19 Jan 2023 5:06 AM GMT
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഭാഗമായ അദാനി റിന്യുവബിള്‍ എനര്‍ജി ഹോള്‍ഡിങ് ടു ലിമിറ്റഡ് (എജിഇഎല്‍), എസ്സെല്‍ ഇന്‍ഫ്രാ പ്രോജെക്ടസില്‍ നിന്നും എസ്സെല്‍ സൗര്യ ഊര്‍ജ കമ്പനി ഓഫ് രാജസ്ഥാന്‍ ലിമിറ്റഡിന്റെ(ഇഎസ് യുസിആര്‍എല്‍) 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും. 15 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്. ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഇരു കമ്പനികളും ഒപ്പുവച്ചു. ശേഷിക്കുന്ന 50 ശതമാനം ഓഹരികളും രാജസ്ഥാന്‍ സര്‍ക്കാരിന്റെ കൈവശം തന്നെ തുടരും.
ഇഎസ് യുസിആര്‍എല്ലിന് രാജസ്ഥാനില്‍ 750 മെഗാ വാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്കാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.87 കോടി രൂപയുടെ വിറ്റുവരവാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കമ്പനിയുടെ അംഗീകൃത മൂലധനം (ഓഹരി ഉടമകള്‍ക്കായി നല്‍കുന്ന ഓഹരികളുടെ പരമാവധി മൂല്യം ) 50 കോടിയും മൂലധനം ( ഓഹരി ഉടമകള്‍ക്കായി നല്‍കിയ ഓഹരികളുടെ ആകെ മൂല്യം) 46.56 കോടി രൂപയുമാണ്.
പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സോളാര്‍ പാര്‍ക്കുകള്‍ വികസിപ്പിക്കുന്ന കമ്പനിയാണിത്. ഈ ഏറ്റെടുക്കല്‍ എജിഇഎല്ലിന്റെ രാജസ്ഥാനിലേക്കുള്ള ചുവടു വയ്പിന് സഹായിക്കും. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡും രാജസ്ഥാന്‍ ഗവണ്‍മെന്റും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ അദാനി റിന്യുവബിള്‍ എനര്‍ജി പാര്‍ക്ക് 2015 മുതല്‍ നിലവിലുണ്ട്.