image

26 Sep 2024 5:53 AM GMT

Realty

പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന കുത്തനെ ഇടിഞ്ഞു

MyFin Desk

slowdown in the housing market in major cities
X

Summary

  • ലോഞ്ചുകളേക്കാള്‍ വില്‍പ്പന ഉയര്‍ന്നതാണ് എന്നത് ഭവനമേഖലയ്ക്ക് ആശ്വാസമാണ്
  • ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന 1.07 ലക്ഷം യൂണിറ്റിലേക്കെത്തി
  • ഡെവലപ്പര്‍മാര്‍ ഉത്സവ പാദത്തില്‍ നിരവധി ഓഫറുകളും കിഴിവുകളും അവതരിപ്പിച്ചേക്കും


ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഭവന വില്‍പ്പന 11 ശതമാനം ഇടിഞ്ഞ് ഏഴ് പ്രധാന നഗരങ്ങളില്‍ 1.07 ലക്ഷം യൂണിറ്റിലെത്തിയതായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അനറോക്ക്.

അനറോക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന 1,20,290 യൂണിറ്റുകളില്‍ നിന്ന് 1,07,060 യൂണിറ്റായി. 'എല്ലാ മുന്‍നിര നഗരങ്ങളും ഭവന വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി' എന്ന് അനറോക്ക് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു.

പുതിയ ഭവന വിതരണത്തില്‍ മികച്ച 7 നഗരങ്ങളില്‍ ഇടിവ് 19 ശതമാനമാണ്. 'എന്നിരുന്നാലും, ലോഞ്ചുകളേക്കാള്‍ വില്‍പ്പന ഉയര്‍ന്നതാണ് എന്ന വസ്തുത സൂചിപ്പിക്കുന്നത് ഡിമാന്‍ഡ്-സപ്ലൈ സമവാക്യം ശക്തമായി തുടരുന്നു എന്നാണ്,' പുരി പറഞ്ഞു.

ഉയര്‍ന്ന വിലയ്ക്കും മണ്‍സൂണ്‍ കാലത്തിനും ഇടയില്‍ മൂന്നാം പാദത്തില്‍ ഭവന വില്‍പ്പന കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തത്തില്‍, ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഒരു പുതിയ ഉയരം സൃഷ്ടിച്ചതിന് ശേഷം ഭവന വിപണി സ്ഥിരത കൈവരിക്കുകയാണ്.

ഉല്‍സവ പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ഡെവലപ്പര്‍മാര്‍ നിരവധി പ്രോജക്ടുകള്‍ അവതിപ്പിച്ചിട്ടുണ്ടെന്ന് അനറോക്ക് പറഞ്ഞു. ഈ സമയത്ത് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

പാര്‍പ്പിട വിലകളും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നഗരങ്ങളിലുടനീളം ക്രമേണ സ്ഥിരത കൈവരിക്കുന്നു. വാങ്ങുന്നവരെ ആകര്‍ഷിക്കുന്നതിനായി ഡെവലപ്പര്‍മാര്‍ വരാനിരിക്കുന്ന ഉത്സവ പാദത്തില്‍ നിരവധി ഓഫറുകളും കിഴിവുകളും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

കണക്കുകള്‍ പ്രകാരം, മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ (എംഎംആര്‍) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന 7 നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. വില്‍പ്പന നടത്തിയത് 36,190 യൂണിറ്റുകള്‍. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 38,505 യൂണിറ്റുകളില്‍ നിന്ന് 6 ശതമാനം ഇടിവ്.

അവലോകന കാലയളവിലെ വില്‍പ്പനയില്‍ 22,885 യൂണിറ്റില്‍ നിന്ന് 19,050 യൂണിറ്റായി 17 ശതമാനം ഇടിവാണ് പൂനെ രേഖപ്പെടുത്തിയത്. ഡല്‍ഹി-എന്‍സിആറിലെ ഭവന വില്‍പ്പന 15,865 യൂണിറ്റില്‍ നിന്ന് 2 ശതമാനം ഇടിഞ്ഞ് 15,570 യൂണിറ്റായി. ബെംഗളൂരുവില്‍ ഭവന വില്‍പ്പന 16,395 യൂണിറ്റില്‍ നിന്ന് 8 ശതമാനം കുറഞ്ഞ് 15,025 യൂണിറ്റായി. 12,735 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹൈദരാബാദ് രേഖപ്പെടുത്തിയത്. കൊല്‍ക്കത്തയിലെ ഭവന വില്‍പ്പന 25 ശതമാനം ഇടിഞ്ഞ് 5,320 യൂണിറ്റില്‍ നിന്ന് 3,980 യൂണിറ്റായി.

ചെന്നൈയില്‍, ഭവന വില്‍പന ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 9 ശതമാനം ഇടിഞ്ഞ് 4,510 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 4,945 യൂണിറ്റായിരുന്നു.