോധിച്ചത്.
''നിലവിലെ നടീല്‍ സീസണിന്റെ മധ്യത്തിലാണ് അരി കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് തെറ്റായ സന്ദേശം നല്‍കിയതായാണ് സംഘടനകള്‍ വിലയിരുത്തുന്നത്. കാര്‍ഷിക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും എതിര്‍ക്കുന്നവരാണ്. പുതിയ സീസണിലെ വിളവെടുപ്പ് ഉയര്‍ന്ന വിലയ്ക്ക് വലിയ അളവില്‍ വാങ്ങി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ജൂണില്‍, സർക്കാർ കര്‍ഷകരില്‍ നിന്ന് 100 കിലോഗ്രാമിന് 2,183 രൂപ എന്ന നിരക്കിലാണ് നെല്ല് വാങ്ങിയിരുന്നത്. എല്ലാ വര്‍ഷവും അരി, ഗോതമ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ഉയര്‍ത്താറുണ്ട്. സര്‍ക്കാര്‍ അരി കയറ്റുമതി നിരോധിച്ചതിനാല്‍, കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ സഹായിക്കുന്നതിന് ഈ വര്‍ഷത്തെ അരി എംഎസ്പിക്ക് മുകളില്‍ ബോണസ് പ്രഖ്യാപിക്കണം എന്ന ആവശ്യവും ഉയരുന്നു.സാധാരണ മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളില്‍ നെല്ല് നടുന്ന ഇന്ത്യന്‍ കര്‍ഷകര്‍ ഒക്ടോബറില്‍ വിളവെടുപ്പ് തുടങ്ങും.
ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം അരി ഇനങ്ങളുടെയും കയറ്റുമതി നിരോധിക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി നേരത്തേ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് വില പിടിച്ചുനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്.