12 May 2024 7:29 AM GMT
Summary
- വീടിനെ സ്വപ്‌നം കാണുന്നവര്‍ക്ക് യാഥാര്‍ഥ്യമാക്കാനുള്ള മികച്ച മാര്‍ഗമാണ് ഭവന വായ്പ
- ഓരോ ബാങ്കിലെയും പലിശ നിരക്കുകള്‍ വ്യത്യസ്തമാകും. പലിശ നിരക്ക് മാത്രമല്ല ഭവന വായ്പയെടുക്കുന്നതിലെ മാനദണ്ഡമെന്ന് മനസിലക്കി വേണം ബാങ്കുകളെ സമീപിക്കാന്‍
- നിക്ഷേപത്തിനൊപ്പം നികുതി ലാഭവും ഭവന വായ്പയെടുക്കുന്നതു കൊണ്ടുള്ള നേട്ടമാണ്. വായ്പയെടുക്കുമ്പോള്‍ ഇത് പരിഗണിക്കാം
മലയാളിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തമായി ഒരു വീട്. അതിനായി സമ്പാദ്യങ്ങളെല്ലാം സ്വരുക്കൂട്ടി വെക്കുന്നവരുണ്ട്, വായ്പ എടുക്കുന്നവരും വിദേശത്ത് ജോലിക്കു പോകുന്നവരുമുണ്ട്, ലൈഫ് പോലുള്ള സര്‍ക്കാര്‍ പദ്ധതികളെ ആശ്രയിക്കുന്ന മനുഷ്യരുമുണ്ട്. വീടിനെ കാറ്റിലും മഴയിലും വെയിലിലും നിന്നൊരു സംരക്ഷണമായി കണക്കാക്കുന്നവരും ആഢംബരവും സമ്പത്തും പ്രദര്‍ശിപ്പിക്കാനുള്ള ഒന്നായി കണക്കാക്കുന്നവരുമുണ്ട്.
എന്തു തന്നെയായാലും വീട് പണിയാന്‍ ഭവന വായ്പയെ ആശ്രയിക്കുന്നവരാണ് വലിയൊരു വിഭാഗം ആളുകളും. ഇതുവരെ സ്വരുക്കൂട്ടിയതിലെ പോരായ്മ പരിഹരിക്കാന്‍ വായ്പ എടുക്കുന്നവര്‍ മുതല്‍ സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ വരെ വായ്പയെ എടുക്കുന്ന ആളുകള്‍ക്കിടയില്‍ വിവിധ വായ്പാ ഉത്പന്നങ്ങളുമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സജീവമാണ്.
വായ്പ
വീട് വെയ്ക്കാനുള്ള പണം കണ്ടെത്താന്‍ ബാങ്ക് വായ്പകളെയാണ് കൂടുതല്‍ ആളുകളും ആശ്രയിക്കുന്നതെന്ന് പറഞ്ഞല്ലോ. വായ്പ എടുക്കാന്‍ ബാങ്കുകളെ തെരഞ്ഞെടുക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. പലിശ നിരക്ക്, വായ്പ എടുക്കുന്നയാളുടെ തിരിച്ചടവ് ശേഷി, പ്രോസസിംഗ് ഫീസ് എന്നിവയെല്ലാം ഉള്‍പ്പെടും. വിദേശ മലയാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ തുക ഭവനവായ്പയായി ലഭിക്കുന്നത്. വ്യക്തിഗത ക്രെഡിറ്റ് സ്‌കോറിന്റേയും വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ ഓരോ ബാങ്കിലെയും പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. അതുകൊണ്ട് വായ്പ എടുക്കും മുമ്പ് മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ഉറപ്പാക്കിയ ശേഷം ബാങ്കിനെ സമീപിക്കാം. ഒന്നിലധികം ബാങ്കുകളെ സമീപിച്ച് താരതമ്യം ചെയ്ത ശേഷം മാത്രം വായ്പ എടുക്കുന്നതാണ് നല്ലത്. ഭവന വായ്പകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ സ്ഥാപനങ്ങളും നല്‍കാറുണ്ട്. അതിനായി ഒരു തുക വായ്പയില്‍ നിന്നും ഈടാക്കും. വായ്പയെടുത്ത വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചാലും ആശ്രിതര്‍ക്ക് അതൊരു ബാധ്യതയാകരുത് എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.
ഭവന വായ്പ എടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ബാങ്കുകളെ താരതമ്യം ചെയ്യുക: ഓരോ ബാങ്കിലും ഓരോ രീതിയിലാണ് ഭവന വായ്പ. പ്രോസസിംഗ് ഫീസ്, പലിശ എന്നിവയിലെല്ലാം ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഓരോ ബാങ്കുകളുടെ ഓഫറുകളെ കുറിച്ച് അറിഞ്ഞുവെക്കാം. അവ തമ്മില്‍ താരതമ്യം ചെയ്ത് ഉചിതമായത് കണ്ടെത്താം.
2. സിബില്‍ സ്‌കോര്‍: മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന ഉപഭോക്താവിന് ആകര്‍ഷകമായ നിരക്കില്‍ ഭവന വായ്പ ലഭിക്കും. സിബില്‍ സ്‌കോര്‍ 800ന് മുകളില്‍ ഉള്ളവര്‍ക്ക് പലിശയിലും മറ്റും മികച്ച ഇളവ് നേടാം.
3. വായ്പാ തിരിച്ചടവ് മുടക്കരുത്: പ്രതിമാസ തിരിച്ചടവ് ഇഎംഐ മുടങ്ങിയാല്‍ ബാങ്ക് പിഴ ഈടാക്കും. അതോടൊപ്പം ഭാവിയിലെ വായ്പകളെയും ബാധിക്കും. ഇതിനൊപ്പം സിബില്‍ സ്‌കോറും കുറയും.
4.വായ്പാ കാലാവധി:വായ്പ എടുക്കുന്നയാള്‍ വായ്പാ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പ്രതിമാസം എത്ര തിരിച്ചടവ് നിങ്ങള്‍ക്ക് സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ദീര്‍ഘകാലത്തേക്കാണോ ഹ്രസ്വകാലത്തേക്കാണോ വായ്പാ തിരിച്ചടവ് കാലാവധിയെന്ന് തീരുമാനിക്കുന്നത്. വായ്പ എടുക്കുന്നയാളിന്റെ വരുമാനം എത്രയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടവ് തുക തീരുമാനിക്കുന്നത്. കൂടുതല്‍ തുക പ്രതിമാസ ഇഎംഐയായി അടയ്ക്കാന്‍ സാധിക്കുമെങ്കില്‍ ഹ്രസ്വകാല ഭവന വായ്പ തെരഞ്ഞെടുക്കാവുന്നതാണ്.
5:മുന്‍കൂട്ടിയുള്ള വായപാ തിരിച്ചടവ് : ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വായ്പ എടുക്കുന്നയാള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ ഭവന വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്ന സൗകര്യമാണിത്. വായ്പാ തുക പൂര്‍ണമായി അടച്ചോ അല്ലെങ്കില്‍ കുറച്ച് അധിക ഇഎംഐകള്‍ മുന്‍ കൂട്ടി അടച്ചോ പേയ്‌മെന്റ് നടത്താം. ചില ബാങ്കുകള്‍ വായ്പാ കാലാവധി തീരും മുമ്പ് വായ്പാ തിരിച്ചടവ് നടത്തുന്നതിന് അധിക തുക ഈടാക്കാറുണ്ട്. ഇക്കാര്യങ്ങള്‍ ചോദിച്ച് ഉറപ്പാക്കി വേണം തിരിച്ചടവ് നടത്താന്‍.
(20 ലക്ഷം രൂപ 20 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ വിവിധ ബാങ്കുകള്‍ ഈടാക്കുന്ന പലിശയും പ്രതിമാസ ഇഎംഐയും എത്രയാണെന്നു നോക്കാം)
വീടിലെ നിക്ഷേപ സാധ്യത
വീട് അടിസ്ഥാന ആവശ്യങ്ങളിലൊന്നാണെങ്കിലും പണം കയ്യിലുള്ളവവര്‍ക്ക് നിക്ഷേപ ഓപ്ഷനാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണിത്. കേരളത്തിലാകട്ടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയ്ക്ക് നല്ല ഡിമാന്റാണുള്ളത്. പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വീട് ലാഭകരമായ ബിസിനസായും കണ്ടുവരുന്നു. കാരണം പണപ്പെരുപ്പം ഉയരുന്നതിനനുസരിച്ച് വീട് വാങ്ങി മറിച്ച് വില്‍ക്കേണ്ടി വന്നാലും ലാഭകരമായിരിക്കും. എന്‍ആര്‍ഐ മലയാളികള്‍ അധികവും തങ്ങളുടെ സമ്പാദ്യം പല രീതിയിലുള്ള നിക്ഷേപങ്ങളാക്കി റിസ്‌ക് കുറയ്ക്കാന്‍ ശ്രമിക്കുന്ന പ്രവണതയാണ് പൊതുവേ കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ഓഹരി വിപണി പോലുള്ള നിക്ഷേപ ഓപ്ഷനുകളില്‍ നിക്ഷേപിക്കുന്നതിനൊപ്പം റിയല്‍ എസ്‌റ്റേറ്റിലേക്കും കുറച്ച് പണം മാറ്റിവയ്ക്കുന്നു. വീട് എന്ന ആഗ്രഹം നിറവേറുകയും ചെയ്യും പിന്നീട് വേണ്ടിവന്നാല്‍ ലാഭകരമായി വില്‍പന നടത്തുകയും ചെയ്യാം.
നികുതി നേട്ടം
ഭവന വായ്പ എടുക്കുന്നത് ആദായ നികുതി അടയ്ക്കുന്നവരെ സംബന്ധിച്ച് നേട്ടമാണ്. ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെ ഭവന വായ്പാ തിരിച്ചടവിന് നികുതിയിളവ് ലഭ്യമാണ്.
വായ്പാ കാലാവധി തെരഞ്ഞെടുക്കുമ്പോള്‍
'വായ്പ എടുക്കുന്നയാള്‍ വായ്പാ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പ്രതിമാസം എത്ര തിരിച്ചടവ് നിങ്ങള്‍ക്ക് സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ദീര്‍ഘകാലത്തേക്കാണോ ഹ്രസ്വകാലത്തേക്കാണോ വായ്പാ തിരിച്ചടവ് കാലാവധിയെന്ന് തീരുമാനിക്കേണ്ടത്. വായ്പ എടുക്കുന്നയാളിന്റെ വരുമാനം എത്രയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് വായ്പ തിരിച്ചടവ് തീരുമാനിക്കേണ്ടത്. കൂടുതല്‍ തുക പ്രതിമാസ ഇഎംഐയായി അടയ്ക്കാന്‍ സാധിക്കുമെങ്കില്‍ ഹൃസ്വകാല ഭവന വായ്പ തെരഞ്ഞെടുക്കാവുന്നതാണ്' ഫെഡറല്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കെ എ ബാബു അഭിപ്രായപ്പെടുന്നു.പറയുന്നു. കാലാവധി നീളുന്നതിനനുസരിച്ച് പലിശ നിരക്ക് കൂടും. പക്ഷേ, മുന്നോട്ടുള്ള വര്‍ഷങ്ങളിലെ പണപ്പെരുപ്പ നിരക്കിനെ പരിഗണിക്കുമ്പോള്‍ ദീര്‍ഘകാല വായ്പാ തിരിച്ചടവ് ഒരു ബാധ്യതയായി തീരില്ല. നികുതി ആനുകൂല്യം ലഭിക്കേണ്ടവര്‍ക്കും ദീര്‍ഘകാലം നേട്ടമാണ്.
(2023 ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ വിവിധ ബാങ്കുകള്‍ വിതരണം ചെയ്ത വായ്പ തുക)
ബാങ്കുകള്‍ കൂടുതല്‍ പലിശ ഈടാക്കുന്നുണ്ടോ?
'ബാങ്കുകള്‍ ലോണ്‍ എടുക്കുന്നവരില്‍ നിന്ന് കൂടുതല്‍ പലിശ ഈടാക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്. ആര്‍ബിഐയുടെ നിരക്ക് അനുസരിച്ചാണ് ബാങ്കുകള്‍ പലിശ കണക്കാക്കുന്നത്. കോര്‍ ബാങ്കിങ്ങ് സിസ്റ്റം ആണ് ബാങ്ക് പിന്തുടരുന്നത്. മാനുവലായി പലിശ കണക്കാക്കുന്ന രീതി നിലവില്‍ ഇല്ലാത്തതിനാല്‍ പലിശ തുകയില്‍ തെറ്റ് വരാനുള്ള സാധ്യത ഇല്ല. വായ്പ തുകയ്ക്ക് അനുസരിച്ച് പ്രതിമാസ ഇഎംഐ ബാങ്കുകള്‍ കണക്കാക്കിയിട്ടുണ്ടാകും. ലോണ്‍ തിരിച്ചടവ് തുടങ്ങി ആദ്യ മാസങ്ങളില്‍ പലിശ ഇനത്തിലാകും കൂടുതല്‍ തുക അടയുന്നത്. വരും മാസങ്ങളില്‍ പ്രിന്‍സിപ്പല്‍ തുക കുറയുന്നതിന് അനുസരിച്ച് പലിശയിലേക്ക് പോകുന്ന തുകയും കുറയും. ഇത് മനസിലാക്കാതെയാണ് കൂടുതല്‍ പലിശയാണ് ബാങ്കുകള്‍ എടുക്കുന്നതെന്ന് ലോണ്‍ എടുക്കുന്നവര്‍ പറയുന്നത്' കെ. എ ബാബു പറഞ്ഞു.
(2023 ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ വിവിധ ബാങ്കുകള്‍ വിതരണം ചെയ്ത വായ്പകളുടെ എണ്ണം)
20 ലക്ഷം രൂപ വായ്പ എടുത്താല്‍
20 ലക്ഷം രൂപയാണ് 20 വര്‍ഷത്തേക്ക് വായ്പ എടുക്കുന്നതെങ്കില്‍ വിവിധ ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കും ഇഎംഐയും ഒന്നു നോക്കാം.
1. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
20 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് 8.35 ശതമാനം പലിശയാണ് യൂണിയന്‍ ബാങ്ക് ഈടാക്കുന്നത്. 20 വര്‍ഷത്തെ കാലാവധിയുള്ള വായ്പയുടെ ഇഎംഐ 17,167 രൂപയാണ്.
2. ബാങ്ക് ഓഫ് ബറോഡ
8.4 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ബറോഡ ഭവന വായ്പ വിഗ്ദാനം ചെയ്യുന്നത്. ഇഎംഐ 17,230 രൂപയാണ്.
3. കാനറ ബാങ്ക്
8.5 ശതമാനം മുതലാണ് പലിശ നിരക്ക് ഈടാക്കുന്നത്. ഇഎംഐ 17,356 രൂപയാണ്.
4. കൊട്ടക് മഹീന്ദ്ര
8.7 ശതമാനം മുതല്‍ പലിശയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പയ്ക്ക് ഈടാക്കുന്നത്. ഇഎംഐ 17,610 രൂപയായിരിക്കും.
5. ആക്‌സിസ് ബാങ്ക്
8.75 ശതമാനം പലിശ നിരക്കിലാണ് ആക്‌സിസ് ബാങ്ക് ഭവന വായ്പ അനുവദിക്കുന്നത്. 17,674 രൂപയാണ് ഇഎംഐ അടയ്‌ക്കേണ്ടത്.
6. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് ഭവന വായ്പയ്ക്ക് 9 ശതമാനം മുതല്‍ പലിശ ഈടാക്കുന്നു. 17,995 രൂപയാണ് ഈഎംഐ.
7. എസ്ബിഐ ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവന വായ്പകള്‍ക്ക് 9.15 ശതമാനം മുതല്‍ പലിശ ഈടാക്കുന്നു. 18,188 രൂപയാണ് ഭവന വായ്പയുടെ ഇഎംഐ.
8. എച്ച്ഡിഎഫ്‌സി ബാങ്ക്
9.4 ശതമാനം പലിശ നിരക്കിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഭവന വായ്പ അനുവദിക്കുന്നത്. ഇഎംഐ തുക 18,512 രൂപയാണ്.
കയ്യില്‍ എത്രയുണ്ട്
ഭവന വായ്പാ എടുക്കാനൊരുങ്ങും മുമ്പ് കയ്യില്‍ എത്ര രൂപയുണ്ടെന്നു കൂടി ഉറപ്പാക്കേണ്ടതുണ്ട്. ബാങ്കുകള്‍ പലപ്പോഴും വീട് നിര്‍മ്മിക്കാനാവശ്യമായ തുകയുടെ 80 ശതമാനം മാത്രമേ വായ്പ നല്‍കൂ. ബാക്കി 20 ശതമാനം സ്വയം സ്വരുക്കൂട്ടേണ്ടതുണ്ട്. അതുകൊണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാണ് വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുത്ത് പ്രതിമാസം 5000 രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 4,12,432 രൂപ സ്വരൂപിക്കാം. ഇനി 2500 രൂപ വീതമാണ് നിക്ഷേപമെങ്കില്‍ 2,06,216 രൂപ സ്വരൂപിക്കാം.
വായ്പ എടുക്കാനാവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്ന് വായ്പ എടുക്കാനുദ്ദേശിക്കുന്ന ബാങ്കിനോട് ചോദിച്ചറിഞ്ഞ് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വായ്പ എടുക്കുന്നത് നീണ്ടു പോയേക്കാം. ആഢംബരങ്ങളെക്കാളുപരി പ്രായോഗികതയ്ക്കും ബജറ്റിനിണങ്ങിയതുമായ വീട് വെച്ചാല്‍ പിന്നെയും പിന്നെയും വീടിനായി ചെലവവഴിക്കുന്നത് കുറയ്ക്കാം. മാത്രവുമല്ല കടം കുറച്ച് സാമ്പത്തിക ബാധ്യതയും കുറയ്ക്കാം.
ആവശ്യമായ രേഖകള്‍
ഭവന വായ്പാ അപേക്ഷ ഫോം
ഐഡന്റിറ്റി തെളിയിക്കുന്ന രേഖ
വിലാസം തെളിയിക്കുന്ന രേഖ
മൂന്ന് മാസത്തെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്
6 മാസത്തെ സാലറി സര്‍ട്ടിഫിക്കറ്റ്
ഫോം 16/ ഇന്‍കം ടാക്‌സ് അടച്ചതിന്റെ രേഖ
വസ്തുവിന്റെ ആധാരം
കെട്ടിട നികുതി, ഭൂ നികുതി എന്നിവ അടച്ചതിന്റെ രേഖ
കൈവശാവകാശ രേഖ
ലൊക്കേഷന്‍ സ്‌കെച്ച്
ബില്‍ഡിംഗ് പ്ലാന്‍
ബാധ്യത സര്‍ട്ടിഫിക്കറ്റ്
ബില്‍ഡിംഗ് പെര്‍മിറ്റ്