8 April 2023 12:00 PM GMT
Summary
- അഞ്ചു വർഷമാണ് ബോണ്ടിന്റെ കാലാവധി
- രണ്ടാഴ്ച നീണ്ടു നിന്ന വിപുലമായ റോഡ് ഷോ കമ്പനി നടത്തി
പൊതു മേഖല സ്ഥാപനമായ റൂറൽ ഇലെക്ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ് (ആർഇസി ) ഗ്രീൻ കടപ്പത്രം വഴി 750 മില്യൺ ഡോളർ (ഏകദേശം 6100 കോടി രൂപ) സമാഹരിച്ചു. ആർബിഐ അനുശാസിക്കുന്ന അംഗീകാരങ്ങൾക്കനുസൃതമായും ലഭിച്ച തുക പൂർണ്ണമായോ ഭാഗികമായോ, യോഗ്യമായ ഗ്രീൻ പ്രോജക്ടുകളുടെ ധനസഹായത്തിനായി വിനിയോഗിക്കുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
അഞ്ചു വർഷ കാലാവധിയിലേക്കാണ് കടപ്പത്രങ്ങൾ ഇറക്കിയിരിക്കുന്നത്. 2028 ഏപ്രിൽ 11 നാണ് കടപ്പത്ര കാലാവധി പൂർത്തിയാവുക. താരതമ്യേന സ്ഥിരതയുള്ള വിപണി പശ്ചാത്തലം കണക്കിലെടുത്ത്, സിംഗപ്പൂർ, യുകെ, യുഎസ് എന്നിവിടങ്ങളിൽ രണ്ടാഴ്ച നീണ്ടു നിന്ന വിപുലമായ റോഡ് ഷോ കമ്പനി നടത്തിയിരുന്നു.
ഒരു ഇന്ത്യൻ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം (എൻബിഎഫ്‌സി) നൽകുന്ന ഏറ്റവും വലിയ യുഎസ് ഡോളർ പരിപാടിയാണിത്.. ദക്ഷിണ, തെക്ക്-കിഴക്കൻ ഏഷ്യൻ ഇഷ്യൂവറിന്റെ എക്കാലത്തെയും വലിയ ഗ്രീൻ ബോണ്ട് ട്രഞ്ച് കൂടിയാണിത്. ഇടപാടിൽ സജീവ പങ്കാളിത്തത്തോടെ 161 നിക്ഷേപകരിൽ നിന്ന് ഏകദേശം 3.5 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടായി.
ലോകമെമ്പാടുമുള്ള നിക്ഷേപകർ പങ്കെടുത്തതിൽ ഏഷ്യാ പസഫിക് (എപിഎസി) 42 ശതമാനവും യൂറോപ്പ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക (ഇഎംഇഎ) 26 ശതമാനവും യുഎസുമായി 32 ശതമാനവും നിക്ഷേപം നടത്തി.
ബാർക്ലേയ്‌സ്, ഡിബിഎസ് ബാങ്ക്, എംയുഎഫ്‌ജി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലണ്ടൻ ബ്രാഞ്ച് എന്നിവയായിരുന്നു ഇഷ്യുവിന്റെ സംയുക്ത ബുക്ക് റണ്ണർമാർ.