27 July 2023 8:18 AM GMT
Summary
- ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ 'ടൊമാറ്റോ പ്യൂരി'യുടെ സേര്‍ച്ചുകള്‍ അഞ്ചൂവര്‍ഷത്തിലെ ഉയര്‍ന്ന നിരക്കില്‍
- ഉത്തരേന്ത്യയിലെ ഹോട്ടലുകള്‍ തക്കാളിക്കുപകരം ഓപ്ഷനുകള്‍ തേടുന്നു
- വില നൂറുരൂപയില്‍ കൂടതലായതോടെ ഗ്രേവികള്‍ക്കായി പലരും തക്കാളി കെച്ചപ്പ് പരീക്ഷിക്കുന്നു
പല ഇന്ത്യന്‍ റെസ്റ്റോറന്റുകളും അവരുടെ ജനപ്രിയ വിഭവങ്ങളില്‍ തക്കാളി കുറയ്ക്കുകയാണ്. തക്കാളിവില 500ശതമാനത്തിലധികം ഉയര്‍ന്നതിനുശേഷം കമ്പനികള്‍ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍കൊണ്ട് തക്കാളിയുടെ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുകയാണ്.ഇന്ത്യന്‍ പാചകത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില ഈയടുത്ത ആഴ്ചകളില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.കാലാനുസൃതമായ ഉല്‍പ്പാദനം സാധാരണയായി കുറഞ്ഞ സമയത്ത് അതിതീവ്രമഴ വിതരണത്തെയും തടസപ്പെടുത്തി. ഇത് സബ്സിഡി വില്‍പ്പനയ്ക്കായി മൊബൈല്‍ വാനുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.
പല മക്ഡൊണാള്‍ഡും സബ്വേ ഔട്ട്ലെറ്റുകളും ഗുണനിലവാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവരുടെ മെനു ഇനങ്ങളില്‍ നിന്ന് തക്കാളി ഉപേക്ഷിച്ചുകഴിഞ്ഞു. അതേസമയം ഉയര്‍ന്ന ഭക്ഷ്യ വില വ്യവസായത്തിലുടനീളം വിശാലമായ സ്വാധീനം ചെലുത്തുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുമായി ഇതിനകം മല്ലിടുന്ന ഉപഭോക്താക്കള്‍ വിലകുറഞ്ഞ ഓപ്ഷനുകള്‍ തേടുകയുമാണ്.
പാല്‍, പച്ചക്കറി ചില്ലറ വ്യാപാരരംഗത്തെ മദര്‍ ഡെയറി കഴിഞ്ഞ 15 ദിവസത്തിനിടെ ന്യൂഡെല്‍ഹിയില്‍ തക്കാളി പ്യൂരി വില്‍പ്പനയില്‍ 300% കുതിച്ചുചാട്ടം നടത്തിയതായി ഒരു വക്താവ് പറഞ്ഞു. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പ്യൂരിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതായി ഇന്ത്യന്‍ ഉപഭോക്തൃ രംഗത്തെ ഭീമനായ ഡാബര്‍ പറഞ്ഞു.
ടാറ്റയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ബിഗ്ബാസ്‌കറ്റിലെ പ്യൂരി വില്‍പ്പന ജൂലൈ ആദ്യം 175% ഉയര്‍ന്നതയായി സീനിയര്‍ എക്സിക്യൂട്ടീവ് സെഷു കുമാര്‍ പറഞ്ഞു. മുമ്പ് ഒരു ഓര്‍ഡറിന് ശരാശരി 1 കിലോ പുതിയ തക്കാളി വാങ്ങിയ ഉപഭോക്താക്കള്‍ അതിന്റെ പകുതിയാണ് വാങ്ങിയതെന്ന് സീനിയര്‍ എക്സിക്യൂട്ടീവ് ശേഷു കുമാറും പറയുന്നു.
ആമസോണ്‍ പ്ലാറ്റ്ഫോമില്‍ തക്കാളി പ്യൂരിയുടെ ആവശ്യം കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് മടങ്ങ് വര്‍ധിച്ചു, അതേസമയം കെച്ചപ്പ് വില്‍പ്പന 30% ഉയര്‍ന്നു. പ്യൂരി പായ്ക്കുകളില്‍ സാധാരണയായി 40% തക്കാളി പേസ്റ്റും ബാക്കി വെള്ളവും അടങ്ങിയിട്ടുണ്ട്. അതിന്റെ വില കിലോയ്ക്ക് 130 രൂപ. ഏപ്രില്‍മാസത്തില്‍ 30 രൂപയുണ്ടായിരുന്ന ന്യൂഡെല്‍ഹിയിലെ തക്കാളിവില ബുധനാഴ്ച 199 രൂപയായിരുന്നു. പ്യൂരി വില ഇതുവരെ മാറിയിട്ടില്ല. തക്കാളിവില നൂറുരൂപയില്‍ കൂടതലായതോടെ ഗ്രേവികള്‍ക്കായി പലരും തക്കാളി കെച്ചപ്പ് പരീക്ഷിച്ചിട്ടുമുണ്ട്.
ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ 'ടൊമാറ്റോ പ്യൂരി', 'ടൊമാറ്റോ പ്യൂരി 1 കിലോ വില' എന്നിവയുടെ സേര്‍ച്ചുകള്‍ വളരെ കൂടുതലാണ്. അതായത് കഴിഞ്ഞ അഞ്ചൂവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
മഴയെത്തുടര്‍ന്നുണ്ടായ കൃഷിനാശവും ഗതാഗത തടസവും മറ്റ് പച്ചക്കറികളുടെയും വിലക്കയറ്റത്തിന് കാരണമായി. വര്‍ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 4.81% ആയി ഉയര്‍ത്തി.
ഇന്ത്യയില്‍ ഒരു രാഷ്ട്രീയ-സെന്‍സിറ്റീവ് വിഷയമാണ് പച്ചക്കറികള്‍. 2022-23 ല്‍ ശരാശരി പ്രതിശീര്‍ഷ വരുമാനം പ്രതിമാസം ഏകദേശം 200ഡോളര്‍ ആയിരിക്കുമെന്ന് കണക്കാക്കിയിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രീയ-സെന്‍സിറ്റീവ് ചരക്കാണ് പച്ചക്കറികള്‍. ഇന്ത്യന്‍ പാചകത്തില്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ഘടകമായ ഉള്ളിയുടെ വിലക്കയറ്റം മുന്‍കാലങ്ങളില്‍ ഒന്നിലധികം സംസ്ഥാന സര്‍ക്കാരുകളുടെ പതനത്തിനുവരെ കാരണമായിട്ടുണ്ട്.
വലിയതും ചെറുതുമായ ഭക്ഷ്യ വില്‍പ്പനക്കാര്‍ ഉയര്‍ന്ന തക്കാളി വിലയുമായി പൊരുതുകയാണ്. തക്കാളിവില കൂടിയതുകാരണം സ്ട്രീറ്റ് ഫുഡ് വില്‍ക്കുന്നവരും പ്രതിസന്ധിയിലാണ്. പലരും ഇപ്പോള്‍ വില കൂടിയ അലങ്കാരമായി മാത്രമാണ് തക്കാളിയെ കാണുന്നത്. പല കടകളും ആള്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണ് തക്കാളി ഉപയോഗിച്ച് പാചകം ചെയ്യുന്നത്.
തക്കാളിവിലയില്‍ നേരിയ ആശ്വാസം മാത്രമാണ ഉണ്ടായിരിക്കുന്നത്. ഇത് ഹോട്ടലുകളിലെ ഉപയോഗം വര്‍ധിപ്പിക്കാന്‍ പര്യാപ്തമല്ല.പല ഔട്ട്ലെറ്റുകളും സലാഡുകളില്‍ പുതിയ തക്കാളി ഉപയോഗിക്കുന്നത് നിര്‍ത്തി കൂടുതല്‍ പ്യൂരിയുകളിലേക്ക് മാറുകയാണെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ അഭിപ്രായപ്പെടുന്നു. പുളിയുള്ള മറ്റ് വസ്തുക്കളിലൂടെ തക്കാളിയെ ഒഴിവാക്കുകയാണ് പാചകക്കാര്‍. വില കുറഞ്ഞില്ലെങ്കില്‍ ഭക്ഷണവില വര്‍ധിപ്പിക്കുന്നകാര്യവും ഹോട്ടലുടമകളുടെ പരിഗണനയിലുണ്ട്.