image

15 March 2024 11:47 AM IST

Power

ഉഷ്ണക്കാറ്റില്‍ പൊള്ളുന്ന രാജ്യം; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്

MyFin Desk

ഉഷ്ണക്കാറ്റില്‍ പൊള്ളുന്ന രാജ്യം;  വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്
X

Summary

  • തെരഞ്ഞെടുപ്പ്കൂടി നടക്കാനിരിക്കുന്നതിനാല്‍ ഊര്‍ജ ഉപഭോഗം കൂടുതല്‍ ഉയരും
  • പുതിയ വികസനങ്ങളും വൈദ്യുതിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നു
  • കാലവര്‍ഷം കൃത്യമായി എത്തിയില്ലെങ്കില്‍ രാജ്യം പ്രതിസന്ധിയിലാകും


കൂടുതല്‍ കടുത്ത വേനക്കാല മാസങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പതിവിലും കൂടുതല്‍ വരള്‍ച്ച ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വിദഗ്ധരും വകുപ്പും അറിയിക്കുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ എല്‍ നിനോ പ്രതിഭാസം ശക്തമായി നിലനില്‍ക്കും എന്നാണ് ഇതിനര്‍ത്ഥം. ഇത് കൊടിയ ചൂടുള്ള ദിവസങ്ങള്‍ക്കാണ് കാരണമാകുക.

രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഇക്കുറി വൈദ്യുതിയുടെ ആവശ്യം പുതിയ റെക്കാര്‍ഡ് സ്ഥാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ പൊതു തെരഞ്ഞെടുപ്പും ഈ കാലത്ത് തന്നെ നടക്കുന്നു. അതും വൈദ്യുതിയുടെ വര്‍ധിച്ച ഉപയോഗത്തിന് കാരണമാകുന്നുണ്ട്. 256 ജിഗാവാട്ടിനു മുകളിലുള്ള വൈദ്യുതി ചെചലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കണക്കുകള്‍ ഇതിനു മുകളില്‍ പോകാനും സാധ്യതയേറെയാണ്.

കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് 230 ജിഗാവാട്ട് പവര്‍ ഡിമാന്‍ഡ് ആണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഉപയോഗം 240 ജിഗാവാട്ട് കടന്നിരുന്നു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്രതീക്ഷകളും മറികടന്നേക്കാം. ഇതിനെല്ലാം ഉപരിയായി വേനല്‍ നീണ്ടുനിന്നാല്‍ കാര്യങ്ങളെല്ലാം തകിടം മറിയും. പീക്ക് അവറുകളില്‍ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം വരെ ഉണ്ടാകാം.

ഇത് വൈദ്യുതി ക്ഷാമത്തിന് ഇടയാക്കുമോ എന്ന് ആശങ്കയും നിലവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെച്ചപ്പെട്ട നിലയിലാണ് ഇന്ന് രാജ്യം. 2022-ലും 2021-ലും ഉള്ളതിനേക്കാള്‍ മികച്ച അവസ്ഥയിലാണ്. ഇതിന് പ്രാന കാരണം നിലവിലുള്ള കല്‍ക്കരി ശേഖരമാണ്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച്, മാര്‍ച്ച് അവസാനത്തോടെ താപവൈദ്യുത നിലയങ്ങള്‍ക്ക് 45 ദശലക്ഷം ടണ്‍ സ്റ്റോക്ക് ഉണ്ടായിരിക്കും. ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കല്‍ക്കരി ശേഖരം 33 ദശലക്ഷം ടണ്‍ ആയിരുന്നു.

ഇന്ന് രാജ്യത്തിന്റെ ഊര്‍ജ ഉല്‍പ്പാദന രംഗത്ത് പ്രധാന സ്രോതസ് എന്നത് കല്‍ക്കരി തന്നെയാണ്.മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ 70 ശതമാനത്തിലധികം കല്‍ക്കരി ഉപയോഗിച്ചാണ് നിറവേറ്റുന്നത്. ഉയര്‍ന്ന ചെലവുകള്‍ കാരണം സംഭരണത്തോടുകൂടിയ പുനരുപയോഗ ഊര്‍ജ്ജം ഇതുവരെ വലിയ രീതിയില്‍ ആരംഭിച്ചിട്ടില്ല, കൂടാതെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിരക്ക് താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമാണ്.

2025 സാമ്പത്തിക വര്‍ഷത്തില്‍, വൈദ്യുതി മന്ത്രാലയം മൊത്തത്തില്‍ 874 മെട്രിക് ടണ്‍ കല്‍ക്കരി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ യൂണിറ്റുകളിലുടനീളമുള്ള താപവൈദ്യുതി ഉല്‍പാദന ശേഷി ഈ വര്‍ഷം കുറഞ്ഞത് 10 ജിഗാവാട്ട് വര്‍ധിച്ചു.

എന്നാല്‍ ഉയര്‍ന്ന കല്‍ക്കരി സ്റ്റോക്ക് ഉണ്ടായിരുന്നിട്ടും, പാരമ്പര്യ ഗതാഗത പ്രശ്‌നങ്ങള്‍ കാരണം ചില താപവൈദ്യുത നിലയങ്ങളില്‍ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ റെയില്‍വേ ലൈനുകള്‍ തിരക്കേറിയതാണ്. കല്‍ക്കരി, റെയില്‍വേ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് കുറഞ്ഞത് അഞ്ച് പുതിയ റെയില്‍വേ ഇടനാഴികളെങ്കിലും കമ്മീഷന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം ലഘൂകരിക്കുന്നതിന് ധാരാളം പദ്ധതികള്‍ ഇപ്പോഴും നിര്‍മ്മാണത്തിലാണ്.

എന്നാല്‍ വൈദ്യുതി ആവശ്യം 8-10 ശതമാനം സിഎജിആറില്‍ കുതിച്ചുയരുകയാണെങ്കില്‍ രാജ്യത്ത് വൈദ്യുത പ്രതിസന്ധി ഉണ്ടാകും. പകല്‍ സമയത്തെ ആവശ്യത്തെ നിറവേറ്റാനാകുമെങ്കിലും രാത്രി വൈദ്യുതി ഉപയോഗം അതിന്റെ പരകോടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. പക്ഷേ ക്രമേണ കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മുതല്‍ രാത്രിയും പകലുമുള്ള പീക്ക് ഡിമാന്‍ഡ് ഏതാണ്ട് സമാനമായ നിലവാരത്തിലെത്തുന്നു എന്നത് വെല്ലുവിളിയാണ്.

വേനല്‍ കടുത്തതോടെ ജലവൈദ്യുത പദ്ധതികളും പ്രതിസന്ധിയിലാകും. കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ വലിയ വില നല്‍കി വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടിവരും. ഇത് ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തിവെക്കും.