image

6 Nov 2023 11:25 AM GMT

Power

രാജ്യത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു

MyFin Desk

Electricity consumption in the country has risen sharply
X

Summary

  • ഉത്സവ സീസണും വ്യാവസായിക പ്രവര്‍ത്തനങ്ങളുമാണ് ഉപഭോഗം ഉയരാന്‍ കാരണം
  • അതേസമയം വേനല്‍ക്കാലത്ത് പ്രതീക്ഷിച്ച ഉപഭോഗം ഉണ്ടായില്ല


ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 9.4 ശതമാനം വര്‍ധിച്ച് ഏകദേശം 98439 കോടിയൂണിറ്റുകളായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ വൈദ്യുതി ഉപഭോഗം 89995 കോടി യൂണിറ്റായിരുന്നുവെന്ന് വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മറ്റൊരു സൂചകമായ, പീക്ക് പവര്‍ ഡിമാന്‍ഡ്, ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഏകദേശം 241 ഗിഗാ വാട്ട് ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 215.88 ഗിഗാ വാട്ട് മാത്രമായിരുന്നു.

ഒക്ടോബറില്‍ രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം ഏകദേശം 22 ശതമാനം വര്‍ധിച്ച് 13894 കോടി യൂണിറ്റായി ഉയര്‍ന്നു. ആഘോഷങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കാരണമാണ് വൈദ്യുതി ആവശ്യകതയില്‍ വര്‍ധനവ് ഉണ്ടായത്.

ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ വൈദ്യുതി ഉപഭോഗം 11394 കോടി യൂണിറ്റായിരുന്നു.

കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിച്ചതായി ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് വ്യക്തമാക്കുന്നു. 2023 ഒക്ടോബറില്‍, ടാറ്റ പവര്‍-ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനമേഖലയിലെ വൈദ്യുതി ഉപഭോഗം ഏകദേശം 10.16 ശതമാനം വര്‍ധിച്ചിരുന്നു. 845 ദശലക്ഷം യൂണിറ്റായാണ് ഉപഭോഗം ഉയര്‍ന്നത്.

'പ്രധാനമായും ഈ വര്‍ഷം ശീതകാലാരംഭത്തിലെ കാലതാമസം ഉപഭോഗം വര്‍ധിപ്പിച്ചു.ഒക്ടോബര്‍ മാസത്തിലെ ഉത്സവങ്ങളും ഡിമാന്‍ഡ് ഉയരാന്‍ കാരണമായി ടാറ്റ പവര്‍ വക്താവ് വിശദീകരിച്ചു.

എന്നിരുന്നാലരും ഈ വര്‍ഷം വേനല്‍ക്കാലത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപഭോഗം ഗണ്യമായി കുറഞ്ഞിരുന്നു.എന്നാല്‍ ജൂലൈ മുതല്‍ ആവശ്യം ഉയര്‍ന്നു തുടങ്ങിയതായി വക്താവ് ചൂണ്ടിക്കാട്ടി.

വേനല്‍ക്കാലത്ത് രാജ്യത്തിന്റെ വൈദ്യുതി ആവശ്യം 229 ഗിഗാവാട്ടിലെത്തുമെന്ന് വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നു. കാലവര്‍ഷക്കെടുതിയില്‍ ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ ഡിമാന്‍ഡ് പ്രതീക്ഷിച്ച നിലയില്‍ എത്തിയില്ല. എന്നിരുന്നാലും, പീക്ക് സപ്ലൈ ജൂണില്‍ 224.1 ഗിഗാ വാട്ട് എന്ന പുതിയ ഉയരത്തിലെത്തി. ജൂലൈയില്‍ 209.03 ഗിഗാ വാട്ട് ആയി കുറയുകയും ചെയ്തു. ഓഗസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന ആവശ്യം 238.19 ഗിഗാവാട്ടായിരുന്നു. സെപ്റ്റംബറില്‍ ഇത് ഏകദേശം 241 ജിഗാവാട്ട് ആയി വീണ്ടുംഉയര്‍ന്നു.

വ്യാപകമായ മഴ കാരണം ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തെ ബാധിച്ചതായി വ്യവസായ വിദഗ്ധര്‍ പറഞ്ഞു.

ഒക്ടോബര്‍ മാസത്തിലെ വൈദ്യുതി ഉപഭോഗത്തില്‍ ഇരട്ട അക്ക വളര്‍ച്ചയുണ്ടായത് ആഘോഷങ്ങളുടെയും മികച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ്. കൂടാതെ ഒക്ടോബറില്‍ നവരാത്രി, ദുര്‍ഗാപൂജ, ദസറ എന്നീ ആഘോഷങ്ങളും ഉണ്ടായിരുന്നു. വരും മാസങ്ങളില്‍ വൈദ്യുതി ഉപഭോഗ വളര്‍ച്ച സ്ഥിരമായി തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.