13 Jan 2025 9:09 AM GMT
Summary
- ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ നിക്ഷേപം 6 ശതമാനം വര്‍ധിച്ച് 2.82 ബില്യണ്‍ ഡോളറിലെത്തി
- മൊത്തം പിഇ നിക്ഷേപത്തില്‍ 82 ശതമാനം വിദേശ ഫണ്ടുകള്‍
- വ്യവസായ, ലോജിസ്റ്റിക് മേഖല മൊത്തം നിക്ഷേപത്തിന്റെ 62 ശതമാനവും നേടി
ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം 6 ശതമാനം വര്‍ധിച്ച് 2.82 ബില്യണ്‍ ഡോളറിലെത്തി. ഇന്‍ഡസ്ട്രിയല്‍ & ലോജിസ്റ്റിക്‌സ് പാര്‍ക്കുകളിലെ ഫണ്ട് വരവ് വര്‍ധിച്ചതാണ് ഇതിന് കാരണമായതെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അനറോക്ക് പറയുന്നു.
അനറോക്ക് ഡാറ്റ കാണിക്കുന്നത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ പ്രൈവറ്റ് ഇക്വിറ്റി (പിഇ) ഡീലുകളുടെ എണ്ണം 30 ല്‍ നിന്ന് 24 ആയി കുറഞ്ഞു എന്നാണ്. എന്നാല്‍, അവലോകന കാലയളവിലെ മൊത്തം നിക്ഷേപ മൂല്യം 2.66 ബില്യണ്‍ ഡോളറില്‍ നിന്ന് 6 ശതമാനം ഉയര്‍ന്ന് 2.82 ബില്യണ്‍ ഡോളറായി.
2024 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ വിദേശ ഫണ്ടുകള്‍ മൊത്തം പിഇ നിക്ഷേപത്തില്‍ 82 ശതമാനം സംഭാവന നല്‍കി.
വ്യവസായ, ലോജിസ്റ്റിക് മേഖല മൊത്തം നിക്ഷേപത്തിന്റെ 62 ശതമാനവും ഭവന മേഖല 15 ശതമാനവും ഓഫീസ് 14 ശതമാനവും മിക്‌സഡ് യൂസ് പ്രോജക്റ്റുകള്‍ 9 ശതമാനവും നേടി.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ മൊത്തം പിഇ ഇടപാടുകളുടെ 93 ശതമാനവും ഉള്‍പ്പെടുന്നതാണ് മികച്ച 10 ഡീലുകളെന്ന് അനറോക്ക് ക്യാപിറ്റലിന്റെ എംഡിയും സിഇഒയുമായ ശോഭിത് അഗര്‍വാള്‍ പറഞ്ഞു.
1.54 ബില്യണ്‍ ഡോളറിന്റെ റിലയന്‍സ്-എഡിഐഎ/കെകെആര്‍ വെയര്‍ഹൗസിംഗ് ഇടപാടാണ് മൊത്തം പിഇ നിക്ഷേപത്തിന് നേതൃത്വം നല്‍കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.