30 Sep 2024 2:59 PM GMT
Summary
- ഇവി ഉപയോഗത്തിലെ വളര്‍ച്ച കാരണം ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമായി
- ഊര്‍ജ്ജ മേഖലയുടെ ശേഷി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വര്‍ധിപ്പിക്കണം
ഇന്ത്യയിലെ വൈദ്യുതിയുടെ 6 മുതല്‍ 8.7 ശതമാനം വരെ ഇവികള്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുന്നതിനാല്‍ വൈദ്യുതി ഉപഭോഗത്തിലും വര്‍ധനവുണ്ടാകും.
ഇവികള്‍ രാജ്യത്തെ വൈദ്യുതിയുടെ ഗണ്യമായ പങ്ക് ഉപയോഗിക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ( IKIGAI ) ഐകെഐജിഎഐ അസറ്റ് മാനേജര്‍ ഹോള്‍ഡിംഗ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഉപയോഗം നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയാണ്. അതേപോലെ ആഗോളതലത്തിലും ഇവികള്‍ മുന്‍നിരയിലുണ്ട്. 2023-ല്‍, ലോകമെമ്പാടുമുള്ള കാര്‍ വില്‍പ്പനയുടെ 18 ശതമാനവും ഇവികളാണ്. ഇവികളുടെ ഉപയോഗത്തിലെ ഈ ദ്രുതഗതിയിലുള്ള വര്‍ധനവ് ആഗോള വൈദ്യുതി ഉപഭോഗത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള വൈദ്യുതി ഉപഭോഗത്തില്‍ ഇവിയുടെ പങ്ക് 2023 ല്‍ 0.5 ശതമാനമായിരുന്നത് 2035 ആകുമ്പോഴേക്കും 8.1 ശതമാനത്തിനും 9.8 ശതമാനത്തിനും ഇടയില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇവി ഉപയോഗത്തിലെ ഈ വളര്‍ച്ച കാരണം ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമായി മാറി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. കൂടുതല്‍ ആളുകള്‍ വൈദ്യുത വാഹനങ്ങള്‍ സ്വീകരിക്കുന്നതിനാല്‍, വൈദ്യുതി ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിന് ഊര്‍ജ്ജ മേഖലയുടെ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്.