27 Dec 2024 9:36 AM GMT
Summary
- ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനാണ് ചൈന ഒരുങ്ങുന്നത്
- പദ്ധതിക്ക് 137 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നു
- 300 ദശലക്ഷത്തിലധികം ആളുകളുടെ വാര്‍ഷിക ആവശ്യങ്ങള്‍ പദ്ധതി നിറവേറ്റും
ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റിലെ ബ്രഹ്‌മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈന. 137 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി നല്‍കിയത് അയല്‍ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്ക ഉയര്‍ത്തുന്നു.
ബ്രഹ്‌മപുത്രയുടെ ടിബറ്റന്‍ നാമമായ യാര്‍ലുങ് സാങ്‌ബോ നദിയുടെ താഴത്തെ ഭാഗത്ത് ഒരു ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനാണ് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ബ്രഹ്‌മപുത്ര നദി അരുണാചല്‍ പ്രദേശിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും ഒഴുകുന്നു, നദി ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നിര്‍മിക്കാനൊരുങ്ങുന്ന വലിയ ഡാം വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
ഡാമിലെ മൊത്തം നിക്ഷേപം ഒരു ട്രില്യണ്‍ യുവാന്‍ (137 ബില്യണ്‍ ഡോളര്‍) കവിഞ്ഞേക്കാം. ഇത് ചൈനയുടെ സ്വന്തം ത്രീ ഗോര്‍ജസ് അണക്കെട്ട് ഉള്‍പ്പെടെ ലോകത്തിലെ മറ്റേതൊരു അടിസ്ഥാന സൗകര്യ പദ്ധതിയേക്കാള്‍ വലുതാണെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
2015-ല്‍ ടിബറ്റിലെ ഏറ്റവും വലിയ 1.5 ബില്യണ്‍ ഡോളറിന്റെ സാം ജലവൈദ്യുത നിലയം ചൈന ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. 14-ാം പഞ്ചവത്സര പദ്ധതിയുടെ (2021-2025) ഭാഗമാണ് ബ്രഹ്‌മപുത്ര അണക്കെട്ട്.
അണക്കെട്ട് ചൈനയെ ജലപ്രവാഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനൊപ്പം അതിന്റെ വലുപ്പവും അളവും ശത്രുതയുടെ സമയങ്ങളില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വലിയ അളവില്‍ വെള്ളം തുറന്നുവിടാനും അവരെ പ്രാപ്തമാക്കും.
അതിരുകള്‍ കടന്നുള്ള നദികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യയും ചൈനയും 2006-ല്‍ വിദഗ്ധതല സംവിധാനം സ്ഥാപിച്ചു. പ്രളയകാലത്ത് ബ്രഹ്‌മപുത്ര നദിയെയും സത്ലജ് നദിയെയും കുറിച്ചുള്ള ജലശാസ്ത്രപരമായ വിവരങ്ങള്‍ ചൈന ഇന്ത്യയ്ക്ക് നല്‍കുന്നു.
ഭൂകമ്പങ്ങള്‍ സംഭവിക്കുന്ന ഒരു ടെക്റ്റോണിക് പ്ലേറ്റ് അതിര്‍ത്തിയില്‍ പ്രൊജക്റ്റ് സൈറ്റ് സ്ഥിതി ചെയ്യുന്നതിനാല്‍ ബ്രഹ്‌മപുത്ര ഡാം വലിയ എഞ്ചിനീയറിംഗ് വെല്ലുവിളികള്‍ നേരിടും. ലോകത്തിന്റെ മേല്‍ക്കൂരയായി കണക്കാക്കപ്പെടുന്ന ടിബറ്റന്‍ പീഠഭൂമി ടെക്‌റ്റോണിക് ഫലകങ്ങള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പലപ്പോഴും ഭൂകമ്പങ്ങള്‍ അനുഭവപ്പെടാറുണ്ട്.
ജലവൈദ്യുത പദ്ധതി സുരക്ഷിതമാണെന്നും പാരിസ്ഥിതിക സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും ഭൂകമ്പങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ ചൈനയുടെ ഔദ്യോഗിക പ്രസ്താവന ശ്രമിച്ചിട്ടുണ്ട്. വിപുലമായ ഭൂമിശാസ്ത്ര പര്യവേക്ഷണങ്ങളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും പദ്ധതിയുടെ ശാസ്ത്രാധിഷ്ഠിതവും സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ വികസനത്തിന് ശക്തമായ അടിത്തറ പാകിയതായി അതില്‍ പറയുന്നു.
ധാരാളമായി വെള്ളം ഒഴുകുന്ന ചൈനയിലെ ഏറ്റവും മഴയുള്ള ഭാഗങ്ങളിലൊന്നിലാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്. 2023 ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജലവൈദ്യുത നിലയം ഓരോ വര്‍ഷവും 300 ബില്യണ്‍ സണവലധികം വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 300 ദശലക്ഷത്തിലധികം ആളുകളുടെ വാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് മതിയാകും.
നദിയുടെ ജലവൈദ്യുത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്, നംച ബര്‍വ പര്‍വതത്തിലൂടെ നാല് മുതല്‍ ആറ് വരെ 20 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ തുരന്ന് നദിയുടെ ഒഴുക്കിന്റെ പകുതിയോളം 2,000 ക്യുബിക് മീറ്ററിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്.