9 Feb 2024 7:46 AM GMT
Summary
- അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചതായി ബയോകോണ്‍ ബയോളജിക്സ്
- ബയോകോണ്‍ ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ബയോകോണ്‍ ബയോളജിക്‌സ്
- ഓസ്ട്രേലിയയിലെ രോഗികള്‍ക്ക് ഈ ബന്ധം ഒരു നിര്‍ണായക ചുവടുവെപ്പാണ്
ഡല്‍ഹി: ഓസ്ട്രേലിയയില്‍ രണ്ട് കാന്‍സര്‍ ചികിത്സ ബയോസിമിലാര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വിതരണവും സംബന്ധിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സാന്‍ഡോസ് എജിയുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചതായി ബയോകോണ്‍ ബയോളജിക്സ് അറിയിച്ചു.
ബയോസിമിലറുകളായ ട്രാസ്റ്റുസുമാബ്, ബെവാസിസുമാബ് എന്നിവ ഓസ്ട്രേലിയയില്‍ പ്രോത്സാഹിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രത്യേക അവകാശം ഈ കരാറിലൂടെ ലഭിക്കുമെന്ന് ബയോകോണ്‍ ബയോളജിക്സ് പ്രസ്താവനയില്‍ പറഞ്ഞു.
ബയോകോണ്‍ ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ബയോകോണ്‍ ബയോളജിക്‌സ്.
കരാര്‍ പ്രകാരം, ബയോകോണ്‍ ബയോളജിക്സിന്റെ ബ്രാന്‍ഡുകളായ ഒഗിവ്രി (ട്രാസ്റ്റുസുമാബ്), അബേവ്മി (ബെവാസിസുമാബ്) എന്നിവ സാന്‍ഡോസ് വിതരണം ചെയ്യും. കൂടാതെ ഓസ്ട്രേലിയയിലെ രോഗികള്‍ക്ക് മുമ്പ് മറ്റൊരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വിതരണം ചെയ്തിരുന്ന ഈ മരുന്നുകള്‍ എത്തിക്കും.
ട്രാസ്റ്റുസുമാബ് ഹെര്‍സെപ്റ്റിന്റെ ബയോസിമിലറും ബെവാസിസുമാബ് അവസ്റ്റിന്റെ ബയോസിമിലറും വിവിധ ക്യാന്‍സറുകളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.
ജപ്പാനില്‍ സാന്‍ഡോസുമായുള്ള തന്ത്രപരമായ പങ്കാളിത്തം അടുത്തിടെ സ്ഥാപിച്ചതിന് ശേഷം, ഓസ്ട്രേലിയയിലെ സാന്‍ഡോസുമായുള്ള ഈ കരാര്‍ കമ്പനിയുടെ ആഗോള പങ്കാളിത്തത്തിന്റെയും വളര്‍ച്ചാ തന്ത്രത്തിന്റെയും മറ്റൊരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതായി ബയോകോണ്‍ ബയോളജിക്സിലെ അഡ്വാന്‍സ്ഡ് മാര്‍ക്കറ്റ്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ മാറ്റ് എറിക് പറഞ്ഞു.
ഓസ്ട്രേലിയയിലെ രോഗികള്‍ക്ക് ഈ ബന്ധം ഒരു നിര്‍ണായക ചുവടുവെപ്പാണ്. ഓങ്കോളജിയില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ബയോസിമിലാര്‍ മരുന്നുകളിലേക്കുള്ള തുടര്‍ച്ചയായ പ്രവേശനം ഇത് വഴി ഉറപ്പാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.