5 Dec 2024 5:39 AM GMT
Summary
- ഒരു അപ്പാര്‍ട്ടുമെന്റിന്റെ ശരാശരി വില 1.64 കോടിയെന്ന് റിപ്പോര്‍ട്ട്
- ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടത് 2.3 ലക്ഷം വീടുകള്‍
- പ്രീമിയം ഹൗസിംഗ് പ്രോജക്ടുകളുടെ ഉയര്‍ന്ന വില്‍പ്പനയാണ് ശരാശരി വില വര്‍ധിപ്പിച്ചത്
2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടത് 2.3 ലക്ഷം വീടുകളെന്ന് റിപ്പോര്‍ട്ട്. ഇതിന് 3.8 ട്രില്യണ്‍ രൂപ വിലമതിക്കുന്നതായും റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എല്‍ അറിയിച്ചു. ഇതില്‍ അപ്പാര്‍ട്ടുമെന്റിന്റെ ശരാശരി വില 1.64 കോടി രൂപയാണ്. പ്രീമിയം ഹൗസിംഗ് പ്രോജക്ടുകള്‍ ഈ വര്‍ഷത്തില്‍, പ്രത്യേകിച്ച് ഡല്‍ഹി എന്‍സിആറില്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തിയതാണ് ഇതിന് കാരണമായത്.
മുന്‍നിര നഗരങ്ങളില്‍, ഡല്‍ഹി എന്‍സിആര്‍ വില്‍പ്പന മൂല്യത്തിലും വിറ്റ ഏരിയയിലും മുന്നിട്ടുനിന്നു. ഏരിയയുടെ കാര്യത്തില്‍ ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. വിറ്റ വീടുകളുടെ മൂല്യത്തില്‍, മുംബൈ എന്‍സിആറിന് തൊട്ടുപിന്നിലാണ്. കൂടാതെ, 2024-ല്‍ ഇന്ത്യയുടെ ഭവന വിപണി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തുമെന്നും ജെഎല്‍എല്‍ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഏഴ് നഗരങ്ങളില്‍ 5.1 ട്രില്യണ്‍ രൂപ വിലമതിക്കുന്ന വീടുകള്‍ വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 485 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 3 ലക്ഷം വീടുകള്‍ വില്‍പ്പനയ്ക്കെത്തുന്ന ഒരു റെക്കോര്‍ഡ് വര്‍ഷമാണിത്.
''2024 ലെ ആദ്യ 9 മാസത്തിനുള്ളില്‍ 380,000 കോടി രൂപയുടെ വീടുകള്‍ ഇതിനകം തന്നെ മികച്ച ഏഴ് നഗരങ്ങളിലായി വിറ്റു. പ്രീമിയം ഹൗസിംഗ് പ്രോജക്ടുകളുടെ വില്‍പ്പനയാണ് ഇതിനാ കാരണമായത്'' ജെഎല്‍എല്‍ മേധാവി ഡോ. സമന്തക് ദാസ് പറഞ്ഞു.
2024-ലെ ആദ്യ മൂന്ന് പാദങ്ങളില്‍ (ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ) ഓരോ പാദത്തിലും 115 ദശലക്ഷം ചതുരശ്രയടി വിറ്റഴിച്ച് 110,00 കോടിയിലധികം രൂപയുടെ വില്‍പ്പന നടന്നു. പ്രമുഖ ദേശീയ തലത്തിലുള്ള ഡെവലപ്പര്‍മാരില്‍ ഭൂരിഭാഗവും ഒമ്പത് മാസത്തിനുള്ളില്‍ തങ്ങളുടെ പ്രതീക്ഷിത വാര്‍ഷിക വില്‍പ്പന മാര്‍ഗ്ഗനിര്‍ദ്ദേശം ഇതിനകം നേടിയിട്ടുണ്ട്, ഇത് ശക്തമായ ഭവന ആവശ്യം ഉയര്‍ത്തിക്കാട്ടുന്നു.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ വില്‍പ്പന പ്രതീക്ഷിച്ചതോ അതിലധികമോ ആകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.