27 Sep 2023 7:04 AM GMT
Summary
- മരുന്നു ലഭ്യതയ്ക്കുള്ള തന്ത്രങ്ങള്‍ കമ്പനികള്‍ പരിഷ്‌ക്കരിക്കണം
- താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ പ്രധാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം
- ജനറിക്, ബയോസിമിലാര്‍ മരുന്നുകള്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളുടെ ജീവരക്ഷ
ആഗോളതലത്തില്‍ മരുന്നു ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മികച്ച അവസരമെന്ന് ആക്‌സസ് ടു മെഡിസിന്‍ ഫൗണ്ടേഷന്റെ ജനറിക് ആന്‍ഡ് ബയോസിമിലാര്‍ മെഡിസിന്‍സ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ടു പറയുന്നു. സിപ്ല, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികള്‍ക്ക് ഈ രംഗത്ത് മികവ് പുലര്‍ത്താന്‍ കഴിയുമെന്ന് റിപ്പോർട്ട് എടുത്തു പറയുന്നു.
ഉത്പന്ന രജിസ്‌ട്രേഷന്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ആക്‌സസ് സ്ട്രാറ്റജികള്‍ പരിഷ്‌കരിക്കുന്നതിലൂടെയും ഉപയോക്തൃ-സൗഹൃദ വിലനിര്‍ണ്ണയത്തിലൂടെയുമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയുക.
യുകെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ഡെവലപ്മെന്റ് ഓഫീസ്, ഡച്ച് വിദേശകാര്യ മന്ത്രാലയം, ലിയോണ എം, ഹാരി ബി ഹെല്‍ംസ്ലി ചാരിറ്റബിള്‍ ട്രസ്റ്റ്, എഎക്‌സ്എ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാര്‍ എന്നിവരുടെ ധനസഹായത്തോടെ ഈ കമ്പനികള്‍ അവരുടെ വിതരണ ശൃംഖല, പ്രാദേശിക ഉല്‍പ്പാദനം, ഗവേഷണം എന്നിവ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ (എല്‍എംഐസി) സുപ്രധാന ഔഷധങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനു ഇവരുടെ പ്രവര്‍ത്തനം സഹായിക്കും.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ അവശ്യമനുസരിച്ചുള്ള ഉത്പന്നങ്ങളിലേക്ക് എത്താന്‍ പ്രമുഖ ജനറിക്, ബയോസിമിലാര്‍ മരുന്ന് നിര്‍മ്മാതാക്കളായ ഹിക്മ, ടെവ വിയാട്രിസ്, ഇന്ത്യയുടെ സിപ്ല, സണ്‍ ഫാര്‍മ എന്നീ അഞ്ചു കമ്പനികളുടെ ശ്രമങ്ങളും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വലുപ്പം, സ്വാധീനം, ആഗോള ആരോഗ്യരംഗത്തെ ഇടപെടല്‍ എന്നിവ കണക്കിലെടുത്താണ് ഈ ഇന്ത്യന്‍ കമ്പനികളെ അവർ തിരഞ്ഞെടുത്തത്.
വിലയിരുത്തിയ രണ്ട് പ്രധാന ഇന്ത്യന്‍ കമ്പനികളായ സിപ്ലയ്ക്കും സണ്‍ ഫാര്‍മയ്ക്കും അവശ്യ മരുന്നുകളുടെ വിശാലമായ ശേഖരമുണ്ട്. താഴ്ന്ന, ഇടത്തരം വരുമാന രാജ്യങ്ങളിലെ മുന്‍ഗണനകളായി തിരിച്ചറിഞ്ഞ 102 ഉല്‍പ്പന്നങ്ങളില്‍, 90ശതമാനവും ഈ ഇന്ത്യന്‍ കമ്പനികളിലൊന്നിന്റെയെങ്കിലും ശേഖരത്തിന്‍റെ ഭാഗമാണ്.
ബ്രാന്‍ഡ്-നെയിം മരുന്നുകള്‍ക്കുള്ള പേറ്റന്റ് പരിരക്ഷയുടെ കാലാവധി കഴിഞ്ഞതിന് ശേഷം ഉല്‍പ്പാദിപ്പിക്കുന്ന തുല്യമായ, ചെലവ് കുറഞ്ഞ മരുന്നുകളാണ് ജനറിക്സ്. ബയോസിമിലറുകള്‍ വളരെ സാമ്യമുള്ളതും ചെലവ് കുറഞ്ഞതുമായ ബയോളജിക് മരുന്നുകളുടെ പതിപ്പുകളാണ്, അവ യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങളുമായി സാമ്യമുള്ളതാണ്. എന്നാല്‍ പേറ്റന്റ് കാലഹരണപ്പെട്ടാല്‍ വ്യത്യസ്ത നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്നു.
ജനറിക്, ബയോസിമിലാര്‍ മരുന്നുകള്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളുടെ ജീവരക്ഷാമരുന്നുകളാണെന്നും വിലകൂടിയ മരുന്നുകള്‍ക്ക് ചെലവ് കുറഞ്ഞ ബദലുകളാണെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ' മരുന്നുലഭ്യത വിപുലീകരിക്കുമ്പോള്‍ ജനറിക്‌സ് വ്യവസായത്തിന്റെ ശക്തി പലപ്പോഴും കുറച്ചുകാണുന്നു'ആക്‌സസ് ടു മെഡിസിന്‍ ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജയശ്രീ കെ അയ്യര്‍ പറഞ്ഞു.
108 രാജ്യങ്ങളില്‍ 89 എണ്ണത്തിലും വില്‍പ്പന നടത്തുന്ന ഈ കമ്പനികള്‍ക്ക് വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ സുസ്ഥിരമായ സാന്നിധ്യമുണ്ട്. ഈ രാജ്യങ്ങളിലെ നിയന്ത്രണ വെല്ലുവിളികളെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് അവരുടെ മരുന്നു ശേഖരത്തില്‍നിന്നു ഇത്തരം രാജ്യങ്ങളില്‍ കൂടുതല്‍ അവശ്യ ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതകള്‍ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. വരുമാനം കുറഞ്ഞ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.