28 Jun 2023 9:41 AM GMT
ടൈറ്റന്‍ ദുരന്തം: ടൈറ്റാനിക് പര്യവേക്ഷണം ദീര്‍ഘകാലത്തേയ്ക്ക് നിറുത്തിവയ്ക്കും
Antony Shelin
Summary
- പര്യവേഷണ യാത്രകളോ, വിനോദത്തിനു വേണ്ടിയുള്ള യാത്രകളോ ഇനി കുറേ നാളത്തേയ്ക്ക് ഉണ്ടാവില്ല
- കൂടുതല്‍ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്
- പര്യവേക്ഷണം ഒരു പക്ഷേ, വര്‍ഷങ്ങളോളം ഇനിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്
ടൈറ്റന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നടക്കുന്ന എല്ലാ ടൈറ്റാനിക് പര്യവേക്ഷണങ്ങളും ദീര്‍ഘകാലത്തേയ്ക്ക് നിറുത്തിവയ്ക്കും. പര്യവേക്ഷണം ഒരു പക്ഷേ, വര്‍ഷങ്ങളോളം ഇനിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളിലേക്ക് ശാസ്ത്രീയ പര്യവേഷണ യാത്രകളോ, വിനോദത്തിനു വേണ്ടിയുള്ള യാത്രകളോ ഇനി കുറേ നാളത്തേയ്ക്ക് ഉണ്ടാവില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ എക്‌സ്‌പ്ലോറേഴ്‌സ് ക്ലബ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ശാസ്ത്ര പര്യവേഷണങ്ങളിലും മുന്നേറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് ദ എക്‌സ്‌പ്ലോറേഴ്‌സ് ക്ലബ്.
ടൈറ്റന്‍ ദുരന്തത്തിലകപ്പെട്ട ബ്രിട്ടീഷ് വംശജന്‍ ഹാമിഷ് ഹാര്‍ഡിംഗ് ഈ ക്ലബ്ബിലെ ഒരംഗമായിരുന്നു.
സമുദ്ര പര്യവേഷണത്തിലൂടെ ടൈറ്റാനിക്കിന്റെ തകര്‍ച്ചയെ കുറിച്ച് ഇനി എന്തെങ്കിലും ഗവേഷണം നടത്താനുള്ള സാധ്യത വളരെ കുറവാണ്. ടൈറ്റന്‍ ദുരന്തത്തോടെ അതേ കുറിച്ച് ഒരു അന്വേഷണം ഉണ്ടാകും. കൂടുതല്‍ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ പറയുന്നു.
ജൂണ്‍ 18നായിരുന്നു ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് ടൈറ്റന്‍ എന്ന സമുദ്രപേടകവുമായി പര്യവേഷണം സംഘടിപ്പിച്ചത്. സമുദ്രോപരിതലത്തില്‍ നിന്നും 12,500 അടി താഴ്ചയിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ 10,000 അടി താഴ്ചയിലെത്തിയപ്പോള്‍ മാതൃ കപ്പലുമായി ടൈറ്റന്റെ ബന്ധം നഷ്ടപ്പെടുകയും അധികം താമസിയാതെ അപകടത്തില്‍പ്പെടുകയുമായിരുന്നു.
അഞ്ച് പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
അമേരിക്കയും കാനഡയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ന്യൂഫൗണ്ട് ലാന്‍ഡ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായൊരു ദ്വീപാണിത്. ടൂറിസ്റ്റുകളെ സംബന്ധിച്ച് ഇൗ ദ്വീപ് ഒരു നിധിയാണ്. കാരണം മനോഹരമായ കടല്‍ത്തീരങ്ങളും, കൊതിയൂറും കടല്‍ വിഭവങ്ങളും ഇവിടെയുണ്ട്.
ഈ ദ്വീപില്‍ നിന്നും 400 മൈല്‍ ദൂരം അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ചതിനു ശേഷം രണ്ടര മൈല്‍ താഴ്ചയില്‍ മറ്റൊരു നിധി കിടക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല 111 വര്‍ഷങ്ങള്‍ക്കു മുങ്ങിയ ടൈറ്റാനിക് കപ്പലാണ്. ഇത്രയധികം മനുഷ്യന്റെ ഭാവനയെ തൊട്ടുണര്‍ത്തിയ ഒരു ദുരന്തം വേറെയുണ്ടായിട്ടുണ്ടോ എന്നതു സംശയമാണ്. എത്രയോ ലേഖനങ്ങളും പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളും ഈ ദുരന്തത്തെ ആസ്പദമാക്കി രൂപമെടുത്തിരിക്കുന്നു.
ടൈറ്റാനിക്കിനോടുള്ള ഈ വൈകാരിക അടുപ്പമാണ് നിരവധി പര്യവേഷണങ്ങളും സമുദ്രയാത്രകളും സംഘടിപ്പിക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്. അതാകട്ടെ ഒടുവില്‍ മറ്റൊരു ദുരന്തത്തിനു കാരണമായി തീരുകയും ചെയ്തിരിക്കുന്നു.