image

22 July 2023 5:07 AM

Industries

' Oppenheimer ' ക്ക് വമ്പിച്ച സ്വീകരണം; ഇന്ത്യയില്‍ ആദ്യദിനം കളക്റ്റ് ചെയ്തത് 13.50 കോടി രൂപ

MyFin Desk

 Oppenheimer  ക്ക് വമ്പിച്ച സ്വീകരണം; ഇന്ത്യയില്‍ ആദ്യദിനം കളക്റ്റ് ചെയ്തത് 13.50 കോടി രൂപ
X

Summary

  • ഇന്ത്യയില്‍ മികച്ച തുടക്കമാണ് ലഭിച്ചത്
  • കോമഡി-ഫാന്റസി ചിത്രമായ ' ബാര്‍ബി 'യ്‌ക്കൊപ്പമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറും റിലീസ് ചെയ്തത്
  • ബാര്‍ബി ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ കളക്റ്റ് ചെയ്തത് 5 കോടി രൂപ


ഭൗതികശാസ്ത്രജ്ഞനായ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ (J Robert Oppenheimer) ജീവിതത്തെ ആസ്പദമാക്കിയ ' ഓപ്പണ്‍ഹൈമര്‍ ' ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്.

ജുലൈ 21നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തത്.

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയില്‍ മികച്ച തുടക്കമാണ് ലഭിച്ചതെന്ന് ട്രേഡ് പോര്‍ട്ടലായ സാക്‌നില്‍ക് (Sacnilk) റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ ഈ ചിത്രം 13.50 കോടി രൂപ ആദ്യ ദിനത്തില്‍ മാത്രം കളക്റ്റ് ചെയ്തതായും സാക്‌നില്‍ക് പറഞ്ഞു.

യൂണിവേഴ്‌സല്‍ പിക്ചേഴ്സ്, സിന്‍കോപ്പി ഇന്‍ക്, അറ്റ്ലസ് എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഓപ്പണ്‍ഹൈമറില്‍ സിലിയന്‍ മര്‍ഫി (നായകന്‍), റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ളോറന്‍സ് പഗ്, എമിലി ബ്ലണ്ട്, മാറ്റ് ഡാമണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

' അമേരിക്കന്‍ പ്രൊമിത്യൂസ്: ദി ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ' ('American Prometheus: The Triumph and Tragedy of J Robert Oppenheimer' )എന്ന പേരിലുള്ള ജീവചരിത്ര പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹൈമര്‍ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിനു പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചിട്ടുള്ളതാണ്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള സുപ്രധാന ശ്രമം നടത്തിയത് മാന്‍ഹട്ടന്‍ പദ്ധതിയിലാണ്. ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയത് ഭൗതികശാസ്ത്രജ്ഞനായ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറായിരുന്നു.

പ്രേക്ഷകരില്‍നിന്നും സിനിമാ നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണു ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും അഭിനയിച്ച ഗ്രെറ്റ ഗെര്‍വിഗിന്റെ കോമഡി-ഫാന്റസി ചിത്രമായ ' ബാര്‍ബി 'യ്‌ക്കൊപ്പമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറും റിലീസ് ചെയ്തത്.

ബാര്‍ബി ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ കളക്റ്റ് ചെയ്തത് 5 കോടി രൂപയാണെന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പണ്‍ഹൈമര്‍, ബാര്‍ബി എന്നീ ചിത്രങ്ങളുടെ റിലീസോടെ മള്‍ട്ടിപ്ലക്‌സുകള്‍ക്കു നല്ല കളക്ഷന്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബെംഗളുരു, മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍നഗരങ്ങളില്‍, ഐമാക്‌സ് പോലുള്ള പ്രീമിയം മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളിലെ മിക്ക ഷോകള്‍ക്കുമുള്ള ടിക്കറ്റ് വിറ്റ് തീര്‍ന്നു.