23 Nov 2023 5:40 AM GMT
Summary
- താപനില കുറയുന്നതിനാല്‍ വൈദ്യുതി ആവശ്യകത കുറഞ്ഞുവെങ്കിലും വരും മാസങ്ങളിലും ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കും
വൈദ്യുതി ത്തിനുള്ള കല്‍ക്കരി ആവശ്യം 424 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഈ കുതിപ്പ്. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം 404 ദശലക്ഷം ടണ്ണിലേക്ക് ഉയരുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. 442 ദശലക്ഷം ടണ്ണില്‍ 24 ദശലക്ഷം ടണ്‍ ഇറക്കുമതിയിലൂടെ നേടാനാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മാര്‍ച്ച് അവസാനത്തോടെ 40 ദശലക്ഷം ടണ്ണിന്റെ സ്റ്റോക്ക് നിലനിര്‍ത്താന്‍ 18 ദശലക്ഷം ടണ്‍ ആവശ്യമായി വരുമെന്നും വിപണി വൃത്തങ്ങള്‍ വിലയിരുത്തുന്നു.
കല്‍ക്കരി അധിഷ്ഠിത പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം നേരത്തെ പ്രതീക്ഷിച്ചിരുന്ന 619 ബില്യണ്‍ യൂണിറ്റില്‍ നിന്ന് 2023-24 രണ്ടാം പകുതിയില്‍ 657 ബില്യണ്‍ യൂണിറ്റായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ വൈദ്യുതി ആവശ്യം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.
പ്ലാന്റുകളിലേക്ക് മൊത്തം കല്‍ക്കരി എത്തിക്കുന്നതിന് പ്രതിദിനം 463 റേക്കുകള്‍ ആവശ്യമാണ്. അതില്‍ 20 എണ്ണം ഇറക്കുമതി ചെയ്തവ ഉള്‍പ്പെടുന്നു. നേരത്തെ, പ്രതിദിനം 405 റേക്കുകളാണ് ആവശ്യമായി വന്നിരുന്നത്. ഓഗസ്റ്റില്‍ വൈദ്യുതി ഉപഭോഗം വാര്‍ഷികാടിസ്ഥാനത്തില്‍ 16.3 ശതമാനം വര്‍ധിച്ചപ്പോള്‍ സെപ്റ്റംബറില്‍ 10.3 ശതമാനമായിരുന്നു..
ഒക്ടോബറില്‍ വൈദ്യുതി ഉപഭോഗം 21 ശതമാനം വര്‍ധിച്ച് ഏകദേശം 139 ബില്യണ്‍ യൂണിറ്റുകളായി. സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയും മഴയുടെ കുറവുമാണ് ഉപഭോഗം വര്‍ധിക്കാന്‍ കാരണം.
ഓഗസ്റ്റിനും ഒക്ടോബറിനുമിടയില്‍, പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം ഒക്ടോബര്‍ 29 വരെ ഏകദേശം 14.1 ദശലക്ഷം ടണ്‍ കുറഞ്ഞ് 20.8 ദശലക്ഷം ടണ്ണായി. നവംബര്‍ രണ്ടിന് സ്റ്റോക്ക് 21 ദശലക്ഷം ടണ്ണായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ന് പവര്‍ പ്ലാന്റുകളിലെ സ്റ്റോക്ക് 28.2 ദശലക്ഷം ടണ്ണായിരുന്നു. നവംബര്‍ 15ന് പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം 23.5 ദശലക്ഷം ടണ്ണായി ഉയര്‍ന്നിരുന്നു. ഈ മാസം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില കുറയുന്നതിനാല്‍ വൈദ്യുതി ആവശ്യകത കുറഞ്ഞുവെങ്കിലും വരും മാസങ്ങളിലും ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
'ഈ സാമ്പത്തിക വര്‍ഷം മുഴുവനും ഉയര്‍ന്ന പവര്‍ ഡിമാന്‍ഡ് ലെവലിന്റെ തുടര്‍ച്ചയായിരിക്കുമെന്ന് സെപ്തംബറില്‍, ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രവചിച്ചതായി വൈദ്യുതി മന്ത്രാലയം പറഞ്ഞിരുന്നു. കല്‍ക്കരി ഉല്‍പാദനവും കല്‍ക്കരി ഉപയോഗവും (ഇവാക്വേഷന്‍) കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണെങ്കിലും ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ വീഴ്ച സംഭവിച്ചതായി സെപ്റ്റംബറില്‍ വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.