21 March 2024 10:57 AM GMT
Summary
- നിലവിലുള്ള സാധ്യതകള്‍ മികച്ച റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റിനെ അനുകൂലിക്കുന്നു
- വീട് വാങ്ങുന്നവര്‍ക്ക് വിപണിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം
- അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകളുടെ റിപ്പോര്‍ട്ടും മികച്ച മാര്‍ക്കറ്റിനെ സൂചിപ്പിക്കുന്നു
വിവിധമേഖലകളില്‍ പൊതു തെരഞ്ഞെടുപ്പ് എന്തുസ്വാധീനമാണ് ചെലുത്തുക എന്നതുസംബന്ധിച്ച വിലയിരുത്തലുകളും ചര്‍ച്ചകളും ഇന്ന് വ്യാപകമാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന രംഗങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണി ചര്‍ച്ചകളില്‍ മുന്‍പന്തിയിലുണ്ട്. ഈവര്‍ഷം ഭവന വിപണി കുതിച്ചുകയറുമോ എന്ന ചോദ്യം നാനാതുറകളില്‍നിന്നും ഉയരുന്നുണ്ട്.
2014-ലെയും 2019-ലെയും മുന്‍കാല ട്രെന്‍ഡുകള്‍ വിലയിരുത്തുന്നവര്‍ സമാനമായ കുതിപ്പ് 2024-ലിലും പ്രതീക്ഷിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അനറോക്ക് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനുജ് പുരി പറയുന്നതനുസരിച്ച്, നിലവിലുള്ള സാധ്യതകള്‍ റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റിനെ അനുകൂലിക്കുന്നു. അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തില്‍ ഭവന വില്‍പ്പനയിലും പുതിയ ലോഞ്ചുകളിലും മറ്റൊരു തരംഗം സൃഷ്ടിക്കാന്‍ കഴിയും.
തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനത്തിന് ശേഷം നഗരങ്ങളിലുടനീളം ഭവന ആവശ്യം ഉയര്‍ന്ന നിലയില്‍തന്നെ തുടരുന്നു. ഭവനം വാങ്ങുന്നവര്‍ റിയല്‍ എസ്റ്റേറ്റ് വിപണിയെക്കുറിച്ച് വളരെ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.
ഐഎംഎഫ് പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ സംബന്ധിച്ച് ശക്തമായ ജിഡിപി പ്രവചനങ്ങളുണ്ടെന്ന് അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകളുടെ ഒരു റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യും. മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രണത്തിലുമാണ്. ഇത് വീട് വാങ്ങുന്നവര്‍ക്കിടയില്‍ സാമ്പത്തിക ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു.
ഡിമാന്‍ഡിനെ അടിസ്ഥാനമാക്കി, ഡെവലപ്പര്‍മാര്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായ ഭൂമി ഇടപാടുകള്‍ അവസാനിപ്പിച്ചിരുന്നു. അതേസമയം പലരും പുതിയ പ്രദേശങ്ങളിലേക്ക് കടക്കുകയാണ്. ഈ ഘടകങ്ങളെല്ലാം, 2024-ല്‍ റിയല്‍ എസ്റ്റേറ്റിന്റെ ഒരു പുതിയ കുതിപ്പിന് സാക്ഷ്യം വഹിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍, ഭവന വില്‍പ്പന പുതിയ തലത്തിലെത്തിയിരുന്നു. 2014ല്‍ ഏഴ് നഗരങ്ങളിലെ വില്‍പ്പന ഏകദേശം 3.45 ലക്ഷം യൂണിറ്റായി ഉയര്‍ന്നപ്പോള്‍ ലോഞ്ചുകള്‍ 5.45 ലക്ഷം യൂണിറ്റിലെത്തി. 2019-ല്‍ ഭവന വില്‍പ്പന ഏകദേശം 2.61 ലക്ഷം യൂണിറ്റായി ഉയര്‍ന്നപ്പോള്‍ പുതിയ ലോഞ്ചുകള്‍ 2016-നും 2019-നും ഇടയിലുള്ള ഇടവേളയ്ക്ക് ശേഷം ഏകദേശം 2.37 ലക്ഷം യൂണിറ്റായി ഉയര്‍ന്നു.
''2016-ലും 2017-ലും അവതരിപ്പിച്ച പ്രധാന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിനെ വൈല്‍ഡ് വെസ്റ്റ് അതിര്‍ത്തി വിപണിയില്‍ നിന്ന് കൂടുതല്‍ സംഘടിതവും നിയന്ത്രിതവുമാക്കി മാറ്റി. മിക്ക ഫ്‌ലൈ-ബൈ-നൈറ്റ് ഡെവലപ്പര്‍മാരും അതിനുശേഷം വിപണിയില്‍ നിന്ന് പുറത്തുകടക്കുകയും സംഘടിത കമ്പനികള്‍ ഉയര്‍ന്നുവരുകയും ചെയ്തു. ഇത് വീട് വാങ്ങുന്നവര്‍ക്കിടയില്‍ ആത്മവിശ്വാസം ഗണ്യമായി പുനരുജ്ജീവിപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
2019-നേക്കാള്‍ മികച്ച വര്‍ഷമായിരുന്നു 2014 എന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു. ശരാശരി വില മുന്‍ വര്‍ഷത്തില്‍ 6 ശതമാനവും പിന്നീടുള്ള വര്‍ഷത്തില്‍ ഒരു ശതമാനവും വര്‍ധിച്ചു. എന്നാല്‍ 2016 നും 2019 നും ഇടയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ മാന്ദ്യം നേരിട്ടുവെന്നത് ഓര്‍മിക്കേണ്ടതാണ്. 2016 നും 2017 നും ഇടയിലുള്ള നയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായത്. 2019-ല്‍ തിരിച്ചെത്തിയ വിപണി പിന്നീട് കോവിഡ്കാരണം ഇടിയുകയും ചെയ്തു.