14 Jan 2025 9:30 AM GMT
Summary
- റെസിഡന്‍ഷ്യല്‍ വില്‍പ്പനയുടെ 80 ശതമാനവും ഒരു കോടിക്ക് മുകളിലുള്ള പ്രോപ്പര്‍ട്ടികള്‍
- അതേസമയം താങ്ങാനാവുന്ന ഭവന വിഭാഗം വെല്ലുവിളികള്‍ നേരിടുന്നു
- 2-5 കോടി രൂപയുടെ സെഗ്മെന്റില്‍ 84% വാര്‍ഷിക വില്‍പ്പന വളര്‍ച്ച
റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ദേശീയ തലസ്ഥാന മേഖല വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞവര്‍ഷം ഈ മേഖലയിലെ മൊത്തം റെസിഡന്‍ഷ്യല്‍ വില്‍പ്പനയുടെ 80 ശതമാനവും ഒരു കോടി രൂപയ്ക്ക് മുകളിലുള്ള പ്രോപ്പര്‍ട്ടികളായിരുന്നു. ഇത് രാജ്യത്തെ പ്രീമിയംവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായ പ്രവണതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.
2-5 കോടി രൂപയുടെ സെഗ്മെന്റില്‍ 84% വാര്‍ഷിക വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 18,997 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ വിറ്റഴിച്ചത്. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഗുണമേന്മയുള്ള ലിവിംഗ് സ്‌പേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമ്പന്നരുടെ സംഖ്യ വര്‍ധിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള ഉയര്‍ന്ന നിലവാരമുള്ള, വിശാലമായ വീടുകളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
1-2 കോടി, 2-5 കോടി സെഗ്മെന്റുകള്‍ ഏറ്റവും സജീവമായി ഉയര്‍ന്നത് ശ്രദ്ധേയമാണ്. പ്രധാന ഡെവലപ്പര്‍മാര്‍ മേഖലയിലെ പ്രധാന മേഖലകളില്‍ പ്രോജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വില്‍പ്പനയിലെ ഈ കുതിച്ചുചാട്ടം, പ്രത്യേകിച്ച് പ്രീമിയം, ലക്ഷ്വറി സെഗ്മെന്റുകളില്‍, എന്‍സിആര്‍ ഭവന വിപണിയുടെ ചലനാത്മകതയെ പുനര്‍നിര്‍മ്മിക്കുന്നു. അതേസമയം താങ്ങാനാവുന്ന ഭവന വിഭാഗം വെല്ലുവിളികള്‍ നേരിടുകയാണ്.
എന്‍സിആര്‍-ലെ ഏറ്റവും ഉയര്‍ന്ന വില്‍പന വോളിയമാണ് 1-2 കോടി രൂപ വിലനിലവാരത്തിലുള്ള വിഭാഗത്തില്‍ കണ്ടത്. 2024-ല്‍ 19,111 യൂണിറ്റുകള്‍ വിറ്റു. ഈ സെഗ്മെന്റിലെ വില്‍പ്പന മാത്രം ഈ മേഖലയിലെ എല്ലാ റെസിഡന്‍ഷ്യല്‍ വില്‍പ്പനയുടെയും 33% ത്തിലധികം വരും.
2-5 കോടി, 5-10 കോടി, 10-20 കോടി എന്നീ വിഭാഗങ്ങളില്‍ എന്‍സിആര്‍, ഇന്ത്യയിലെ മറ്റ് പ്രധാന റിയല്‍ എസ്റ്റേറ്റ് വിപണികളെ മറികടന്ന് വില്‍പനയില്‍ മുന്നിലെത്തി. 2024-ല്‍ 18,997 യൂണിറ്റുകള്‍ വിറ്റഴിച്ച് 2-5 കോടി രൂപയുടെ സെഗ്മെന്റില്‍ 84% വില്‍പന വളര്‍ച്ച ഈ മേഖല കൈവരിച്ചു.
ബജറ്റ് അവബോധമുള്ള വിഭാഗങ്ങള്‍, പ്രത്യേകിച്ച് 50 ലക്ഷം രൂപയില്‍ താഴെ വിലയുള്ള പ്രോപ്പര്‍ട്ടികള്‍ വെല്ലുവിളികള്‍ നേരിടുന്നു. ഈ സെഗ്മെന്റിലെ വില്‍പ്പന 44% ഇടിഞ്ഞ് 4,223 യൂണിറ്റിലെത്തി. 50 ലക്ഷം-1 കോടി സെഗ്മെന്റ് 2024-ല്‍ 45% ഇടിഞ്ഞ് 7,510 യൂണിറ്റായി.