13 Aug 2023 7:00 AM
Summary
- മാര്‍ച്ചിലും ഏപ്രിലിലും ഉല്‍പ്പാദനം കുറഞ്ഞു
- മഴയിലെ അനിശ്ചിതത്വങ്ങള്‍ ഉല്‍പ്പാദനത്തെയും ഉപഭോഗത്തെയും ബാധിക്കുന്നു
രാജ്യത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തില്‍ ഏപ്രിൽ-ജൂൺ പാദത്തിൽ ഉണ്ടായത് 1.3 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രം. മുൻ വർഷം ഇതേ മാസത്തില്‍ 17.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മഴയിലെ അനിശ്ചിതത്വങ്ങളാണ് വൈദ്യതി ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് സര്‍ക്കാര്‍ സൂചിപ്പിക്കുന്നു.
വ്യവസായ ഉൽപ്പാദന സൂചിക (ഐഐപി) കണക്കുകൾ പ്രകാരം, ഈ വർഷം മാർച്ചിൽ വൈദ്യുതി ഉൽപ്പാദനം 1.6 ശതമാനവും ഏപ്രിലിൽ 1.1 ശതമാനവും ഇടിയുകയാണ് ചെയ്തത്. തുടര്‍ന്ന് മെയ് മാസത്തിൽ 0.9 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ജൂണിൽ ഇത് 4.2 ശതമാനമായി നേരിയ പുരോഗതി കൈവരിക്കുകയും ചെയ്തു. ഈ വർഷം ജനുവരിയിൽ 12.7 ശതമാനവും ഫെബ്രുവരിയിൽ 8.2 ശതമാനവും വളര്‍ച്ച വൈദ്യുതി ഉൽപ്പാദനത്തില്‍ രേഖപ്പെടുത്തിയിരുന്നു.
മഴയിലെ അനിശ്ചിതത്വങ്ങള്‍ വൈദ്യുതി ഉൽപ്പാദനം, ആവശ്യകത, ഉപഭോഗം എന്നിവയെ ബാധിച്ചു, ഇത് എയർ കണ്ടീഷണർ പോലുള്ള കൂളിംഗ് ഉപകരണങ്ങളുടെ ഉപയോഗം കുറയാൻ കാരണമായി എന്ന് വ്യവസായ വിദഗ്ധർ പറഞ്ഞു. ഈ വർഷം വേനൽക്കാലത്ത് 229 ജിഗാവാട്ട് പരമാവധി വൈദ്യുതി ആവശ്യകതയാണ് ഊർജ മന്ത്രാലയം കണക്കാക്കിയിരുന്നത്. എന്നാൽ ഏപ്രിൽ-ജൂലൈ മാസങ്ങളിൽ പീക്ക് പവർ ഡിമാൻഡ് 224.10 ജിഗാവാട്ട് ആയിരുന്നു.
വൈദ്യുതി ആവശ്യകത മുന്നില്‍ക്കണ്ട്, ഇറക്കുമതി ചെയ്ത കൽക്കരിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകൾ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നതിന് ഊര്‍ജ്ജ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മതിയായ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന് കൽക്കരി ഇറക്കുമതി ചെയ്യാൻ പ്ലാന്റുകളോട് നിർദേശിക്കുകയും ചെയ്തു. ജൂലൈ മുതൽ വൈദ്യുതി ഉൽപ്പാദന വളർച്ച മെച്ചപ്പെടുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി (സിഇഎ) ഡാറ്റ കാണിക്കുന്നത് ഈ വർഷം ജൂലൈയിൽ വൈദ്യുതി ഉപഭോഗം 6.4 ശതമാനം വർധിച്ച് 13644 കോടി യൂണിറ്റായി എന്നാണ്. 2022 ജൂലൈയില്‍ ഇത് 12825 കോടി യൂണിറ്റായിരുന്നു.