image

24 Aug 2023 7:08 AM GMT

Industries

ടൂറിസം ഉച്ചകോടിയുമായി പഞ്ചാബ് സര്‍ക്കാര്‍

MyFin Desk

punjab tourism summit | punjab tourism
X

Summary

  • ഇതിനൊപ്പം ട്രാവല്‍ മാര്‍ട്ടും സംസ്ഥാനത്ത് നടക്കും
  • നിരവധി റോഡ്‌ഷോകള്‍ രാജ്യമെമ്പാടും സംഘടിപ്പിച്ചു
  • 2030-ഓടെ സംസ്ഥാനം പ്രമുഖ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി മാറ്റുക ലക്ഷ്യം


വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചാബ് സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ മൊഹാലിയില്‍ ടൂറിസം ഉച്ചകോടിയും ട്രാവല്‍ മാര്‍ട്ടും സംഘടിപ്പിക്കും. പഞ്ചാബിനെ രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലൊന്ന്.

അമൃത്സര്‍, രൂപ്നഗര്‍, ലുധിയാന, പട്യാല, ഫത്തേഗഡ് സാഹിബ് എന്നീ അഞ്ച് നഗരങ്ങള്‍ വിദേശ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. 2030-ഓടെ സംസ്ഥാനം, രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുവാനുള്ള പ്രവർത്തനങ്ങളിലാണ് ടൂറിസം വകുപ്പ്.

വിനോദസഞ്ചാരത്തിലൂടെ ഉയര്‍ന്ന വരുമാനം നേടുക എന്നലക്ഷ്യവുമായി സംസ്ഥാന ടൂറിസം വകുപ്പ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. ഈ രംഗത്ത് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് അതിന്റെ ആദ്യ റോഡ്‌ഷോ ജയ്പൂരില്‍ ഉദ്ഘാടനം ചെയ്തു. ആടുത്ത ദിവസങ്ങളിലായി മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.

''അന്താരാഷ്ട്ര, ആഭ്യന്തര മേഖലകളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ തീവ്ര ശ്രമം നടത്തിവരികയാണ്. ഇത് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പരമാവധി തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ടൂറിസം മന്ത്രി അന്‍മോല്‍ ഗഗന്‍ മാന്‍ പറഞ്ഞു. സമ്പന്നമായ പൈതൃകം, പാരമ്പര്യങ്ങള്‍, കലാരൂപങ്ങള്‍, ആചാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിനോദസഞ്ചാരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് സംസ്ഥാനം എന്ന് റോഡ്‌ഷോകളിലുടനീളം അവതരിപ്പിക്കും.

രാജ്യത്തെ മികച്ച ടൂറിസം പ്രൊഫഷണലുകളെ പഞ്ചാബിലേക്ക് കൊണ്ടുവരികയും സംസ്ഥാനത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്.

വിദേശ, ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനി , ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഒര്‍ഗനൈസേഷന്‍സ് , ട്രാവല്‍ ട്രേഡ് മീഡിയ, ടൂറിസം മേഖലയില്‍ സ്വാധീനം ചെലുത്തുന്നവര്‍, ഹോട്ടല്‍ ഓപ്പറേറ്റര്‍മാര്‍ ഫാം സ്റ്റേ ഉടമകള്‍, ടൂറിസം ബോര്‍ഡുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തവും പരിപാടിയില്‍ ഉണ്ടാകും.

സിനിമകളുടെ ഷൂട്ടിംഗുകളും സ്ംസ്ഥാനത്ത് വര്‍ധിക്കുന്നു. ഇതുവരെ 90 സിനിമകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രകിയയില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പോര്‍ട്ടല്‍, അപേക്ഷ മുതല്‍ ഫീസ് അടയ്ക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയയും 15 ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായും തടസങ്ങളില്ലാതെയും നടക്കുന്നു.