10 Sep 2023 11:26 AM GMT
Summary
- കൂടുതൽ പേരും 3 ബിഎച്ച്കെ ഫ്ലാറ്റുകളാണ് നോക്കുന്നത്
- നിലവില്‍ ഭവന വായ്പകളുടെ ശരാശരി പലിശ 9.15%
ഭവനവായ്പകളുടെ പലിശ നിരക്ക് ഇനിയും ഉയർന്നാൽ തങ്ങളുടെ വീടു വാങ്ങൽ തീരുമാനങ്ങളെ ബാധിക്കുമെന്ന് അനാറോക്ക് നടത്തിയ ഒരു സർവെയില്‍ പങ്കെടുത്ത 98 ശതമാനം പേരും അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ അനറോക്കിന്റെ ഓൺലൈൻ 'ഉപഭോക്തൃ വികാര സർവ്വേ' 5,218 പേരില്‍ നിന്നാണ് വിവരങ്ങള്‍ ആരാഞ്ഞത്.
ഇടത്തരം വിഭാഗത്തിലെയും, പ്രീമിയം വിഭാഗത്തിലെയും വീടുകളാണ് സര്‍വെയിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. കൂടുതൽ പേരും 3 ബിഎച്ച്കെ ഫ്ലാറ്റുകളാണ് നോക്കുന്നത്. സർവേ അനുസരിച്ച്, ഉയർന്ന പണപ്പെരുപ്പം 66 ശതമാനത്തിലധികം ആളുകളുടെയും ചെലവഴിക്കാവുന്ന വരുമാനത്തില്‍ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്.
ഭവന വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്ന് 9.5 ശതമാനം മുകളിലെത്തിയാല്‍ രാജ്യത്തെ റെസിഡന്‍ഷ്യല്‍ വിപണിയില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിൽ ശരാശരി 9.15 ശതമാനം പലിശയാണ് രാജ്യത്ത് ഭവനവായ്പകള്‍ക്ക് ഈടാക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ, പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ റിപ്പൊ നിരക്ക് ഉയർത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ഏകദേശം 250 ബേസിസ് പോയിന്റുകളുടെ വര്‍ധന ഭവന വായ്പകളുടെ പലിശ നിരക്കില്‍ ഉണ്ടായി.
സർവേയില്‍ പങ്കെടുത്ത, 59 ശതമാനം പേരും 45 ലക്ഷം മുതൽ 1.5 കോടി രൂപ വരെ വിലയുള്ള ഫ്ലാറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു. 45-90 ലക്ഷം രൂപ വില നിലവാരത്തിലുള്ള വീടുകളാണ് ഏറ്റവും പ്രിയങ്കരമായത് (35 ശതമാനം).