29 Sep 2023 11:22 AM GMT
Summary
- ബ്രാന്‍ഡഡ് ഡവലപ്പര്‍മാരുടെ പ്രൊജക്റ്റുകള്‍ക്ക് ഡിമാന്‍ഡ്
- 2022-ല്‍ 88,230 യൂണിറ്റുകളാണു വിറ്റഴിച്ചത്
ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പന ജുലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 1,20,280 യൂണിറ്റ് എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സിയായ അനാറോക്ക് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ ജുലൈ-സെപ്റ്റംബര്‍ വരെയുള്ള കാലയളവ് മണ്‍സൂണ്‍ മാസങ്ങളായിട്ടാണ് അറിയപ്പെടുന്നത്. ഇക്കാലത്ത് സാധാരണയായി വിപണി മന്ദഗതിയിലായിരിക്കും. എന്നാല്‍ ഈ വര്‍ഷം 1,20,280 യൂണിറ്റുകള്‍ വിറ്റഴിച്ചത് ശ്രദ്ധേയമാണെന്നു വിപണി നിരീക്ഷകര്‍ പറയുന്നു. 2022-ല്‍ ഇക്കാലയളവില്‍ 88,230 യൂണിറ്റുകളാണു വിറ്റഴിച്ചത്.
2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,15,100 യൂണിറ്റുകളും വിറ്റു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് ഏഴ് നഗരങ്ങളിലെ ശരാശരി ഭവന വിലയില്‍ ഈ വര്‍ഷം 11 ശതമാനത്തോളം വര്‍ധനയുണ്ടായി. എന്നിട്ടും ഡിമാന്‍ഡുണ്ടായതാണ് ശ്രദ്ധേയമായത്.
38,500 യൂണിറ്റ് വില്‍പ്പന നടത്തിയ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണില്‍ (എംഎംആര്‍) നിന്നാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുണ്ടായത്.
2022-ലെ 26,400 യൂണിറ്റിനേക്കാള്‍ 46 ശതമാനം കൂടുതലാണിത്.
പൂനെയില്‍ 22,885 യൂണിറ്റുകളും ബെംഗളൂരുവില്‍ 16,395 യൂണിറ്റുകളും വില്‍പ്പന നടത്തി.
പൂനെയില്‍ 63 ശതമാനത്തിന്റെയും ബെംഗളുരുവില്‍ 29 ശതമാനത്തിന്റെയും ഡിമാന്‍ഡുണ്ടായി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) താല്‍ക്കാലികമായി റിപ്പോ നിരക്ക് ഉയര്‍ത്താതെ നിലനിര്‍ത്തിയതാണ് ഭവന വില്‍പ്പന കൂടാനുള്ള ഒരു കാരണം. ഇത് ഭവന വായ്പയുടെ പലിശ നിരക്കില്‍ സ്ഥിരത കൈവരിക്കാന്‍ ഇടയായി. അതിലൂടെ ഭവന വില്‍പ്പനയ്ക്ക് അനുകൂലമായ സാഹചര്യം വിപണിയില്‍ ഉണ്ടാവുകയും ചെയ്തു.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയിട്ടില്ല ആര്‍ബിഐ.
40-80 ലക്ഷം രൂപയ്ക്കിടയിലുള്ള മിഡ് റേഞ്ച് വിഭാഗത്തിനാണു വിപണിയില്‍ ഡിമാന്‍ഡ് നേരിട്ടത്. 28 ശതമാനമായിരുന്നു ഈ വിഭാഗത്തിന്റെ വിപണി വിഹിതം.
80 ലക്ഷം-1.5 കോടി രൂപ വില വരുന്ന ലക്ഷ്വറി, പ്രീമിയം വിഭാഗത്തിന്റെ വിപണി വിഹിതം 27 ശതമാനമാണ്.
നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഏറ്റവും മികച്ച ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പനയിലും പുതിയ ലോഞ്ചുകളിലും ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലും വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രാന്‍ഡഡ് ഡവലപ്പര്‍മാരുടെ പ്രൊജക്റ്റുകള്‍ക്ക് ഡിമാന്‍ഡ് ഉള്ളതിനാല്‍ ഇവര്‍ക്ക് വരും നാളില്‍ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാനാകുമെന്നും കരുതുന്നുണ്ട്.