1 May 2023 1:26 PM GMT
ബേപ്പൂര്‍ തുറമുഖത്ത് ഇനി വലിയ ചരക്കുകപ്പലുകളെത്തും; ഡ്രഡ്ജിങ് പ്രവൃത്തിക്ക് മെയ് 2ന് തുടക്കം
MyFin Desk
Summary
- 3.5 മീറ്റര്‍ എന്നത് പടിപടിയായി 8.5 മീറ്ററായി വര്‍ധിപ്പിക്കും
- 11.8 കോടി രൂപ ഡ്രഡ്ജിങ്ങിന് അനുവദിച്ചിട്ടുണ്ട്
- ഉദ്ഘാടനം തുറമുഖം വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ബേസിന്‍ വാര്‍ഫിനും കപ്പല്‍ച്ചാലിനും വേണ്ടത്ര ആഴമില്ലാത്തതിനാല്‍ ഇതുവരെ വലിയ ചരക്കുകപ്പലുകള്‍ എത്താതിരുന്ന ബേപ്പൂര്‍ തുറമുഖത്ത് 100 കണ്ടെയിനറുകളുമായെത്തുന്ന കപ്പലുകള്‍ അടുക്കാന്‍ സാധ്യത തെളിയുന്നു. വാര്‍ഫിന് ആഴംകൂട്ടുന്ന പ്രവൃത്തി മെയ് 2ന് ആരംഭിക്കും.
നിലവില്‍ 3.5 മീറ്റര്‍ ആഴമേ ബേപ്പൂര്‍ കപ്പല്‍ച്ചാലിനുള്ളൂ. ഇതുമൂലം 50ലേറെ കണ്ടെയിനറുകള്‍ ഉള്‍ക്കൊള്ളുന്ന വലിയ ചരക്കുകപ്പലുകള്‍ക്ക് തുറമുഖത്തെത്താന്‍ സാധിക്കുന്നില്ല. 3.5 മീറ്റര്‍ എന്നത് പടിപടിയായി 8.5 മീറ്ററായി വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ഒന്നരമീറ്റര്‍ ആഴം കൂട്ടുകയാണ് ചെയ്യുന്നത്. ഇതിന് 2022-23 ബജറ്റില്‍ 15 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. കണ്ണൂരില്‍ നെതര്‍ലന്‍ഡ് സര്‍ക്കാരിന്‍റെ സഹായത്തോടെ വരുന്ന പുതിയ തുറമുറത്തിന് ബജറ്റില്‍ 3650 കോടി വകയിരുത്തിയപ്പോള്‍ ബേപ്പൂരിന് താരമ്യേന വളരേ കുറഞ്ഞ തുക നല്‍കിയത് പ്രതിഷേധങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.
ആഴം 5 മീറ്ററെങ്കിലും കൂട്ടിയാല്‍ 5000 ടണ്‍ വഹിക്കാന്‍ ശേഷിയുള്ള വന്‍കിട കപ്പലുകള്‍ക്കു വരെ അഴിമുഖം വഴി കപ്പല്‍ചാലുകളിലൂടെ ബേപ്പൂര്‍ തുറമുഖത്തെത്തി നങ്കൂരമിടാന്‍ സാധിക്കും.
ഡ്രഡ്ജിങ്ങിന് 11.8 കോടി രൂപ
തുറമുഖം മുതല്‍ അഴിമുഖം വരെയുള്ള മൂന്ന് കിലോമീറ്ററില്‍ കപ്പല്‍ ചാല്‍ 100 മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ ആഴത്തിലുമാക്കും. വാര്‍ഫ് ബേസിനും ആഴം കൂട്ടും. 11.8 കോടി രൂപ ഡ്രഡ്ജിങ്ങിന് അനുവദിച്ചിട്ടുണ്ട്.
സ്റ്റീല്‍ ഇന്‍റസ്ട്രീസ് കേരള ലിമിറ്റഡിന് (സിൽക്ക്) പാട്ടത്തിന് നല്‍കിയ ഭൂമിയും നേരത്തേ ബേപ്പൂര്‍ കോവിലകത്തില്‍നിന്നും 25.25 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 3.83 ഏക്കര്‍ ഭൂമിയും ചേര്‍ത്ത് ചരക്ക് സംഭരണത്തിനും കയറ്റിറക്കിനുമായി ഗോഡൗണ്‍ നിര്‍മിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ക്രെയിനുകളുടെ കേടുപാട് തീര്‍ക്കാന്‍ കേരള മാരിടൈം ബോര്‍ഡ് ഫണ്ടില്‍ നിന്നും മുന്‍കൂര്‍ തുകയും നല്‍കും.
മൊബൈല്‍ ക്രെയിന്‍ വാങ്ങാനും നടപടിയായിട്ടുണ്ട്. നിലവിലെ രണ്ട്, അഞ്ച് നമ്പര്‍ ക്രെയിനുകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ കാര്‍ഗോ സ്‌കാനിങ് മെഷീന്‍ സ്ഥാപിക്കാനും മാരിടൈം ബോര്‍ഡ് നടപടി സ്വീകരിക്കും.
കയറ്റുമതിക്കാരെ അവഗണിച്ചു
വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ചടങ്ങില്‍ തുറമുഖം വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഡ്രഡ്ജിങ് പ്രവൃത്തി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങില്‍ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ബേപ്പൂര്‍ പോര്‍ട്ടിന്റെ വികസനത്തിനു വേണ്ടി പ്രയത്നിച്ച് കൊണ്ടിരിക്കുന്ന മലബാര്‍ ഡെവലപ്മെന്റ് ഫോറം (MDF), കാലിക്കറ്റ് ടൈല്‍ അസോസിയേഷന്‍, മലബാര്‍ സിമന്റ് ഡീലേര്‍സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം എന്നിവയുടെ പ്രതിനിധികളെ ക്ഷണിക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ മലബാര്‍ ഡെവലപ്മെന്റ് ഫോറം, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ഭാരവാഹികള്‍ തുറമുഖം വകുപ്പ് മന്ത്രിക്ക് രേഖാമൂലം പരാതി അയച്ചിട്ടുണ്ട്.