11 April 2023 10:35 AM GMT
Summary
- സുലൈമാന്‍അല്‍ അദാവി എന്ന ഒമാന്‍ സ്വദേശി ജിവിതത്തില്‍ വഴിത്തിരിവ്
- രണ്ട് പതിറ്റാണ്ട് കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡായി ശോഭ
- ഭാര്യയോടുള്ള ഇഷ്ടം കൊണ്ട് കമ്പനിക്ക് അവരുടെ പേര് നല്‍കി
തന്റെ സ്വത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രവാസി മലയാളി വ്യവസായി പുത്തന്‍ നടുവക്കാട്ട് ചെന്താമരാക്ഷ മേനോന്‍ എന്ന പി.എന്‍.സി മേനോന്‍. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ശോഭ ഡെവലപ്പേഴ്‌സിന്റെ സ്ഥാപകനാണ് ഇദ്ദേഹം.
ഏകദേശം 12,290 കോടി രൂപയാണ് പി.എന്‍.സി മേനോന്റെ ആസ്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി 12,300 കോടി രൂപയുടെ വ്യക്തിഗത ഓഹരികള്‍ അസിം പ്രേംജി ഫൗണ്ടേഷനിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞവര്‍ഷം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തന്റെ സമ്പാദ്യത്തില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ വഴിയില്‍ തന്നെയാണ് മേനോനും.
വര്‍ഷങ്ങളായി ദുബായ് ആസ്ഥാനമായാണ് പി.എന്‍.സി മേനോന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും ഒമാനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് മേനോന്‍ പറയുന്നു.
കരിമ്പനയുടെ നാട്ടില്‍ നിന്നും
1948ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് മേനോന്‍ ജനിച്ചത്. അച്ഛന് ബിസിനസ് ഉണ്ടായിരുന്ന തൃശ്ശൂരിലാണ് വളര്‍ന്നത്. പത്താം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് ഒരു ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസ് ആരംഭിക്കുന്നതിനായി കോളജ് പഠനം ഉപേക്ഷിച്ചു.
ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനാണ് പി.എന്‍.സി മേനോന്‍. റിയല്‍ എസ്‌റ്റേറ്റ്, കരാര്‍ നിര്‍മാണം, ഇന്റീരിയര്‍ ഡിസൈനിങ്, ഫര്‍ണീച്ചര്‍ എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഉടമയാണ് ഈ 74കാരന്‍. 1997ല്‍ ഒമാന്‍ സര്‍ക്കാര്‍ ഒമാന്‍ പൗരത്വം നല്‍കി ആദരിച്ചു.
2009ല്‍ പ്രവാസി ഭാരതീയ സമ്മാന് പുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ട മേനോന്‍ അതേവര്‍ഷം തന്നെ പ്രധാനമന്ത്രിയുടെ വിദേശ ഇന്ത്യക്കാരുടെ ഉപദേശക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2011ല്‍ കമ്പനിക്ക് കോര്‍പ്പറേറ്റ് സിറ്റിസണിനുള്ള മദര്‍ തെരേസ അവാര്‍ഡ് ലഭിച്ചു. അറേബ്യന്‍ ബിസിനസ് ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിന്റെ 21ാമത്തെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ് മേനോന്‍.
വഴിത്തിരിവ്
1976ല്‍ കൊച്ചിയില്‍ ഒരു ഹോട്ടലിന്റെ ലോബിയില്‍ സുലൈമാന്‍ അല്‍ അദാവി എന്ന ഒമാന്‍ സ്വദേശിയെ പരിചയപ്പെട്ടതാണ് പി.എന്‍.സി മേനോന്റെ ജിവിതത്തില്‍ വഴിത്തിരിവായത്. അക്കാലത്ത് കൊച്ചിയിലും ബംഗളൂരുവിലുമൊക്കെയായി ചെറിയ നിലയില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളും ഫര്‍ണീച്ചര്‍ ബിസിനസും നടത്തിവരികയായിരുന്നു പി.എന്‍.സി മേനോന്‍ എന്ന ചെറുപ്പക്കാരന്‍. മത്സ്യബന്ധന ബോട്ട് വാങ്ങാനായി കൊച്ചിയിലെത്തിയതാണ് സുലൈമാന്‍ അല്‍ അദാവി എന്ന ആ അറബി.
ഒമാനിലേക്ക് അറബിയുടെ ക്ഷണം
ഒമാനില്‍ ബിസിനസിന് സാധ്യതയുള്ള മണ്ണാണെന്നും അങ്ങോട്ട് വരാനും സുലൈമാന്‍ ക്ഷണിച്ചു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒട്ടേറെ കെട്ടിടസമുച്ചയങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും കൈയൊപ്പ് പതിപ്പിച്ച പി.എന്‍.സി മേനോന്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് സംരംഭകന്റെ പ്രയാണം അവിടെ തുടങ്ങി.
മൂന്ന് മാസത്തിനുള്ളില്‍ ഒമാനില്‍ നിന്ന് വിസ വന്നു. കൈയില്‍ 50 രൂപയുമായി മേനോന്‍ ഒമാനിലേക്ക് വണ്ടി കയറി. അറബിനാട്ടില്‍ സമ്പന്നര്‍ക്കെല്ലാം എണ്ണക്കിണറുകള്‍ ഉണ്ടാവുമെന്നും അതില്‍ നിന്ന് പെട്രോളിയം ഉണ്ടാക്കി വില്‍ക്കാമെന്നുമൊക്കെയായിരുന്നു ആ ചെറുപ്പക്കാരന്റെ ധാരണ. തന്നെ കൊണ്ടുപോയ സുലൈമാന്റെ കൈവശവും ഒട്ടേറെ എണ്ണക്കിണറുകള്‍ ഉണ്ടാവുമെന്ന് അദ്ദേഹം ധരിച്ചു.
സുലൈമാന്‍ നല്‍കിയ തുടക്കം
പക്ഷെ, അവിടെ ചെന്നപ്പോഴാണ് കാര്യങ്ങള്‍ താന്‍ വിചാരിച്ചതുപോലെയല്ലെന്ന് തിരിച്ചറിയുന്നത്. സുലൈമാന്‍ വലിയ സമ്പന്നനൊന്നുമല്ല; ഒരു ഇടത്തരക്കാരനാണ്. ഒമാന്‍ സേനയിലെ ക്യാപ്റ്റന്‍. പക്ഷേ, മേനോന് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ സുലൈമാനോടു ചോദിച്ചു 'എന്താണ് നമ്മുടെ പ്ലാന്‍?'. 'വിഷമിക്കേണ്ട, ബിസിനസ് തുടങ്ങാന്‍ എത്ര തുക വേണമെന്ന് പറയൂ' എന്ന് സുലൈമാന്‍.
അപ്പോഴത്തെ സാഹചര്യത്തില്‍ 3,000 റിയാലെങ്കിലും വേണമെന്ന് മറുപടി നല്‍കി. ഉടന്‍ തന്നെ ഒരു ബാങ്കില്‍ നിന്ന് സുലൈമാന്‍ വായ്പ ശരിയാക്കി. നാട്ടിലേതു പോലെ ചെറിയ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളുമായി ബിസിനസിന് തുടക്കമിട്ടു. സര്‍വീസസ് ആന്‍ഡ് ട്രേഡ് കമ്പനി (എസ്.ടി.സി.) എന്ന പേരിലായിരുന്നു സംരംഭം. ദിവസവും 12 മണിക്കൂറിലേറെ നീളുന്ന ജോലി. പതിയെ ബിസിനസ് വളരാന്‍ തുടങ്ങി.
വന്‍കിട പദ്ധതികളിലേക്ക്
വലിയ കരാറുകള്‍ ഏറ്റെടുത്താലേ വളരാന്‍ കഴിയുകയുള്ളൂവെന്ന് മനസിലാക്കിയ മേനോന്‍ അതിനായി ശ്രമം തുടങ്ങി. അങ്ങനെ 1984ല്‍ ഒമാന്‍ സുല്‍ത്താന്റെ ഓഫീസുകളുടെ ഇന്റീരിയര്‍ ഒരുക്കാനുള്ള കരാര്‍ നേടി. അത് പി.എന്‍.സി മേനോന്റെ സംരംഭക ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. മേനോന്റെ വര്‍ക്കുകള്‍ ഗുണമേന്മയില്‍ മുന്നിട്ടുനിന്നു. കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ അത് അദ്ദേഹത്തെ സഹായിച്ചു.
ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍, ബ്രൂണെ എന്നിവിടങ്ങളിലെ രാജകുടുംബങ്ങളുടെ കൊട്ടാരങ്ങള്‍ക്ക് ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍ നിര്‍വഹിക്കാനുള്ള കരാറുകള്‍ അദ്ദേഹത്തെ തേടിയെത്തി. 80കളുടെ അവസാനത്തോടെ കെട്ടിടനിര്‍മാണ രംഗത്തേക്കും ചുവടുവച്ചു. ഇതോടെ കെട്ടിടങ്ങളുടെ പ്ലാന്‍ മുതല്‍ നിര്‍മാണവും ഇന്റീരിയര്‍ ഡിസൈനിങ്ങും വരെയുള്ള ജോലികള്‍ നിര്‍വഹിക്കാനായി. 1990കളുടെ തുടക്കത്തില്‍ കരാര്‍ നിര്‍മാണ കമ്പനിയുമായി ദുബായിലേക്കും ചുവടുവച്ചു.
ശോഭ ഡെവലപ്പേഴ്‌സ്
അപ്പോഴേക്കും സ്വന്തം നാട്ടില്‍ എന്തെങ്കിലും തുടങ്ങണമെന്ന ആലോചനയായി. അങ്ങനെ 1995ല്‍ ബംഗളൂരുവില്‍ ശോഭ ഡെവലപ്പേഴ്‌സ് എന്ന സംരംഭത്തിന് തുടക്കംകുറിച്ചു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ദേശീയ കമ്പനിയായി മാറുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനിയുടെ ആസ്ഥാനമായി ബംഗളൂരു തിരഞ്ഞെടുത്തത്.
ഇന്ന് ബംഗളൂരു, ചെന്നൈ, ഡല്‍ഹി, പുണെ, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളിലായി 130ലേറെ പാര്‍പ്പിട സമുച്ചയങ്ങള്‍ ശോഭ ഡെവലപ്പേഴ്‌സിനുണ്ട്. ഇതിന് പുറമെ, കരാര്‍ അടിസ്ഥാനത്തില്‍ 300ഓളം പദ്ധതികളും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, കോര്‍പ്പറേറ്റ് ആസ്ഥാനമന്ദിരങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു.
ഇന്‍ഫോസിസ്, എച്ച്.സി.എല്‍, ഡെല്‍, ബോഷ്, ബയോകോണ്‍, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ഐ.ടി.സി. ഹോട്ടല്‍സ് എന്നിവയ്ക്ക് വേണ്ടി കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ഇന്‍ഫോസിസിന്റെ 80 ശതമാനത്തിലേറെ നിര്‍മാണപ്രവൃത്തികളും ശോഭ ഗ്രൂപ്പാണ് നിര്‍വഹിച്ചത്.
രണ്ട് പതിറ്റാണ്ട് കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡായി ശോഭ വളര്‍ന്നു. ഇതിനിടെ, 2006ല്‍ പ്രഥമ ഓഹരി വില്‍പ്പന(ഐ.പി.ഒ.)യിലൂടെ ശോഭ ലിമിറ്റഡിന്റെ ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റ് ചെയ്യപ്പെട്ടു. വില്‍പ്പനയ്ക്ക് വച്ച ഓഹരികളേക്കാള്‍ 126 മടങ്ങ് അപേക്ഷയാണ് ലഭിച്ചത്. 30 കോടി രൂപയുമായി ഇന്ത്യയില്‍ പ്രയാണം തുടങ്ങിയ ശോഭ 2,800 കോടിയിലേറെ വിപണിമൂല്യമുള്ള കമ്പനിയായി മാറി.
സമ്പത്തിന്റെ ഒരു പങ്ക് സമൂഹത്തിന് മടക്കിക്കൊടുക്കണം എന്ന വിശ്വാസക്കാരനാണ് അദ്ദേഹം. അതിനാല്‍, സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണ് അദ്ദേഹംസമ്പത്തിന്റെ ഒരു പങ്ക് സമൂഹത്തിന് മടക്കിക്കൊടുക്കണം എന്ന വിശ്വാസക്കാരനാണ് അദ്ദേഹം. അതിനാല്‍, സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണ് അദ്ദേഹം
ഇതിനിടെ, ഗള്‍ഫിലെ മാറുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ശോഭ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ആസ്ഥാനം ഒമാനില്‍ നിന്ന് ദുബായിലേക്ക് മാറ്റി. ദുബായില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ശോഭ ഗ്രൂപ്പ് നിര്‍വഹിക്കുന്നത്. മെയ്ദാന്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ദുബായ് നഗരമധ്യത്തില്‍ മുഹമ്മദ് ബിന്‍ റാഷിദ് സിറ്റിയായ ഡിസ്ട്രിക്ട് വണ്ണിന്റെ നിര്‍മാണം നിര്‍വഹിക്കുകയാണ് ഇപ്പോള്‍.
1,100 ഏക്കറിലായി 4.7 കോടി ചതുരശ്രയടി ആണ് അവിടെ വികസിപ്പിക്കുന്നത്. ഇതിനൊപ്പം ശോഭ ഹാര്‍ട്ട്‌ലാന്‍ഡ് എന്ന സമുച്ചയവും നിര്‍മിക്കുന്നു. യൂറോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും ശോഭ ഇന്റര്‍നാഷണലിന് പദ്ധതിയുണ്ട്.
സമ്പത്തിന്റെ ഒരു പങ്ക് സമൂഹത്തിന്
സമ്പത്തിന്റെ ഒരു പങ്ക് സമൂഹത്തിന് മടക്കിക്കൊടുക്കണം എന്ന വിശ്വാസക്കാരനാണ് അദ്ദേഹം. അതിനാല്‍, സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണ് അദ്ദേഹം. ശ്രീകുറുംബ ട്രസ്റ്റിന്റെ പേരിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി 'ഗ്രാമശോഭ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2006 മുതല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ നാല് ഗ്രാമങ്ങളിലായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കുമായി ശോഭ ഹെര്‍മ്മിറ്റേജ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്താന്‍ ശോഭ ഐക്കണ്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നിര്‍വഹിക്കുന്നു.
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി സ്ത്രീധനരഹിത സാമൂഹിക വിവാഹവും നടത്തിവരുന്നു. ഇതിനോടകം 530 പെണ്‍കുട്ടികളുടെ വിവാഹം നടത്തി. അവരുടെ കുടുംബജീവിതം ഭദ്രമാക്കാനായി വിവാഹപൂര്‍വ കൗണ്‍സലിങ്ങും നല്‍കിവരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ശോഭ അക്കാദമിയുമുണ്ട്.
വിദ്യാഭ്യാസം, ഭക്ഷണം എന്നിവയൊക്കെ സൗജന്യമായാണ് നല്‍കുന്നത്. നിലവില്‍ പത്താം ക്ലാസ് വരെയാണ് ഉള്ളത്. ഭാവിയില്‍ തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സുകള്‍ ഉള്‍പ്പെടെ തുടങ്ങാന്‍ പദ്ധതിയുണ്ട്. സാമൂഹ്യക്ഷേമ പരിപാടികളിലെ ഗുണഭോക്താക്കളെ ബഹുമാനത്തോടെയാണ് സംരക്ഷിക്കുന്നത്. നാട്ടിലെത്തുമ്പോള്‍ പി.എന്‍.സി മേനോന്‍ അവരുമായി നേരിട്ട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. 2013ഓടെ കര്‍ണാടകത്തിലെ ഏഴു പഞ്ചായത്തുകളിലേക്ക് കൂടി 'ഗ്രാമശോഭ' പദ്ധതി വ്യാപിപ്പിച്ചു.
പണത്തെ കുറിച്ച് മേനോന് കൃത്യമായ കാഴ്ചപ്പാടുണ്ട്. 'നിങ്ങള്‍ പണം സമ്പാദിച്ചുകഴിഞ്ഞാല്‍ അതെല്ലാം കുടുംബത്തിനായി സൂക്ഷിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ വലിയൊരു പങ്ക് സമൂഹത്തിന് നല്‍കണം. എന്റെ സമ്പാദ്യത്തിന്റെ പകുതി സമൂഹത്തിലേക്ക് പോകണമെന്ന് ഞാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'ഒരു നിശ്ചിത സമയത്തിനുശേഷം പണത്തിന് നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ല. അതിനെ ജീവകാരുണ്യമെന്നു പോലും വിളിക്കാനാകില്ല. പണം സമ്പാദിക്കുന്നത് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാനും കൂടിയാണെന്നും മേനോന്‍ പറഞ്ഞു.
എല്ലാം ഭാര്യയുടെ പേരില്‍
പി.എന്‍.സി മേനോന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങായി ഭാര്യ ശോഭയുണ്ട്. അവരോടുള്ള ഇഷ്ടം കൊണ്ടാണ് കമ്പനികള്‍ക്ക് അവരുടെ പേരു നല്‍കിയിരിക്കുന്നത്. മൂന്ന് മക്കളാണ്. മൂത്ത മകള്‍ ബിന്ദു ദുബായില്‍ ശോഭ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. മകന്‍ രവി മേനോന്‍ ഇന്ത്യയില്‍ ശോഭ ലിമിറ്റഡിന്റെ ചെയര്‍മാന്‍. ഇളയ മകള്‍ രേവതി കുടുംബവുമൊത്ത് ദുബായിലാണ്.