image

5 Jan 2024 7:39 AM GMT

Realty

മാക്രോടെക് ഡെവലപ്പേഴ്സ്ന്റെ മൂന്നാംപാദ ബുക്കിങ്ങിൽ 12% വര്‍ധന

MyFin Bureau

macrotech developers q3 bookings up 12%
X

Summary

  • ഉയര്‍ന്ന നിലവാരമുള്ള വീടുകള്‍ക്ക് ഡിമാന്‍ഡ് ശക്തമാവുന്നു
  • കമ്പനി യുകെ വിപണിയില്‍ നിന്ന് പുറത്തുകടന്നു
  • ലോധ ബ്രാന്‍ഡിന് കീഴില്‍ പ്രോപ്പര്‍ട്ടികള്‍ വിപണനം ചെയ്യുന്ന കമ്പനിയാണ് മാക്രോടെക്


ഡെല്‍ഹി: റിയല്‍റ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്സ്ന്റെ ഡിസംബര്‍ പാദത്തിലെ ബുക്കിംഗ് 12 ശതമാനം വര്‍ധന രേഖപ്പെടുത്തി 3,410 കോടി രൂപയായി. ലോധ ബ്രാന്‍ഡിന് കീഴില്‍ പ്രോപ്പര്‍ട്ടികള്‍ വിപണനം ചെയ്യുന്ന മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ വില്‍പ്പന ബുക്കിംഗ് കഴിഞ്ഞ വര്‍ഷം 3,040 കോടി രൂപയായിരുന്നു. കമ്പനി എക്കാലത്തെയും മികച്ച മൂന്നാം പാദ പ്രീ-സെയില്‍സ് പ്രകടനം കൈവരിച്ചതായി മാക്രോടെക് ഡെവലപ്പേഴ്‌സ് അറിയിച്ചു.


'ഓരോ പാദം കഴിയുന്തോറും ഹൗസിങ് മേഖല വളര്‍ച്ച കൈവരിക്കുന്നത് സന്തോഷകരമാണെന്ന് കമ്പനി എംഡിയും സിഇഒയുമായ അഭിഷേക് ലോധ പറഞ്ഞു.

വരുമാന നിലവാരത്തിലെ ക്രമാനുഗതമായ വളര്‍ച്ചയുടെയും മതിയായ തൊഴിലവസരങ്ങളുടേയും പിന്‍ബലത്തില്‍ ഉയര്‍ന്ന നിലവാരമുള്ള വീടുകള്‍ക്ക് ഡിമാന്‍ഡ് ശക്തമാവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്കാലത്തെയും മികച്ച പ്രീ-സെയില്‍സ് പാദഫലത്തിന് കമ്പനിയെ പ്രാപ്തമാക്കിയത് ഡിമാന്‍ഡിന്റെ ഈ അടിസ്ഥാന ഘടകമാണെന്ന് ലോധ പറഞ്ഞു.

ആദ്യ മൂന്ന് പാദങ്ങളില്‍ 10,300 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗുകള്‍ നേടിയ ലോധ, മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള 14,500 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

6,000 കോടി രൂപയുടെ ജിഡിവി (മൊത്ത വികസന മൂല്യം) ഉള്ള മൂന്ന് പുതിയ പ്രോജക്ടുകള്‍ മൂന്നാം പാദത്തില്‍ കമ്പനി കൂട്ടിചേര്‍ത്തു. ഇതോടെ, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ 20,300 കോടി രൂപയുടെ പുതിയ ബിസിനസ് കൂട്ടിച്ചേര്‍ക്കല്‍ കമ്പനി ഇതിനകം നേടിയിട്ടുണ്ട്.

ഉയര്‍ന്ന തലത്തിലുള്ള ബിസിനസ്സ് വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നിട്ടും, അറ്റ കടം 6,750 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 മാര്‍ച്ചിലിത് 7,073 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ കൂടുതല്‍ കടം കുറയ്ക്കുന്നതിന് ശ്രമിക്കുമെന്ന് അഭിഷേക് ലോധ പറഞ്ഞു.

യുകെ നിക്ഷേപത്തില്‍ നിന്നുള്ള മുഴുവന്‍ തുകയും തിരിച്ചെടുത്ത ശേഷം കമ്പനി യുകെ വിപണിയില്‍ നിന്ന് പുറത്തുകടന്നതായി അദ്ദേഹം സൂചിപ്പിച്ചു. ലണ്ടനില്‍ രണ്ട് പദ്ധതികളുടെ വികസനം കമ്പനി പൂര്‍ത്തിയാക്കി. ഇനി കൂടുതലായി ഇന്ത്യയിലെ അവസരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.