8 Sep 2024 9:41 AM GMT
Summary
- ഈവര്‍ഷം മാര്‍ച്ചോടെ, സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലായി 3,023 സോളാര്‍ റൂഫ്ടോപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചു
- ഇവയില്‍നിന്ന് 56.8 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു
- സംസ്ഥാനത്തിന്റെ വിശാലമായ സൗരോര്‍ജ്ജ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു
ഈ സാമ്പത്തിക വര്‍ഷം ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ 48 മെഗാവാട്ടിന്റെ സോളാര്‍ റൂഫ്ടോപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 177 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഗുജറാത്തിന്റെ സൗരോര്‍ജ്ജ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്, സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ സജീവമായി സ്ഥാപിക്കുന്നുണ്ട്.
2024 മാര്‍ച്ചോടെ, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി മൊത്തം 3,023 സോളാര്‍ റൂഫ്ടോപ്പ് സംവിധാനങ്ങളില്‍നിന്ന് 56.8 മെഗാവാട്ട് സംയോജിത ശേഷി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഈ വര്‍ഷം സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ 48 മെഗാവാട്ട് സോളാര്‍ റൂഫ്‌ടോപ്പ് സിസ്റ്റം സ്ഥാപിക്കും. പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 177.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്,' പ്രസ്താവന പറഞ്ഞു.
2023-24ല്‍ ഗുജറാത്ത് മൊത്തം 24,765.3 ദശലക്ഷം യൂണിറ്റ് പുനരുപയോഗ ഊര്‍ജം ഉല്‍പ്പാദിപ്പിച്ചു. അതില്‍ സോളാറില്‍ നിന്ന് 9,637 ദശലക്ഷം യൂണിറ്റ്, കാറ്റില്‍ നിന്ന് 14,201 ദശലക്ഷം യൂണിറ്റ് ജലത്തില്‍ നിന്ന് 885.325 ദശലക്ഷം യൂണിറ്റ്, ചെറുകിട ജലവൈദ്യുത പദ്ധതികളില്‍നിന്ന് 69 ദശലക്ഷം യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു.
'സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിലൂടെയും വീടുകള്‍ക്ക് മുകളില്‍ സൗരോര്‍ജ്ജ ഇന്‍സ്റ്റാളേഷനുകള്‍ സ്ഥാപിക്കുന്നതിലൂടെയും സംസ്ഥാനത്തിന്റെ വിശാലമായ സൗരോര്‍ജ്ജ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു. ചരങ്ക സോളാര്‍ പാര്‍ക്ക് പോലുള്ള പദ്ധതികള്‍ ഗുജറാത്തിനെ ഇന്ത്യയില്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലെത്തിച്ചു,' പ്രസ്താവന പറഞ്ഞു.
സംസ്ഥാനത്തിന്റെ പുനരുപയോഗ ഊര്‍ജ ശേഷി വര്‍ധിപ്പിക്കുന്നതില്‍ തീരദേശ കാറ്റാടിപ്പാടങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.