29 Jun 2023 5:36 AM GMT
Summary
- പ്രധാന നഗരങ്ങളില്‍ ഉയരുന്ന വില്‍പ്പന
- കോവിഡിനുശേഷം വന്ന മാറ്റങ്ങളിലൊന്ന്
- റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നു
ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം വീട്, കുടുംബം എന്നത് വളരെ പ്രിയ ഇടങ്ങളാണ്. അവയ്ക്ക് എല്ലാവരുടെയും മനസില്‍ വലിയ സ്ഥാനമാണ് ഉള്ളതും. ഒരു വീട് നിര്‍മ്മിക്കുക അല്ലെങ്കില്‍ വാങ്ങുക എന്നത് ഏതൊരാളുടെയും സ്വപ്‌നവുമാണ്. എന്നാല്‍ ഇന്ന് ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ലോകത്ത് ഈ രംഗം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം കുറയുകയോ ഉയരാത്ത അവസ്ഥ ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ കഥ മറിച്ചാണ്.
ഭവനവായ്പകളുടെ വര്‍ധിച്ചുവരുന്ന പലിശയോ വീടുകളുടെ കുത്തനെ ഉയരുന്ന വിലയോ ഇന്ത്യാക്കാരെ ഇതുവരെ ബാധിച്ചിട്ടില്ല. തങ്ങളുടെ പ്രിയ ഇടങ്ങള്‍ സ്വന്തമാക്കാനായി റിയല്‍ എസ്റ്റേറ്റില്‍ ഇന്നും അവര്‍ നിക്ഷേപിക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി എന്ന പ്രതിഭാസവും ഈ മേഖലയെ രാജ്യത്ത് തളര്‍ത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷവും വീടുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ആണ് ഉള്ളത്. കൂടാതെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തുകയും ചെയ്തു. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ലെ രണ്ടാം പാദത്തില്‍ ഏഴ് നഗരങ്ങളിലായി 1,15,100 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 84,940 യൂണിറ്റുകളില്‍ നിന്ന് 36 ശതമാനം വര്‍ധനയാണ് ഇവിടെ ഉണ്ടായത്.
പൂനെ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), ചെന്നൈ, കൊല്‍ക്കത്ത എന്നിവയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏഴ് നഗരങ്ങള്‍. അടുത്ത കാലത്ത് ഭവനവായ്പ നിരക്കുകള്‍ കുതിച്ചുയര്‍ന്നിരുന്നു. വലുതും ചെറുതുമായ നിരവധി കോര്‍പ്പറേറ്റുകളുടെ പിരിച്ചുവിടലുകള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഉടലെടുത്തു. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും ഇന്ത്യന്‍ ഭവന വിപണിയില്‍ മികച്ച പ്രകടനം തന്നെയാണ്.
ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വില്‍പ്പന 8 ശതമാനം വര്‍ധിച്ച് 80,250 യൂണിറ്റുകളായതായി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ പ്രോപ് ടൈഗര്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വില്‍പ്പന എട്ട് ശതമാനം വര്‍ധിച്ച് 80,250 യൂണിറ്റുകളായി. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി-എന്‍സിആര്‍ (ഗുരുഗ്രാം, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്), എംഎംആര്‍ (മുംബൈ, നവി മുംബൈ, താനെ), പൂനെ എന്നീ എട്ട് പ്രധാന നഗരങ്ങളിലുടനീളം ഇത് പ്രതിഫലിക്കുന്നു.
പകര്‍ച്ചവ്യാധിക്കുശേഷമുള്ള കാലത്ത് ഇന്ത്യക്കാര്‍ക്ക് വീടിന്റെ ഉടമസ്ഥാവകാശം നിര്‍ബന്ധിത മുന്‍ഗണനയായി മാറിയെന്ന് ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം മിക്ക പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയിലാണെന്നും വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വര്‍ഷം ആദ്യം ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും ഭവനവായ്പ നിരക്ക് വര്‍ധനയുടെയും ആഘാതം ഭവന വിപണിയില്‍ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.
പണപ്പെരുപ്പത്തെ നേരിടാന്‍ ആര്‍ബിഐ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭവനവായ്പ നിരക്കുകള്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഈ മേഖലയിലെ പ്രവണത നിലനില്‍ക്കുമെന്ന്തന്നെയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കരുതുന്നത്. പ്രത്യേകിച്ചും
2023 കലണ്ടര്‍ വര്‍ഷത്തെ വില്‍പ്പന പ്രകടനത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ചതാകുമ്പോള്‍.
റിയല്‍ എസ്‌റ്റേറ്റ് സര്‍വീസ് പ്രൊവൈഡറായ അനറോക്ക് പറയുന്നതനുസരിച്ച്, ആദ്യ ഏഴ് നഗരങ്ങളിലെ മൊത്തം വില്‍പ്പനയുടെ 51 ശതമാനത്തിലധികം നടന്നത് മുംബൈയിലും പൂനെയിലുമാണ്. പൂനെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കുതിപ്പിന് സാക്ഷ്യം വഹിച്ചു. ഈ നഗരങ്ങളില്‍ 58,770 യൂണിറ്റുകള്‍ വിറ്റഴിച്ചു. എന്നാല്‍ ആദ്യ പാദത്തില്‍ ചില നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് ഇടിവുരേഖപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, വാര്‍ഷികാടിസ്ഥാനത്തില്‍, എല്ലാ നഗരങ്ങളിലും കാര്യമായ കുതിച്ചുചാട്ടം ഉണ്ടായതായി റിപ്പോര്‍ട്ട് കാണിച്ചു. 2023 ലെ രണ്ടാം പാദത്തില്‍ 20,680 യൂണിറ്റുകള്‍ വിറ്റഴിച്ച പുനെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചപ്പോള്‍, ഏഴ് ശതമാനം വര്‍ധിച്ച് 16,450 യൂണിറ്റുകളിലെത്തിയ ഏക നഗരം മുംബൈയാണ്.
കൊല്‍ക്കത്തയിലെ ഭവന വില്‍പ്പന 2022 ലെ രണ്ടാം പാദത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇവിടെ ഏകദേശം 5,780 യൂണിറ്റുകള്‍ ആണ് വിറ്റഴിക്കപ്പെട്ടത്. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ വീടിന്റെ വില്‍പ്പന യഥാക്രമം 48 ശതമാനവും 31 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
ചെന്നൈയില്‍ ഭവന വില്‍പ്പന 44 ശതമാനം ഉയര്‍ന്ന് 5,490 യൂണിറ്റായും ഹൈദരാബാദില്‍ 21 ശതമാനം വര്‍ധിച്ച് 13,570 യൂണിറ്റായും ഉയര്‍ന്നു.
2023 ലെ രണ്ടാം പാദത്തില്‍, വിറ്റഴിച്ച റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ 15 ശതമാനവും റെഡി-ടു-മൂവ്-ഇന്‍ ആയി തരംതിരിച്ചിട്ടുണ്ട്, ബാക്കിയുള്ള 85 ശതമാനം നിര്‍മ്മാണത്തിലാണ്. 27 ശതമാനം ഉള്‍പ്പെടുന്ന വില്‍പ്പനയുടെ ഭൂരിഭാഗവും 45-75 ലക്ഷം രൂപ വില പരിധിയിലാണ് നടന്നത്.തൊട്ടുപിന്നാലെ ഒരു കോടിയിലധികം വില ശ്രേണിയും മൊത്തത്തിലുള്ള വില്‍പ്പനയുടെ 25 ശതമാനവും കൈവരിച്ചിട്ടുണ്ട്.
40 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ വിലയുള്ള മിഡ്-സെഗ്മെന്റ് വീടുകള്‍ വ്യാപകമായി ലഭ്യമാണ്. അനാറോക്ക് പറയുന്നതനുസരിച്ച് 31 ശതമാനം ഷെയറുമായി ഇവ ആധിപത്യം പുലര്‍ത്തുന്നു. പ്രീമിയം (80 ലക്ഷം1.5 കോടി രൂപ) വിഭാഗത്തില്‍ 27ശതമാനവും ആഡംബര വിഭാഗത്തില്‍ ( 1.5 കോടി രൂപ) 23ശതമാനവും വില്‍പ്പനയില്‍ വിഹിതമുണ്ട്.
നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയും മൊത്തത്തിലുള്ള ഡിമാന്‍ഡും കാരണം
മികച്ച ഏഴ് നഗരങ്ങളിലെ ശരാശരി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില 6-10 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.
മുംബൈ, എന്‍സിആര്‍, ബെംഗളൂരു, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ ആദ്യ ആറ് നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ ഈ കലണ്ടര്‍ വര്‍ഷം 8-10 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷണ ഏജന്‍സിയായ ക്രിസില്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
2023ലെ (ജനുവരി-ജൂണ്‍) ആദ്യ പകുതിയില്‍ 22 ഡീലുകളിലായി 2.9 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല ആകര്‍ഷിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന തുകയാണിത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഈ മേഖലയിലെ നിക്ഷേപം അഞ്ച് ബില്യണ്‍ കടക്കുമെന്നാണ് പ്രതീക്ഷ.