22 Nov 2023 5:58 PM IST
Summary
- 25000 കോടി രൂപയുടേതാണ് നിര്‍ദ്ദിഷ്ട പദ്ധതി
- പദ്ധതിക്കായി പുതിയ ടെണ്ടറുകള്‍ ഉടന്‍ക്ഷണിക്കുമെന്ന് മമതാ ബാനര്‍ജി
തുറമുഖ വികസന പദ്ധതിയില്‍നിന്ന് പശ്ചിമബംഗാള്‍ ആദാനി ഗ്രൂപ്പിനെ ഒഴിവാക്കി. താജ്പൂര്‍ ആഴക്കടല്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള അദാനി പോര്‍ട്ട്‌സിന് കഴിഞ്ഞ വര്‍ഷം നല്‍കിയ താല്പര്യപത്ര൦ ആണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ റദ്ദുചെയ്തത്.
25,000 കോടി രൂപയുടെ താജ്പൂര്‍ ആഴക്കടല്‍ തുറമുഖ പദ്ധതിക്കായി പുതിയ ബിഡ്ഡുകള്‍ ക്ഷണിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ നടപടികള്‍ തന്റെ സര്‍ക്കാര്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വിശദീകരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
''താജ്പൂരില്‍ ഒരു ആഴക്കടല്‍ തുറമുഖം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. ഇത് 3 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 25,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, ''ബാനര്‍ജി ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ പറഞ്ഞു.
2022 മാര്‍ച്ചില്‍ ഈ തുറമുഖവും അതിനോട് ചേര്‍ന്ന് ഒരു വ്യവസായ മേഖലയും സ്ഥാപിക്കുന്നതുസംബന്ധിച്ച് സംസ്ഥാനവും അദാനി ഗ്രൂപ്പും തത്വത്തിലുള്ള ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ വെച്ച് ബാനര്‍ജി അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനിക്ക് ലോഐ കൈമാറുകയും ചെയ്തു.
ഗൗതം അദാനി ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2022 ല്‍ പങ്കെടുത്ത് ബംഗാളില്‍ 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷമാണ് കരാറില്‍ പ്രാഥമിക ധാരണയിലെത്തിയത്. നിയമപരമായി ഉടമ്പടി അന്തിമമാകുന്നതിനുമുമ്പ് അദാനി പോര്‍ട്ടിനു നല്‍കിയ കത്താണ് ഇപ്പോള്‍ മമതാ ബാനര്‍ജി ഇപ്പോള്‍ റദ്ദാക്കിയത്.
കൊല്‍ക്കത്തയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള താജ്പൂരിലെ നിര്‍ദ്ദിഷ്ട തുറമുഖത്തിന് 12.1 മീറ്റര്‍ ആഴമുണ്ട്, പരോക്ഷ തൊഴിലവസരങ്ങള്‍ കൂടാതെ നേരിട്ട് 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2022ല്‍ നടന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ ഗൗതം അദാനി പങ്കെടുത്തിരുന്നു.10,000കോടി രൂപയുടെ നിക്ഷേപം അന്ന് അദാനി അവിടെ പ്രഖ്യാപിച്ചിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി, എനര്‍ജി ബാരണ്‍ സഞ്ജീവ് ഗോയങ്ക, വിപ്രോയുടെ റിഷാദ് പ്രേംജി എന്നിവരുള്‍പ്പെടെ രാജ്യത്തെ പ്രമുഖ വ്യവസായികളുടെ സാന്നിധ്യം ബിജിബിഎസിന്റെ ഏഴാം പതിപ്പില്‍ ഉണ്ടായിരുന്നു. മുന്‍നിര ഉച്ചകോടിയില്‍ അദാനി ഗ്രൂപ്പിന്റെ അഭാവം താജ്പൂര്‍ തുറമുഖ പദ്ധതിയില്‍ അവരുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.