23 Nov 2023 12:13 PM GMT
Summary
- കഴിഞ്ഞ വര്‍ഷം ഇതേ കാലളവില്‍ ജലസംഭരണികളില്‍ ശരാശരി 80 ശതമാനം വെള്ളമുണ്ടായിരുന്നു
- തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന പ്രവചനം ബോര്‍ഡിന് ആശ്വാസം
- മഴകാരണം വൈദ്യുതി ഉപഭോഗത്തിലും കുറവ്
സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചിട്ടും, ഇടുക്കിഡാമിന്റെ സംഭരണ ശേഷിയുടെ 54 ശതമാനം മാത്രമേ നിറഞ്ഞിട്ടുള്ളു. കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഡാമില്‍ വെള്ളം കുറയുന്നതും, വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകളിൽ ഇതുവരെ കെഎസ്ഇബി എത്തിചേരാത്തതും അടുത്തുവരുന്ന വേനല്‍ക്കാലത്ത് സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടാനുള്ള സാധ്യതകളാണ് സൂചിപ്പിക്കുന്നത്.
എന്നാൽ കണക്കുകൾ പറയുന്നത് മൊത്തത്തിൽ സ്ഥിതി അത്ര ആശങ്കാജനകമല്ല എന്നാണ്. കെഎസ്ഇബിയുടെ എല്ലാ ജലസംഭരണികളിലും കൂടി അവയുടെ മൊത്ത ശേഷിയുടെ 65ശതമാനം വെള്ളമാണ് ബുധനാഴ്ച ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തിന്റെ അത്രയും സ്ഥിതി മെച്ചമല്ല. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 80ശതമാനമായിരുന്നു.
അതേസമയം ഈ വര്‍ഷം തുലാവര്‍ഷ സീസണിൽ ( ഒക്ടോബര് -ഡിസംബർ) സംസ്ഥാനത്തു, പ്രത്യകിച്ചു പശ്ചിമഘട്ട മേഖലയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇത് കെഎസ്ഇബിക്ക് ആശ്വാസം നല്‍കുന്നു വാർത്തയാണ്. അടുത്ത 10 ദിവസത്തിനുള്ളില്‍ നല്ല മഴ സംസ്ഥാനത്ത ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംഭരണികളിലെ ജലനിരപ്പ് 70ശതമാനം എത്താന്‍ സാധ്യതയുണ്ട്.
തുലാവർഷം തുടങ്ങിയ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 23 വരെ കേരളത്തില്‍ ലഭിച്ച മഴ 501.5 മില്ലീമീറ്ററാണ്. ഈ കാലയളവില്‍ സാധാരണ 439.3 മില്ലീമീറ്റര്‍ ശരാശരി മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ഈ കാലയളവിൽ 14 ശതമാനം കൂടുതൽ മഴ കൂടുതല്‍ ലഭിച്ചു.
ഡിസംബര്‍വരെ സംസ്ഥാനത്തെ ദൈനംദിന വൈദ്യുതി ഉപഭോഗം ഏകദേശം 79-80 ദശലക്ഷം യൂണിറ്റായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മഴകൂടുന്നത് വൈദ്യുതിയുടെ ഉപഭോഗം കുറയാന്‍ ഇടയാക്കും. ഇതും വൈദ്യുതി ബോര്‍ഡിന് അനുകൂലമായ ഘടകമാണ്.
സാധാരണ തുലാവര്‍ഷത്തില്‍ ലഭിക്കുക 491 മില്ലീമീറ്റര്‍ മഴയാണ്. ഇപ്പോള്‍ത്തന്നെ സംസ്ഥാനത്ത് ഇതിലധികം മഴ ലഭിച്ചുകഴിഞ്ഞു. ഇനിയും തുലാവര്‍ഷം അവസാനിക്കുന്നതിനായി 40 ദിവസം കൂടിയുണ്ട്. ഇത് ഇലക്ട്രിസിറ്റി ബോര്‍ഡിന് പ്രതീക്ഷ പകരുന്നു.
ഒക്ടോബര്‍വരെ കെഎസ്ഇബിയുടെ ഡാമുകളില്‍ കേവലം 36ശതമാനം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഉണ്ടായ കുറവാണ് ഇതിനുകാരണമായത്..
അതേസമയം ജലസേചന വകുപ്പിനു കീഴിലുള്ള 20 റിസര്‍വോയറുകളില്‍നിന്ന് വെള്ളം നിയന്ത്രിത അളവില്‍ തുറന്നുവിടുകയും ചെയ്തിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മികച്ച മഴ ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭരണികളില്‍നിന്ന് വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായത്.