28 Jan 2024 8:45 AM GMT
Summary
- ആഭ്യന്തര വിപണിയില്‍ നിന്നുള്ള നിക്ഷേപം രണ്ട് മടങ്ങ് വര്‍ധിച്ച് 1.51 ബില്യണ്‍ ഡോളറിൽ
- റിയല്‍ എസ്റ്റേറ്റ് മേഖലയിലുടനീളമുള്ള ഡിമാന്‍ഡില്‍ അനിശ്ചിതത്വം
- 2023 ല്‍ നിക്ഷേപങ്ങള്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലേക്കുള്ള വിദേശ നിക്ഷേപകരുടെ ഫണ്ടിന്റെ ഒഴുക്ക് കഴിഞ്ഞ വര്‍ഷം 30 ശതമാനം കുറഞ്ഞ് 2.73 ബില്യണ്‍ ഡോളറിലെത്തിയതായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് വെസ്റ്റിയന്‍. അതേസമയം ആഭ്യന്തര വിപണിയില്‍ നിന്നുള്ള നിക്ഷേപം രണ്ട് മടങ്ങ് വര്‍ധിച്ച് 1.51 ബില്യണ്‍ ഡോളറിലെത്തിയതായി ഡാറ്റ ചൂണ്ടിക്കാട്ടുന്നു.
റിയല്‍ എസ്റ്റേറ്റിലെ മൊത്തം നിക്ഷേപ സ്ഥാപനങ്ങള്‍ വഴിയുള്ള ഫണ്ടിംഗ് മുന്‍വര്‍ഷത്തെ 4.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2023ല്‍ 12 ശതമാനം കുറഞ്ഞ് 4.3 ബില്യണ്‍ ഡോളറായി. കരുതലോടെയാണ് നിക്ഷേപകര്‍ നീങ്ങുന്നത്. അതിനാല്‍ വിദേശ ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപം പ്രതിവര്‍ഷം 30 ശതമാനം കുറഞ്ഞു. എന്നാല്‍ ആഭ്യന്തര നിക്ഷേപകരില്‍ നിന്ന് 120 ശതമാനം ഉയര്‍ന്നതായി വെസ്റ്റിയന്‍ ഡാറ്റ പറയുന്നു.
ആഭ്യന്തര നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം 1,511 ദശലക്ഷം ഡോളര്‍ (1.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. തൊട്ട് മുന്‍വര്‍ഷം ഇത് 687 ദശലക്ഷം ഡോളറായിരുന്നു. വിദേശ ഫണ്ടുകളില്‍ നിന്നുള്ള വരവ് 2022 ല്‍ 3,926 മില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 2,733 മില്യണ്‍ ഡോളറായി കുറഞ്ഞു. അതായത് ആഭ്യന്തര നിക്ഷേപകരുടെ വിഹിതം 2022 ല്‍ 14 ശതമാനത്തില്‍ നിന്ന് 2023 ല്‍ 35 ശതമാനമായി ഉയര്‍ന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലുടനീളമുള്ള ഡിമാന്‍ഡില്‍ അനിശ്ചിതത്വമുണ്ടായിട്ടും വര്‍ഷം മുഴുവനും നിക്ഷേപങ്ങള്‍ ശക്തമായി തുടരുകയാണെന്ന് വെസ്റ്റിയാന്‍ സിഇഒ ശ്രീനിവാസ് റാവു പറഞ്ഞു. ആഭ്യന്തര നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസം റിയല്‍ എസ്റ്റേറ്റ് വിപണിയെ ഉണര്‍വാക്കി. ഇന്ത്യയുടെ വളര്‍ച്ചയില്‍ നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'2023 ല്‍ നിക്ഷേപങ്ങള്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തമായ പ്രകടനത്തിന്റെയും ആസൂത്രിതമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആരോഗ്യകരമായ മുന്നേറ്റ പശ്ചാത്തലത്തില്‍ 2024-ല്‍ വെസ്റ്റിയന്‍ ഒരു പുനരുജ്ജീവനം പ്രതീക്ഷിക്കുന്നു. ലോക സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കല്‍, ഇന്ത്യയിലെ ശക്തമായ സാമ്പത്തിക വളര്‍ച്ച, വലിയ ആഭ്യന്തര ഉപഭോക്തൃ അടിത്തറ, തൊഴില്‍ നയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഊന്നല്‍, ദേശീയ ലോജിസ്റ്റിക് പോളിസി, മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങള്‍ തുടങ്ങിയ അനുകൂല നയങ്ങള്‍ വിദേശ, ആഭ്യന്തര നിക്ഷേപകരെ സജീവമായി ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ വളര്‍ച്ചയില്‍ ശക്തി പകരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ സ്ഥാപന നിക്ഷേപം 6.5 ബില്യണ്‍ ഡോളറായിരുന്നു. 2020-ല്‍ 5.9 ബില്യണ്‍ ഡോളറും 2021-ല്‍ 4.8 ബില്യണ്‍ ഡോളറുമായിരുന്നു ഒഴുക്ക്.