image

8 Dec 2022 10:30 AM GMT

Kerala

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മാറ്റിമറിക്കുമോ? വിശദമായി വായിക്കാം

MyFin Bureau

vizhinjam port economic status
X

Summary

  • വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് അന്താരാഷ്ട്ര കപ്പല്‍ചാലുള്ളത്. ഈ ദൂരം തന്നെയാണ് വിഴിഞ്ഞത്തെ ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകം


പ്രതിഷേധ സമരത്തിന്റെയും തുടര്‍ന്നുണ്ടായ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖവും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. തുറമുഖ നിര്‍മാണത്തിന്റെയും അതിനെതിരായ സമരത്തിന്റെ രാഷ്ട്രീയത്തിനൊപ്പം സാമൂഹിക, സാമ്പത്തിക ഘടകങ്ങളും വീണ്ടും പരിശോധിക്കപ്പെടുകയാണ്. എങ്ങനെയാണ് കേരളത്തിന്റെ നിലവിലെ സാമ്പത്തിക ഘടനയില്‍ വിഴിഞ്ഞ തുറമുഖം സ്വാധീനശക്തിയായി മാറുകയെന്നത് വളരെ പ്രധാനപ്പെട്ടതും വിലയിരുത്തപ്പെടേണ്ടതുമായ ഒന്നാണ്.

സാമ്പദ് വ്യവസ്ഥയില്‍ തുറമുഖങ്ങളുടെ സ്വാധീനം

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ തുറമുഖങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ യു എസിലേക്കുള്ള കാര്‍ഗോയില്‍ 95 ശതമാനവും വരുന്നത് തുറമുഖങ്ങള്‍ വഴിയാണെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പോര്‍ട്ട് അതോറിറ്റീസ് പറയുന്നു.

അമേരിക്കയുടെ ആഭ്യന്തരവും രാജ്യാന്തരവുമായ എല്ലാ വ്യാപാരത്തിന്റെയും കവാടമായി വര്‍ത്തിക്കുന്നത് അവിടുത്തെ തുറമുഖങ്ങളാണെന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ തുറമുഖങ്ങള്‍ക്കുള്ള സാമ്പത്തിക സ്വാധീനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

പ്രാദേശിക തൊഴിലവസരങ്ങളുടെ പ്രധാന സ്രോതസുകളായി മാറാന്‍ തുറമുഖങ്ങള്‍ക്കാകുമെന്നത് നേര്‍സാക്ഷ്യങ്ങളാണ്. 2014 ലെ കണക്കുകളനുസരിച്ച് അമേരിക്കയില്‍ ആഴക്കടല്‍ തുറമുഖങ്ങള്‍ 5,41,946 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പോര്‍ട്ട് അതോറിറ്റീസിസ് പറയുന്നത്. തുറമുഖ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാകട്ടെ മികച്ച വേതനവും.

തുറമുഖ അനുബന്ധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സ്വമേധയാ വന്‍തോതില്‍ സൃഷ്ടിക്കപ്പെടുമെന്നതും മറ്റൊരു സാധ്യതയാണ്. ഒരു തുറമുഖത്തിന്റെ വികാസത്തിന് സമാന്തരമായി റോഡ്, റെയില്‍ ഗതാഗതം, പ്രാദേശിക ജല ഗതാഗതം, വിമാന സര്‍വീസുകളും വികസിക്കേണ്ടത് അത്യാവശ്യമാണ്.

എങ്കില്‍ മാത്രമേ തുറമുഖവുമായി ബന്ധപ്പെട്ട ചരക്കുനീക്കം വേഗത്തിലാക്കാനാകൂ. രാജ്യാന്തര തുറമുഖമെന്ന നിലയില്‍ വിഴിഞ്ഞം നിലവില്‍ വരുന്നതിലൂടെ കേരളത്തിന്റെയും ഇന്ത്യയുടെയും സാധ്യതകളും വലിയ തോതില്‍ വളരുകയാണ് ചെയ്യുന്നത്.

ഒരു മദര്‍ പോര്‍ട്ട് ഇല്ലാത്ത ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്ക, ദുബായ്, സിങ്കപ്പൂര്‍ തുറമുഖങ്ങളെയാണ് നാം നിലവില്‍ ആശ്രയിക്കുന്നത്. ശ്രീലങ്കയില്‍ പണം മുടക്കി ചൈന നിര്‍മിച്ച തുറമുഖത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത് ഇന്ത്യയുടെ അവസ്ഥ മുതലെടുത്ത് കണ്ടെയ്നര്‍ ചരക്ക് കൈകാര്യം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നത് മാത്രമായിരുന്നു. അതുവഴി വര്‍ഷം ഏകദേശം 6000 കോടിയോളം രൂപയാണ് ചൈനയും

ശ്രീലങ്കയും ചേര്‍ന്ന് വീതിച്ചെടുക്കുന്നത്. ചൈനയുടെ സഹായത്തോടെ കൊളംബോ തുറമുഖത്തിന്റെ വിപുലീകരണവും ശ്രീലങ്ക ആരംഭിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ പത്തിരട്ടിയോളം വലിപ്പം വരുമെന്ന് കണക്കാക്കുന്ന കൊളംബോ തുറമുഖത്തിന്റെ നിര്‍മാണങ്ങള്‍ പകുതിയിലേറെ കഴിയുമ്പോഴാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പണികള്‍ 2015ല്‍ ആരംഭിച്ചത്.





വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയായി ചരക്ക് ഇന്ത്യയിലെ ഒരു തുറമുഖത്തില്‍ തന്നെ ട്രാന്‍ഷിപ്പ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്നത് ആര്‍ക്കെന്ന ചോദ്യത്തിന് മറ്റുത്തരങ്ങള്‍ തേടിപ്പോകേണ്ടതില്ല.

ചൈനയാകട്ടെ ശ്രീലങ്കയില്‍ മാത്രമല്ല ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവയ്ക്ക് പുറമേ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയയുടെ ഭാഗമായി പാകിസ്ഥാനിലെ ഗ്വാദ്വര്‍ തുറമുഖത്തിന്റെ വികസനത്തിനും വന്‍ സാമ്പത്തിക സഹായം നല്‍കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും ചൈനീസ് കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും രാജ്യസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു.

സാമ്പത്തിക സാധ്യതകള്‍

അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍ പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലംവരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം വിഴിഞ്ഞത്തിന്റെ സവിശേഷതകളാണ്. നിര്‍മാണം പൂര്‍ത്തിയായി പൂര്‍ണസജ്ജമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കും.

വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് അന്താരാഷ്ട്ര കപ്പല്‍ചാലുള്ളത്. ഈ ദൂരം തന്നെയാണ് വിഴിഞ്ഞത്തെ ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകം. കേരളത്തിലെ പ്രധാന തുറമുഖമായ കൊച്ചിക്ക് പോലും ഈയൊരു സവിശേഷതയില്ലെന്നു പറയുമ്പോള്‍ വിഴിഞ്ഞം മുന്നോട്ടുവയ്ക്കുന്നത് വലിയ സാധ്യതകളാണ്.

ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിന്റെ ആസ്ഥാനമെന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ മുഖച്ഛായതന്നെ മാറും. അത് കേരളത്തിന്റെയും രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയിലും മുന്നേറ്റമുണ്ടാക്കും. 7,700 കോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ദശലക്ഷം ടിഇയു (20 അടി തുല്യമായ യൂണിറ്റുകള്‍) കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിനുണ്ടാവുക.

നിലവിലെ 800 മീറ്റര്‍ ബര്‍ത്ത് ഭാവിയില്‍ 2000 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതോടെ ശേഷി മൂന്ന് ദശലക്ഷം ടിഇയു ആയി വര്‍ധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊളംബോ തുറമുഖത്തില്‍ നടന്നിരുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തേക്ക് മാറും. ഇത് ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും നേട്ടമുണ്ടാകും. കൊളംബോ, ദുബായ്, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങള്‍ക്ക് പകരം വിഴിഞ്ഞം വഴി ട്രാന്‍സ്ഷിപ്മെന്റ് നടത്തുമ്പോള്‍ 1500 കോടിയോളം രൂപ വിദേശനാണ്യം ഇന്ത്യക്ക് ലഭിക്കും.

തുറമുഖം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ സൗകര്യങ്ങള്‍ ഒഴിച്ചുകൂടാനാകില്ല. ഷിപ്പിംഗ് ഏജന്റുമാര്‍, ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസുകള്‍, ഗോഡൗണുകള്‍, കപ്പല്‍ മെയിന്റനന്‍സ്, കുടിവെള്ള പദ്ധതികള്‍, വൈദ്യുതി വിതരണം, ഗതാഗതം, താമസ സൗകര്യം, ഹോട്ടല്‍, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവയൊക്കെ ആവശ്യമായി വരും.

ഇതിലൂടെ സര്‍ക്കാരിന് നികുതി വരുമാനവും നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കും. തുറമുഖത്തിനാവശ്യമായ സേവനമേഖലയിലെ നിരവധി പ്രവൃത്തികള്‍ ആവശ്യമായി വരുന്നതിനാല്‍ കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഗുണമാകും.

ഇത്തരത്തില്‍ വിഴിഞ്ഞം തുറമുഖം പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2764 പേര്‍ക്ക് നേരിട്ടും 5583 പേര്‍ക്ക് പരോക്ഷമായും 6855 പേര്‍ക്ക് ഈ സംവിധാനങ്ങളുടെയെല്ലാം സ്വാധീനത്താലും ലഭിക്കുന്നത് ഉള്‍പ്പെടെ ആകെ 15,201 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസര്‍മാരായ വിദ്യ ജി മോഹന്‍, ഷീല കെ.പി എന്നിവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.




വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരള സര്‍ക്കാര്‍ തലസ്ഥാന മേഖലാ വികസന പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 60,000 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗര്‍മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് ഇന്നത്തെ എംസി റോഡിന്റെ കിഴക്കന്‍ മേഖലയിലൂടെ 70 കിലോമീറ്റര്‍ കടന്ന് ദേശീയപാതയില്‍ വന്നുചേരുന്ന നാലുവരിപ്പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതു പിന്നീട് ആറുവരി പാതയാക്കുന്നതിനും പരിപാടിയുണ്ട്. ഈ റിംഗ് റോഡിന് ഇരുവശത്തുമായി അനുയോജ്യമായ സ്ഥലങ്ങളില്‍ വൈജ്ഞാനിക നഗരങ്ങള്‍, ലോജിസ്റ്റിക് പാര്‍ക്ക്, വ്യവസായ പാര്‍ക്കുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്ക് രൂപം നല്‍കുന്നതിനും പദ്ധതിയുണ്ട്. സ്വാഭാവികമായ ഏറെ പ്രത്യേകതകളുള്ള വിഴിഞ്ഞം തുറമുഖം സമുദ്രവാണിജ്യ രംഗത്ത് മാത്രമല്ല സൈനിക മേഖലയിലും ഇന്ത്യയ്ക്ക് നിര്‍ണായക മുന്‍തൂക്കമുണ്ടാക്കുമെന്ന് കണക്കാക്കുന്നു.