image

5 March 2024 11:17 AM GMT

Realty

നോയിഡയില്‍ സ്വപനഭവനങ്ങളുമായി വീണ്ടും ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

MyFin Desk

നോയിഡയില്‍ സ്വപനഭവനങ്ങളുമായി വീണ്ടും ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്
X

Summary

  • നോയിഡയിലെ തന്നെ ആറാമത്തെ പ്രൊജക്ടാണിത്.
  • ഭവന പദ്ധതികളില്‍ ശക്തമായ ആവശ്യകത നിലനില്‍ക്കുന്നുണ്ട്.
  • അറ്റാദായത്തിലും മുന്നേറ്റം


ഭവന പദ്ധതിയുമായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്. നോയിഡയില്‍ 6.46 ഏക്കര്‍ ഭൂമി വാങ്ങി 3000 കോടി രൂപയുടെ ഭവന പദ്ധതിയാണ് ഗോദ്‌റജ് തയ്യാറാക്കുന്നത്. റിയല്‍റ്റി സ്ഥാപനമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് 3,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി നോയിഡയില്‍ 6.46 ഏക്കര്‍ ഭൂമി വാങ്ങി.

6.46 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഭൂമി നോയിഡയിലെ സെക്ടര്‍ 44 ലാണ് സ്ഥിതി ചെയ്യുന്നത്. ലാന്‍ഡ് പാഴ്‌സല്‍ ഏകദേശം 1.4 ദശലക്ഷം (14 ലക്ഷം) ചതുരശ്ര അടി വികസന സാധ്യതയും ഏകദേശം 3,000 കോടി രൂപയുടെ വരുമാന സാധ്യതയും വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറഞ്ഞു. നോയിഡയിലെ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ ആറാമത്തെ പ്രോജക്ടാണിത്.

'ഞങ്ങളുടെ നിലവിലുള്ള പ്രോജക്റ്റുകള്‍ക്ക് നോയിഡയില്‍ ശക്തമായ ഡിമാന്‍ഡാണ് കാണുന്നത്. ഈ പദ്ധതി എന്‍സിആര്‍ (ദേശീയ തലസ്ഥാന മേഖല)യിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും,' ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എംഡിയും സിഇഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു.

5,000 കോടി രൂപയുടെ വരുമാന സാധ്യതയുള്ള ബെംഗളൂരുവില്‍ 62 ഏക്കര്‍ ടൗണ്‍ഷിപ്പ് വികസിപ്പിക്കുമെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 62 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ടൗണ്‍ഷിപ്പ് പ്രോജക്റ്റ്, പ്രാഥമികമായി പ്രീമിയം റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ഏകദേശം 5.6 ദശലക്ഷം (56 ലക്ഷം) ചതുരശ്ര അടി വില്‍പന ഏരിയ കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

ബിസിനസ് കമ്പനിയായ ഗോദ്റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന് ഡെല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ (എംഎംആര്‍), ബെംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. മാത്രമല്ല അടുത്തിടെയാണ് ഹൈദരാബാദ് വിപണിയിലേക്ക് ഇത് ചുവടുവെച്ചത്.

പ്രവര്‍ത്തനപരമായി, ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ വില്‍പ്പന ബുക്കിംഗ് ഈ സാമ്പത്തിക വര്‍ഷം പ്രതിവര്‍ഷം 50 ശതമാനം ഉയര്‍ന്ന് 18,000 കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2023ല്‍ 12,232 കോടി രൂപയുടെ സ്വത്തുക്കളാണ് ഗോദ്റെജ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗം വിറ്റത്.

ഈ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ 5,000 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ മാസം ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ പിറോജ്ഷ ഗോദ്റെജ് വ്യക്തമാക്കിയിരുന്നു.

ഭവന പദ്ധതികളില്‍ ശക്തമായ ഡിമാന്റ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 59 ശതമാനം ഉയര്‍ന്ന് 13,008 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,181 കോടി രൂപയായിരുന്നു.

ഡിസംബര്‍ പാദത്തില്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് സംയോജിത അറ്റാദായം 11 ശതമാനം വര്‍ധിച്ച് 62.72 കോടി രൂപയായി രേഖപ്പെടുത്തി. മൊത്തവരുമാനം മുന്‍വര്‍ഷം 404.58 കോടി രൂപയില്‍ നിന്ന് 548.31 കോടി രൂപയായും ഉയര്‍ന്നു.