Summary
മുംബൈ: വര്‍ദ്ധിച്ചുവരുന്ന ഇന്ധന ആവശ്യം നിറവേറ്റുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര കല്‍ക്കരി ഉത്പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി വെള്ളിയാഴ്ച പറഞ്ഞു. 'ഇലക്ട്രിക് വാഹനങ്ങള്‍ പെരുകുന്നതും വൈദ്യുതിയുടെ വര്‍ദ്ധിച്ച ആവശ്യകതയും 2040 ആകുമ്പോഴേക്കും കല്‍ക്കരിയുടെ ആവശ്യകത ഇരട്ടിയാക്കും. അതിനാല്‍, വര്‍ദ്ധിച്ചുവരുന്ന ഈ ഊര്‍ജ്ജ ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്തെ കല്‍ക്കരി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്,' ഒരു നിക്ഷേപക സംഗമത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. താപകല്‍ക്കരി ഇറക്കുമതി പരമാവധി കുറയ്ക്കുകയും ഈ മേഖലയില്‍ രാജ്യത്തെ 'ആത്മനിര്‍ഭര്‍' ആക്കുകയുമാണ് […]
മുംബൈ: വര്‍ദ്ധിച്ചുവരുന്ന ഇന്ധന ആവശ്യം നിറവേറ്റുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര കല്‍ക്കരി ഉത്പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി വെള്ളിയാഴ്ച പറഞ്ഞു.
'ഇലക്ട്രിക് വാഹനങ്ങള്‍ പെരുകുന്നതും വൈദ്യുതിയുടെ വര്‍ദ്ധിച്ച ആവശ്യകതയും 2040 ആകുമ്പോഴേക്കും കല്‍ക്കരിയുടെ ആവശ്യകത ഇരട്ടിയാക്കും. അതിനാല്‍, വര്‍ദ്ധിച്ചുവരുന്ന ഈ ഊര്‍ജ്ജ ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്തെ കല്‍ക്കരി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്,' ഒരു നിക്ഷേപക സംഗമത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
താപകല്‍ക്കരി ഇറക്കുമതി പരമാവധി കുറയ്ക്കുകയും ഈ മേഖലയില്‍ രാജ്യത്തെ 'ആത്മനിര്‍ഭര്‍' ആക്കുകയുമാണ് കല്‍ക്കരി മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
'പൂര്‍ണ്ണമായി അടച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കല്‍ക്കരി ഖനികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന കരുതല്‍ ശേഖരം ഏകദേശം 380 ദശലക്ഷം ടണ്ണാണ്. ഈ ഖനികളില്‍ നിന്ന് 30-40 ദശലക്ഷം ടണ്‍ കല്‍ക്കരി എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും '. ഖനന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കല്‍ക്കരി ലഭ്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ഈ കാലത്ത്, ഊര്‍ജ ഉത്പ്പാദനത്തില്‍ കല്‍ക്കരി ഇപ്പോഴും പ്രധാന സംഭാവന നല്‍കുന്നു.
ഊര്‍ജ്ജാവശ്യത്തിനായി കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) അതിന്റെ അടച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ 20 ഭൂഗര്‍ഭ കല്‍ക്കരി ഖനികള്‍ വീണ്ടും തുറന്ന് ഉത്പ്പാദനത്തിലേക്ക് കൊണ്ടുവരുകയും അത് സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ പദ്ധതിയിടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
'2014 മുതല്‍ 2022 മാര്‍ച്ച് വരെ കല്‍ക്കരി ആവശ്യം 43 ശതമാനത്തിലധികം വര്‍ദ്ധിച്ച് 818 ദശലക്ഷം ടണ്ണായി. 2014 ല്‍ ഇത് 570 ദശലക്ഷം ടണ്ണായിരുന്നു. ഈ ആവശ്യകത 2040 ഓടെ ഇരട്ടിയായി വര്‍ദ്ധിക്കും. വ്യാവസായിക ഖനനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ധനത്തിന്റെ ആവശ്യകത നിറവേറ്റാന്‍ സഹായിക്കും. കൂടാതെ കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 സാമ്പത്തിക വര്‍ഷത്തോടെ ആഭ്യന്തര കല്‍ക്കരി ഉത്പ്പാദനം 1.2 ബില്യണ്‍ മെട്രിക് ടണ്ണായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് ഇതൊരു സുവര്‍ണാവസരമായിരിക്കും.
നിലവില്‍ ആഭ്യന്തര കല്‍ക്കരി ഉത്പാദനത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത് സിഐഎല്‍ ആണ്.