15 April 2024 9:34 AM GMT
Summary
- അന്‍പത് ലക്ഷത്തില്‍ താഴെയുള്ള വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില്‍പ്പനയിലാണ് കുറവ്
- വന്‍ നഗരങ്ങളില്‍ താമസസ്ഥലങ്ങളുടെ വിലകള്‍ 15 ശതമാനം വരെ വര്‍ധിച്ചു
- 50 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള സെഗ്മെന്റ് ഇപ്പോഴും പ്രാധാന്യം നിലനിര്‍ത്തുന്നു
2024ലെ ആദ്യ പാദത്തില്‍ ഭവന വില്‍പ്പന 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% വര്‍ധിച്ചതായും 4,486 യൂണിറ്റുകള്‍ രാജ്യത്തുടനീളമുള്ള ഉയര്‍ന്ന ഏഴ് വിപണികളില്‍ വിറ്റഴിക്കപ്പെട്ടതായും റിപ്പോര്‍ട്ട്. വര്‍ഷാവസാനത്തോടെ ഈ എണ്ണം 3 ലക്ഷത്തിലധികം യൂണിറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎല്‍എല്‍ അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെംഗളൂരു, മുംബൈ, പൂനെ എന്നിവയുടെ വിപണികളാണ് ത്രൈമാസ വില്‍പ്പനയില്‍ പ്രധാനമായും സംഭാവന ചെയ്തത്. ഈ മൂന്ന് നഗരങ്ങളിലും മികച്ച ലോഞ്ചുകള്‍ ഉണ്ടായി. 50 ലക്ഷം മുതല്‍ 75 ലക്ഷം വരെ വില വിഭാഗത്തില്‍ ബെംഗളൂരുവും പൂനെയും ഏറ്റവും കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തിയപ്പോള്‍, മുംബൈയില്‍ പരമാവധി വില്‍പ്പന നടന്നത് 1.5 കോടി മുതല്‍ 3 കോടി രൂപ വരെ വില വിഭാഗത്തിലാണ്.
''ഡിമാന്‍ഡും മാര്‍ക്കറ്റ് ഡൈനാമിക്‌സും മനസ്സിലാക്കി ഡവലപ്പര്‍മാര്‍ ശരിയായ ഉല്‍പ്പന്നങ്ങളുടെ തന്ത്രപരമായ ലോഞ്ച് നടത്തി. ഇത് റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റിനെ പുതിയ വളര്‍ച്ചാ ഘട്ടത്തിലേക്ക് നയിച്ചു. ബ്രാന്‍ഡഡ് ഡവലപ്പര്‍മാരില്‍ ചിലര്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോയും മാര്‍ക്കറ്റ് ഷെയറും വിപുലീകരിക്കുന്നതിനായി പുതിയ വിപണികളിലും നഗരങ്ങളിലും പ്രവേശിക്കാന്‍ പദ്ധതിയിടുന്നുണ്ട്,'' ആര്‍ഇഐഎസ് ചീഫ് ഇക്കണോമിസ്റ്റും റിസര്‍ച്ച് മേധാവിയുമായ സമന്തക് ദാസ് പറഞ്ഞു.
3 കോടി രൂപയോ അതില്‍ കൂടുതലോ വിലയുള്ള അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ആഡംബര വിഭാഗത്തില്‍, ത്രൈമാസ വില്‍പ്പനയുടെ വിഹിതം ഗണ്യമായ വര്‍ധനവിന് സാക്ഷ്യം വഹിച്ചു. 2022-ലെ ആദ്യപാദത്തിലെ 5%നിന്ന് 2024 ആദ്യപാദത്തില്‍ 11 %ആയാണ് ഉയര്‍ന്നത്.
ഈ വളര്‍ച്ച പ്രത്യേകിച്ചും ഡല്‍ഹി എന്‍സിആറില്‍ പ്രകടമാണ്. 2024 ലെ ഒന്നാം പാദത്തില്‍, 44% വില്‍പ്പന ആഡംബര വിഭാഗത്തിലായിരുന്നു. അതേസമയം താങ്ങാനാവുന്ന സെഗ്മെന്റില്‍ വില്‍പ്പന കുറയുന്നു.50 ലക്ഷത്തില്‍ താഴെ വിലയുള്ള അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വിഭാഗത്തില്‍ വില്‍പ്പന വിഹിതം 27% ല്‍ നിന്ന് 15% ആയി കുറഞ്ഞു.
എന്നിരുന്നാലും, മികച്ച ഏഴ് നഗരങ്ങളുടെ മൊത്തത്തിലുള്ള വില്‍പ്പന അളവില്‍, 50 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള സെഗ്മെന്റ് ഇപ്പോഴും അതിന്റെ പ്രാധാന്യം നിലനിര്‍ത്തുന്നുണ്ട്.
2024-ലെ ഒന്നാം പാദത്തില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് നഗരങ്ങളിലെ താമസസ്ഥല വിലകള്‍ 3-15% വരെ വര്‍ഷാവര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ബെംഗളൂരു, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളില്‍ 15 ശതമാനത്തോളം വില വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.പുതിയ ലോഞ്ചുകള്‍ വിറ്റഴിയുന്നതിന്റെ വേഗത കാരണം, അത്തരം സാധനങ്ങളുടെ ലഭ്യത വളരെ പരിമിതമാണ്. ഇത് വിലയില്‍ വര്‍ധനവിന് കാരണമാകുന്നു.
2024 ലെ ഒന്നാം പാദത്തില്‍ 79,110 ഭവന യൂണിറ്റുകള്‍ ആരംഭിച്ചു. ഡെവലപ്പര്‍മാര്‍ തങ്ങളുടെ വിപണന തന്ത്രങ്ങള്‍ പുനഃക്രമീകരിച്ചു, ഉയര്‍ന്ന മൂല്യമുള്ള പ്രോജക്ടുകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിന് ഇടയാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.
പുതിയ ലോഞ്ചുകളില്‍ ഏകദേശം 37% 1.5 കോടിയും അതിനുമുകളിലും ഉള്ളവയാണ്.
2024 ലെ ഒന്നാം പാദത്തിലെ കണക്കനുസരിച്ച്, ഏഴ് നഗരങ്ങളിലുടനീളമുള്ള വിറ്റഴിക്കാത്ത യൂണിറ്റുകളില്‍ എല്ലാവര്‍ഷവും ഒരുശതമാനം കണ്ട് വര്‍ധിച്ചു. ഇതിന്റെ സംഖ്യ വില്‍പ്പനയെ മറികടന്നു.
2024-ല്‍, റെസിഡന്‍ഷ്യല്‍ വില്‍പ്പന ഏകദേശം 3 ലക്ഷം മുതല്‍ 3.15 ലക്ഷം യൂണിറ്റുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു കാരണം നിലവിലുള്ള വളര്‍ച്ചാവേഗതയാണ്.