image

11 Oct 2023 11:53 AM GMT

Pharma

യുദ്ധം ഇന്ത്യൻ ഫാർമ കയറ്റുമതിയെ എങ്ങനെ ബാധിക്കും

MyFin Desk

Will Israel affect Indian pharma exports?
X

Summary

  • ഇസ്രയേലില്‍ ശക്തമായ ഫാര്‍മ കമ്പനികള്‍ നിലവിലുണ്ട്
  • എന്നാല്‍ പശ്ചിമേഷ്യയിലെ നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ കമ്പനികളെ ആശ്രയിക്കുന്നു
  • യുദ്ധം നീണ്ടുനിന്നാല്‍ പലയിടത്തും അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടേക്കാം


ഇസ്രയേല്‍- പലസ്തീന്‍ സംഘർഷം രൂക്ഷമാകുന്നത് പശ്ചിമേഷന് മേഖലകളിലേക്കുള്ള ഇന്ത്യന്‍ മരുന്നു കയറ്റുമതിക്ക് ആഘാതമുണ്ടാക്കിയേക്കാം. ഈ മേഖലയിലേക്കുള്ള ഇന്ത്യ്‍ മരുന്നു കയറ്റുമതി 100 കോടി ഡോളറിന് ( 83300 കോടി രൂപ) മുകളിലാണ്.

സംഘർഷം രൂക്ഷമായാല്‍ അത് ഫാർമ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ അനലിസ്റ്റായ സലില്‍ കല്ലിയന്‍പൂര്‍ അഭിപ്രായപ്പെടുന്നു. ''ശക്തമായ ജനറിക് കമ്പനികളുള്ള ഇസ്രയേലിന് സ്വയം പര്യാപ്തമായ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായമുണ്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സ് (സിഐഎസ്) മേഖലയും ഇന്ത്യന്‍ കയറ്റുമതിയെയാണ് ആശ്രയിക്കുന്നത്. സംഘട്ടനത്തിന്റെ ദൈര്‍ഘ്യവും വ്യാപ്തിയും വായു, കടല്‍ വ്യാപാര റൂട്ടുകളിലെ സ്വാധീനവും മേഖലയിലെ ബഫര്‍ സ്റ്റോക്കുകള്‍ ഇല്ലാതാക്കും.ഇത് അവശ്യ മരുന്നുകളുടെ ക്ഷാമത്തിന് കാരണമാകും' ,അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.

സംഘർഷം വർധിക്കുന്നത് സണ്‍ ഫാര്‍മയെ നേരിട്ടുതന്നെ ബാധിക്കും. ഇസ്രയേല്‍ ആസ്ഥാനമായുള്ള ടാരോ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, സണ്‍ ഫാർമയുടെ ഉപകമ്പനിയാണ്. കലിയന്‍പൂര്‍ ഉയര്‍ത്തിക്കാട്ടുന്നത് പോലെ, സംഘര്‍ഷംകൂടുതല്‍ മേഖലയിലേക്ക് വ്യാപിച്ചാല്‍ മറ്റ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഡോ. റെഡ്ഡീസ്, ലുപിന്‍, ടോറന്റ്, ദിവീസ് ലാബ്സ് എന്നിവയും വെല്ലുവിളികള്‍ നേരിട്ടേക്കാം.

സംഘര്‍ഷം നിലനില്‍ക്കുകയാണെങ്കില്‍പ്പോലും ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസിലെയും യൂറോപ്യന്‍ വിപണികളിലെയും അവസരങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പ്രോന്റോ കണ്‍സള്‍ട്ടിന്റെ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ ഹരി നടരാജന്‍ പറഞ്ഞു.

എന്നാല്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയെയോ വ്യവസായത്തെയോ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയില്ലെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ഫാര്‍മക്സില്‍) ഡയറക്ടര്‍ ജനറല്‍ ആര്‍.ഉദയ് ഭാസ്‌കര്‍ പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍, ഇസ്രയേലിലേക്കുള്ള മരുന്നു കയറ്റുമതിയില്‍ ഗണ്യമായ കുതിച്ചുചാട്ടമുണ്ടായി. 92 ദശലക്ഷം ഡോളറിന്റെ വ്യാപാരമാണ് നടന്നത്. സ്ഥിരതയോടെ ഇസ്രയേലുമായുള്ള വ്യാപാരം വർധിച്ചുവരികയാണുതാനും. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇസ്രയേലിലേക്കുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി 9% വര്‍ധിച്ച് 57 ദശലക്ഷം ഡോളറിലെത്തിയിട്ടുണ്ട്.

പാലസ്തീനിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷത്തെ 1.94 ദശലക്ഷം ഡോളറില്‍നിന്ന് 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 41 ശതമാനം വര്‍ധിച്ച് 2.36 ദശലക്ഷം ഡോളറിലെത്തി. യുദ്ധം ഇരു പക്ഷത്തും മരുന്നുകളുടെ ആവശ്യം വര്‍ധിപ്പിക്കും. ഇവിടേക്കുള്ള മരുന്നുവിതരണം ഇന്ത്യക്ക് സാധ്യമാകുമോ എന്നും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. യുദ്ധം കാരണം വിതരണത്തില്‍ തടസം നേരിടാന്‍ സാധ്യതയുണ്ട്.