4 Nov 2024 8:36 AM GMT
Summary
- നിക്ഷേപം 2018 ല്‍ 144 ബില്യണ്‍ ഡോളറില്‍ നിന്ന് 2023 ല്‍ 393 ബില്യണ്‍ ഡോളറായി
- 2030 ഓടെ 1,000 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കിനാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ലക്ഷ്യമിടുന്നത്
ആഗോള സൗരോര്‍ജ്ജ നിക്ഷേപം 2023ലെ 393 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഈ നിക്ഷേപങ്ങള്‍ പുതിയ ശേഷി കൂട്ടുക മാത്രമല്ല, ലോകമെമ്പാടുമുള്ള ഊര്‍ജ്ജ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ (ഐ എസ് എ) 7-ാമത് ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റെക്കോര്‍ഡ് ഭേദിക്കുന്ന നിക്ഷേപങ്ങളാണ് ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. ആഗോള സൗരോര്‍ജ്ജ നിക്ഷേപം 2018 ല്‍ 144 ബില്യണ്‍ ഡോളറില്‍ നിന്ന് 2023 ല്‍ 393 ബില്യണ്‍ ഡോളറായി വളര്‍ന്നു. ഈ വര്‍ഷം അവസാനം ഇത് 500 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു', ഐഎസ്എയുടെ പ്രസിഡന്റ് കൂടിയായ ജോഷി പറഞ്ഞു.
ഇന്ന്, കല്‍ക്കരി, വാതകം എന്നിവയെ മറികടന്ന് സൗരോര്‍ജ്ജം പല പ്രദേശങ്ങളിലും ഏറ്റവും താങ്ങാനാവുന്ന വൈദ്യുതി സ്രോതസ്സായി മാറിക്കഴിഞ്ഞു. 2030 ഓടെ 1,000 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കിനാണ് ലക്ഷ്യമിടുന്നത്.
1,000 ദശലക്ഷം ആളുകള്‍ക്ക് ഊര്‍ജ ലഭ്യത ഉറപ്പാക്കുക, 1,000 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി സ്ഥാപിക്കുക; ഓരോ വര്‍ഷവും 1,000 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറംതള്ളല്‍ ലഘൂകരിക്കുക, എന്നതാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ തന്ത്രമെന്ന് ജോഷി പറഞ്ഞു.
കഴിഞ്ഞ മാസം ഇന്ത്യയുടെ സൗരോര്‍ജ ശേഷി 90 ജിഗാവാട്ടില്‍ എത്തിയതായും 2030ഓടെ 500 ജിഗാവാട്ടിലേക്ക് നീങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
''ഏകദേശം 37.5 ജിഗാവാട്ട് ശേഷിയുള്ള 50 സൗരോര്‍ജ്ജ പാര്‍ക്കുകള്‍ക്ക് ഞങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്, കൂടാതെ 2030 ഓടെ ഞങ്ങളുടെ 30 ജിഗാവാട്ട് ലക്ഷ്യത്തിലെത്താന്‍ സാധ്യതയുള്ള ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജി സൈറ്റുകള്‍ കണ്ടെത്തി,'' അദ്ദേഹം പറഞ്ഞു.
2024-25 ലെ ഇന്ത്യയുടെ യൂണിയന്‍ ബജറ്റ് സൗരോര്‍ജ ശേഷി വര്‍ധിപ്പിക്കുന്നതിലെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രി-സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന പോലുള്ള സംരംഭങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. സോളാര്‍ റൂഫ്ടോപ്പ് ഇന്‍സ്റ്റാളേഷനായി ആഗോളതലത്തില്‍ ഏറ്റവും മികച്ച പദ്ധതികളിലൊന്നാണ് ഇന്ത്യയിലുള്ളത്.
120 അംഗരാജ്യങ്ങളുടെയും ഒപ്പിട്ട രാജ്യങ്ങളുടെയും ഒരു സഖ്യമെന്ന നിലയില്‍, വിഭവങ്ങള്‍ സമാഹരിക്കുന്നതിലും ലോകമെമ്പാടുമുള്ള സൗരോര്‍ജ്ജ പദ്ധതികളുടെ വിന്യാസം സുഗമമാക്കുന്നതിലും ഐഎസ്എ മുന്‍പന്തിയിലാണ്.
ഐഎസ്എയുടെ മറ്റൊരു പ്രധാന സംരംഭം ഗ്ലോബല്‍ സോളാര്‍ ഫെസിലിറ്റിയുടെ സ്ഥാപനമാണ്. ഈ സൗകര്യം കുറഞ്ഞ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ആഫ്രിക്കയില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി വാണിജ്യ മൂലധനം അണ്‍ലോക്ക് ചെയ്യാന്‍ ലക്ഷ്യമിടുന്നു.